goodnews head

പാവപ്പെട്ടവരുടെ കണ്ണീര്‍ തുടച്ച്...

Posted on: 12 May 2010


ബാംഗ്ലൂര്‍: പി.യു. പരീക്ഷയില്‍ ഉന്നതവിജയം നേടിയ മൈത്രി വാസുദേവും ലോകാനന്ദ് പ്രസന്നയും സന്തോഷം പങ്കിട്ടവഴി പലര്‍ക്കും മാതൃകയാണ്. രാജരാജേശ്വരി നഗറിലെ ശ്രീ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റില്‍ മുന്നൂറിലധികം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിയാണ് ഇവര്‍ വിജയത്തിന്റെ സന്തോഷം പങ്കിട്ടത്. എസ്.എസ്.എല്‍.സി., പി.യു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ വിനോദയാത്രയും തീര്‍ഥാടനവും നടത്തി വിജയം ആഘോഷിക്കുമ്പോഴാണ് പലരും മുഖംതിരിക്കുന്ന മാനവിക കാരുണ്യത്തിലേക്ക് ഇവരുടെ ശ്രദ്ധ പതിയുന്നത്. ''മഹാനഗരത്തില്‍ ഒരുനേരം ഭക്ഷണം കിട്ടാത്തവര്‍ ധാരാളമുണ്ട്. ഇവര്‍ക്ക് ഭക്ഷണം നല്‍കുമ്പോഴുള്ള സന്തോഷം സുഹൃത്തുക്കളോടൊപ്പം ചെലവിടുമ്പോള്‍ ലഭിക്കില്ല''-മൈത്രി വാസുദേവ് പറഞ്ഞു.

എസ്.ആര്‍.എന്‍. ആദര്‍ശ് ജെയിന്‍ കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന മൈത്രിക്ക് പി.യു. പരീക്ഷയില്‍ 89 ശതമാനം മാര്‍ക്ക് ലഭിച്ചു. ജയനഗര്‍ സ്വദേശിയും സോഫ്റ്റ്‌വേര്‍ എന്‍ജിനീയറുമായ മായ വാസുദേവന്റെ മകളാണ് മൈത്രി വാസുദേവ്. ഉന്നതവിജയം നേടിയമകള്‍ ആഗ്രഹം അറിയിച്ചപ്പോള്‍ വാസുദേവന് അതു തള്ളിക്കളയാനും കഴിഞ്ഞില്ല. രാജരാജേശ്വരി നഗറില്‍ പ്രസന്നയുടെ മകന്‍ കോലകാനന്ദ് മഹാവീര്‍ ജെയിന്‍ കോളേജില്‍നിന്ന് 75 ശതമാനം മാര്‍ക്കോടെയാണ് പി.യു.പരീക്ഷ വിജയിച്ചത്.

കോളേജ് വിട്ട് വരുമ്പോള്‍ ഓരോ ദിവസവും അന്നദാനത്തിനായി പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുന്നില്‍ കാത്തു നില്‍ക്കുന്നവരെ കാണാറുണ്ട്. അന്നുമുതല്‍ മനസ്സിലുള്ള ആഗ്രഹമായിരുന്നു ഒരു നേരത്തെ അന്നദാനം-ലോകാനന്ദ് പറഞ്ഞു. വിജയം ആഘോഷിക്കാന്‍ പലരും എത്ര പണമാണ് ചെലവഴിക്കുന്നത്. അനാവശ്യമായി ചെലവാക്കുന്ന പണത്തിന്റെ ചെറിയ ഒരു ഭാഗമെങ്കിലും പാവപ്പെട്ടവര്‍ക്കായി മാറ്റി വെച്ചു കൂടെ-ലോകാനന്ദിന്റെ ചോദ്യം സമൂഹ മനസ്സാക്ഷിക്കു നേരെയാണ്. 2006ല്‍ തുടങ്ങിയ ശ്രീ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റില്‍ ഓരോ ദിവസവും പാവപ്പെട്ടവര്‍ക്കായി അന്നദാനം നടക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് പരീക്ഷാ വിജയം പങ്കിടാന്‍ അന്നദാനം നടത്താനായി വിദ്യാര്‍ഥികള്‍ മുന്നോട്ടു വരുന്നതെന്ന് ട്രസ്റ്റ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു പലര്‍ക്കും മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

 

 




MathrubhumiMatrimonial