
മുറിവുണക്കാന്‍ മഞ്ഞളിന് ശേഷി നല്‍കുന്നത് അതിലെ കുര്കുമിന് (curcumin) എന്ന രാസവസ്തുവാണ്. സന്ധിവാതം, മേധാക്ഷയം (ഡിമെന്‍ഷ്യ) തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഈ രാസവസ്തു ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്. അതിനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്. അതിനിടയിലാണ്, കുര്കുമിന് ഉപയോഗിച്ച് അര്‍ബുദകോശങ്ങള്‍ നശിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍.
അയര്‍ലന്‍ഡില്‍ കോര്‍ക്ക് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. അര്‍ബുദകോശങ്ങളുപയോഗിച്ച് പരീക്ഷണശാലയില്‍ നടത്തിയ പഠനത്തില്‍, മഞ്ഞളിലെ രാസവസ്തു രോഗബാധിത കോശങ്ങളെ നശിപ്പിക്കുന്നതായി തെളിഞ്ഞതായി പഠനറിപ്പോര്‍ട്ട് പറയുന്നു. അന്നനാളത്തിലെ അര്‍ബുദകോശങ്ങളുപയോഗിച്ചായിരുന്നു പരീക്ഷണം.
വെറും 24 മണിക്കൂറിനുള്ളില്‍ തന്നെ അര്‍ബുദകോശങ്ങളെ നശിപ്പിച്ചു തുടങ്ങാന്‍ കുര്കുമിന് കഴിവുണ്ടെന്നാണ്, ഡോ. ഷാരോണ്‍ മക്കെന്നയുടെ നേതൃത്ത്വത്തില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞത്. കോശങ്ങള്‍ക്ക് മരിക്കാനുള്ള സിഗ്നല്‍ നല്‍കുകയാണ് കുര്കുമിന് ചെയ്യുക. അതോടെ അര്‍ബുദകോശങ്ങള്‍ നശിക്കാനാരംഭിക്കുന്നു.
മഞ്ഞള്‍ പോലെ പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്ന് അര്‍ബുദത്തിന് പുതിയ ചികിത്സ കണ്ടെത്താന്‍ വഴിതുറക്കുന്നതാണ് ഈ പഠനമെന്ന് കാന്‍സര്‍ റിസര്‍ച്ച് യു.കെ.യിലെ ഡോ. ലെസ്ലീ വാക്കര്‍ അഭിപ്രായപ്പെട്ടു. 'അതുകൊണ്ട് വളരെ താത്പര്യമുണര്‍ത്തുന്ന പഠനമാണിത്'.
'ദൂര്‍മേദസ്സും മദ്യപാനവും മൂലം 1970-കള്‍ മുതല്‍ അന്നനാളത്തിലെ അര്‍ബുദബാധ പകുതിയിലേറെ വര്‍ധിച്ചിരിക്കുകയാണ്. ആ നിലയ്ക്ക്, അതിന് ചികിത്സ കണ്ടെത്തുകയെന്നത് പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ്'- ഡോ. ലെസ്ലീ വാക്കര്‍ അറിയിക്കുന്നു. (അവലംബം: ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സര്‍)
ജോസഫ് ആന്റണി