
സൂര്യപ്രകാശമേറ്റുണ്ടാവുന്ന കരിവാളിപ്പിനു തക്കാളിനീര് ബെസ്റ്റാണ്. വെയിലു കൊണ്ടുവന്ന ഉടനെ ഇതങ്ങ് പ്രയോഗിക്കണം. കറുത്തപാടുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് അരച്ച് ഒരു സ്പൂണ്‍ തൈരില്‍ ചേര്‍ത്ത് പുരട്ടാം.
വേനലില്‍ മേക്കപ്പ് മിതമെന്നാണെങ്കിലും പൂര്‍ണമായി ഒഴിവാക്കാനാവത്ത അവസരങ്ങളുമുണ്ടാവും. ഒലിച്ചിറങ്ങി കരിംഭൂതമാവാതിരിക്കാന് വാട്ടര്‍പ്രൂഫ് സാധനങ്ങള്‍തന്നെ ചോദിച്ചുവാങ്ങാന്‍ മറക്കരുത്. എണ്ണമയ ചര്‍മക്കാര്‍ക്ക് പാല്‍ക്കേക്ക് ടൈപ്പ് വാട്ടര്‍പ്രൂഫ് ഇനങ്ങളാണ് ഉപയോഗിക്കേണ്ടത്. വരണ്ട, സാധാരണ ചര്മക്കാര്ക്കെല്ലാം പാല്സ്റ്റിക് ടൈപ്പാണ് അഭികാമ്യം.
വിയര്‍പ്പും അഴുക്കും ഒരുമിച്ചാല്‍ സൂചികുത്താന്‍ ഇടമില്ലാത്തവിധം മുഖക്കുരു കയറി ആക്രമിക്കും. എപ്പോഴും മുഖം വൃത്തിയാക്കിവെക്കാന്‍ ശ്രദ്ധിക്കണം. ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഇടയ്ക്കിടെ കഴുകി തുടയ്ക്കുക.തുളസിയില, പുതിനയില എന്നിവയരച്ച് ചെറുനാരങ്ങാനീരില് ചേര്‍ത്ത് പുരട്ടിയാല്‍ മുഖക്കുരു മാറും. പേരയ്ക്കയില, മഞ്ഞള്‍ എന്നിവ അരച്ചിടുന്നതും മുഖക്കരുവിനു ഫലപ്രദമാണ്. വീട്ടിലുള്ള ഏതു പഴവും അസല്‍ ഫേഷ്യലാക്കി മാറ്റാം. പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ അരച്ച് പാക്കാക്കി പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ ബ്ലീച്ചിങ് എഫക്ടുമായി, ചര്‍മം മൃദുലവുമാകും.
30 വയസ്സിനു താഴെയുള്ളവര്‍ മാസത്തിലൊരിക്കല്‍ ഫേഷ്യല്‍ ചെയ്താല്‍മതി. അതിനു മുകളിലുള്ളവര്‍ക്ക് മാസത്തില്‍ രണ്ടുതവണയാവാം. ഒരിക്കല്‍ ബ്യൂട്ടിപാര്ലറില്നിന്നാണെങ്കില് അടുത്തത് വീട്ടില്‍ത്തന്നെ പഴപ്രയോഗം മതി.
സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ സണ്പ്രൊട്ടക്ടിവുകള് ഉപയോഗിക്കാം. കൂടുതല്‍ സമയം വെയില്‍കൊള്ളുന്നവര്‍ക്ക് എസ്.ടി.എഫ്. 30-ഉം കുറച്ചു സമയമാണെങ്കില്‍ 15-ഉം മതി. എണ്ണമയമുള്ളവര്‍ ക്രീമിനു പകരം ജെല്‍ രൂപത്തിലുള്ളത് തിരഞ്ഞെടുക്കണം. ക്രീം മുഖക്കുരു ഉണ്ടാക്കിയേക്കും.
വിവരണങ്ങള്‍ക്ക് കടപ്പാട്:
ദീപാഹരി, ഫെതര്‍ടച്ച്, പൊറ്റമ്മല്‍