ഒരു പൂരത്തിന്റെ ഓര്‍മ്മ മരണത്തിന്റെയും

Posted on: 24 Apr 2010

കമല്‍





തെക്ക് കോട്ടപ്പുറം പുഴയ്ക്കപ്പുറം എറണാകുളം ജില്ല. എന്റെ കുട്ടിക്കാലത്ത് കോട്ടപ്പുറം പുഴയ്ക്ക് പാലമില്ല. ബോട്ടില്‍ പുഴ കടന്ന് ബസ്സ് കയറി പറവൂര്‍ ആലുവ വഴി എറണാകുളത്ത് പോവുക എന്നത് അന്നൊക്കെ വിദേശ രാജ്യത്ത് പോകുന്നതുപോലെ വിദൂരസ്വപ്നം. അതുകൊണ്ട് കുട്ടിക്കാലത്തെ ഞങ്ങളുടെ സ്വന്തം നഗരം തൃശ്ശൂരാണ്.

ആദ്യത്തെ തൃശ്ശൂര്‍ പൂരം ബാപ്പയുടെ ചുമലിലിരുന്ന് കണ്ടശേഷം ഞാനും എന്റെ അനിയനും കൂടെയുണ്ടായിരുന്ന കസിന്‍ മുജീറും അയല്‍വാസിയായ കൂട്ടുകാരന്‍ സുഖായി യൂസഫും (സുഖായി എന്നത് കൂട്ടുകാരന്റെ കളിപ്പേരാണ്) ഒരുമിച്ചുചേര്‍ന്ന് ഒരു പ്രതിജ്ഞയെടുത്തു. ഇനി എല്ലാ സ്‌കൂള്‍ പൂട്ടിനും മുടങ്ങാതെ തൃശ്ശൂര്‍ പൂരം കാണാന്‍ പോവുകതന്നെ ചെയ്യും. രണ്ടാം ക്ലാസിലെ കൊല്ലപ്പരീക്ഷ കഴിഞ്ഞ് പൂരത്തിനായുള്ള കാത്തിരിപ്പ്. ഒടുവില്‍ പൂരമെത്തിയപ്പോള്‍ ബാപ്പയുടെ വക ഉടക്ക്. കഴിഞ്ഞ കൊല്ലം കൊണ്ടുപോയതല്ലേ... ഇത്തവണ പറ്റില്ല. വാശി പിടിച്ചു, അലറിക്കരഞ്ഞു, അത്താഴപ്പട്ടിണി കിടന്നു, ഉമ്മയെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ചു എന്നിട്ടും ബാപ്പ കുലുങ്ങിയില്ല. പൂരപ്പുലരി പുലര്‍ന്നു. ഉറക്കമുണര്‍ന്നപ്പോള്‍ തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന അനിയന് നല്ല പനി. അവന്‍ വരില്ലെന്നുറപ്പായി. ആകെ നിരാശയോടെ ഉമ്മറത്ത് ചെല്ലുമ്പോള്‍ തറവാടിന്റെ അതിരില്‍ പാര്‍ക്കുന്ന അയ്യപ്പപ്പുലയനും ഭാര്യ ചക്കിയും മകള്‍ വള്ളിയും വള്ളിയുടെ പുതുമണവാളന്‍ വള്ളോനും പൂരത്തിനുപോകാന്‍ കുളിച്ചൊരുങ്ങി മുറ്റത്തുനില്കുന്നു. എന്റെ മുഖഭാവം ശ്രദ്ധിച്ച വള്ളി പറഞ്ഞു. ''ഉണ്ണിയെ ഞാങ്കൊണ്ടോവാം''- അതിനു ബാപ്പ സമ്മതിച്ചില്ല.

അപ്പോഴാണ് ദൈവദൂതനെപ്പോലെ എന്റെ ബാപ്പയുടെ അനിയന്‍ (യൂസഫ് എളാപ്പ) പ്രത്യക്ഷപ്പെടുന്നത്. ഒരു വിശേഷവാര്‍ത്തയുമായിട്ടാണ് അദ്ദേഹത്തിന്റെ വരവ്. മതിലകത്തുനിന്ന് പുറപ്പെട്ട് തൃശ്ശൂര്‍ക്ക് നേരിട്ട് പോകുന്ന ഒരു പുതിയ ബസ്സ് സര്‍വീസ് ആരംഭിക്കുന്നു. ബസ്സിന്റെ പേര് കാരാഞ്ചിറത്തോപ്പ്. എടമുട്ടം- കാരാഞ്ചിറ വഴി തൃശ്ശൂര്‍ക്ക്. അതിന്റെ കന്നിയാത്ര രാവിലെ പതിനൊന്ന് മണിക്ക് മതിലകം അങ്ങാടിയില്‍നിന്ന്. പന്ത്രണ്ടരയ്ക്ക് തൃശ്ശൂരെത്തും. പൂരം കാണാന്‍ ആ ബസ്സില്‍ കയറി എളാപ്പ പോകുന്നുവത്രെ! പ്രതീക്ഷയോടെ ഞങ്ങള്‍ എളാപ്പയെ നോക്കി. ഞങ്ങളുടെ ആഗ്രഹം തിരിച്ചറിഞ്ഞപോലെ എളാപ്പ മൊഴിഞ്ഞു. ''ഇവരും പോന്നോട്ടെ എന്റെ കൂടെ''. ഞങ്ങള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. പക്ഷേ, എളാപ്പയോടൊപ്പം ഞങ്ങളെ പറഞ്ഞയയ്ക്കാന്‍ ബാപ്പായ്ക്ക് താല്പര്യമില്ല. എളാപ്പ ആളൊരു ജോളി ടൈപ്പാണ്. ഉത്സവപ്പറമ്പിലൊക്കെ ചെന്നാല്‍ ആളൊന്ന് 'മിനുങ്ങും' (ബാപ്പയുടെ കണ്ണില്‍ ഞങ്ങളുടെ തറവാട്ടിലെ 'മുടിയനായ പുത്രന്‍'), ഒരു കാരണവശാലും എളാപ്പയുടെ കൂടെ ഞങ്ങളെ അയയ്ക്കില്ലെന്ന് ബാപ്പ കട്ടായം പറഞ്ഞു. ഞാന്‍ പൊട്ടിക്കരഞ്ഞു. നിവര്‍ത്തിയില്ലാതെ ബാപ്പ ഞങ്ങളേയും കൂട്ടി അങ്ങാടിയില്‍ നിര്‍ത്തിയിട്ട 'കാരാഞ്ചിറത്തോപ്പി'ന് സമീപമെത്തി. ബസ്സിന്റെ കന്നിയാത്ര. ധാരാളം ആളുകളുണ്ട്. എളാപ്പ മുന്‍കൂട്ടി സീറ്റ് പിടിച്ചിരിക്കുന്നു. ബാപ്പ മനസ്സില്ലാ മനസ്സോടെ ഞങ്ങളെ എളാപ്പയോടൊപ്പം വിട്ടു.

തൃശ്ശൂരിലെത്തിയപ്പോള്‍ എളാപ്പയുടെ ചോദ്യം പൂരം വേണോ മേളം വേണോ? സിനിമ വേണോ? സിനിമ മതിയെന്ന് ഞാന്‍. സത്യനും പ്രേംനസീറും മധുവും ഒരുമിച്ച് അഭിനയിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ- മൂന്ന് പൂക്കള്‍. ആവേശത്തോടെ സ്‌ക്രീനിലേയക്ക് കണ്ണുംനട്ട് ഇരിക്കുമ്പോള്‍ കാതില്‍ എളാപ്പയുടെ ശബ്ദം... ഞാന്‍ മേളത്തിന്റെയവിടെവരെ ഒന്ന് പോയി വരാം. മേളം കണ്ടില്ലെങ്കി എന്ത് പൂരം. ഞങ്ങളെ തനിച്ചാക്കി എളാപ്പ തീയേറ്റില്‍നിന്ന് വെളിയിലിറങ്ങുമ്പോള്‍ ബാപ്പ സൂചിപ്പിച്ചപോലെ ഒന്ന് 'മിനിങ്ങാ'തെ എളാപ്പ പൂരം പൊടിപൂരമാവില്ലെന്ന് കുട്ടികളായ ഞങ്ങള്‍ എങ്ങനെ മനസ്സിലാക്കാന്‍!

ഇന്‍റര്‍വെല്‍ കഴിഞ്ഞു. പടം ക്ലൈമാക്‌സിനടുക്കുന്നു. പോയ എളാപ്പ തിരിച്ചുവന്നിട്ടില്ല. സ്‌ക്രീനില്‍ വിഷാദ ഭാരത്തില്‍ അലഞ്ഞുനടക്കുന്ന നായകനായ സത്യന്‍-പശ്ചാത്തലത്തില്‍ ജയചന്ദ്രന്റെ ശബ്ദത്തില്‍ അശരീരി ഗാനം-'വിണ്ണിലിരുന്നുള്ള ദൈവമോ? മണ്ണിതില്‍ ഇഴയുന്ന മനുഷ്യനോ? അന്ധനാര്...ഇപ്പോള്‍ അന്ധനാര്...' മേളത്തിന്റെ ലഹരിയില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവില്‍ താളമിട്ട് ഉറഞ്ഞുതുള്ളുകയാണ് എളാപ്പയെന്ന് ഞങ്ങള്‍ കരുതവെ സ്‌ക്രീനില്‍ അക്ഷരങ്ങള്‍- ശുഭം.

പരിഭ്രമത്തോടെ തീയേറ്ററില്‍നിന്ന് വെളിയിലിറങ്ങിയ ഞങ്ങള്‍ എളാപ്പയെ തിരഞ്ഞു. ഇല്ല, കാണാനില്ല. കടന്നുപോകുന്ന ഓരോ മുഖങ്ങളിലും ഉറ്റുനോക്കി എളാപ്പയില്ല. വിതുമ്പിക്കരഞ്ഞ് കാണുന്നവരോടൊക്കെ ഞങ്ങള്‍ എളാപ്പയെപ്പറ്റി ചോദിച്ചു. ആള്‍ക്കൂട്ടം ഞങ്ങളെ ഗൗനിച്ചില്ല. ഇലഞ്ഞിത്തറയിലും എളാപ്പയില്ല.

സന്ധ്യയുടെ ആകാശത്ത് സ്വര്‍ണ്ണത്തിടമ്പുകള്‍ക്ക് മുകളില്‍ വര്‍ണ്ണവിസ്മയങ്ങളുടെ കുടകളുയര്‍ന്നു. പകച്ചുനില്ക്കുന്ന ഞങ്ങളുടെ മുമ്പില്‍ പൂരപ്പെരുമയുടെ ഗജവീരന്മാര്‍ നിരുന്നുനിന്നു. ചാനലില്‍ ലൈവും വീഡിയോ ക്യാമറകളുമില്ലാത്ത കാലത്തെ പൂരത്തിന്റെ ആ വിസ്മയദൃശ്യങ്ങള്‍ പക്ഷേ, ഞങ്ങളുടെ കുരുന്നു മനസ്സുകളില്‍ ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമപോലെ നിറംകെട്ട് നിന്നു. ഇരുട്ടിന്റെ മാദക ഭംഗിയിലേക്ക് പൂരം വേഷം മാറിയപ്പോള്‍ കുടമാറ്റം കഴിഞ്ഞ് വീണ്ടും ജനക്കൂട്ടം ചിന്നിച്ചിതറിയിരുന്നു. വഴിയറിയാതെ വിശന്നുതളര്‍ന്ന് സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തും പിന്നെ ഞങ്ങള്‍ എളാപ്പയെ തിരഞ്ഞു.

വീട്ടിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ചോര്‍ത്തപ്പോള്‍ പേടിയായി. എങ്ങനെ പോകും. കയ്യില്‍ പൈസയില്ല. പരിചയമുള്ള ഒരു മുഖം പോലുമില്ല. വിശന്ന് തളര്‍ന്നപ്പോള്‍ മൈതാനത്ത് കെട്ടിയുയര്‍ത്തിയ താല്‍ക്കാലിക ചായക്കടയുടെ സമീപം കൈകഴുകുവാന്‍ വെച്ചിരുന്ന പാത്രത്തില്‍നിന്ന് കടക്കാരനറിയാതെ വെള്ളം കോരിയെടുത്ത് കുടിച്ചു. ജീവിതത്തില്‍ അതുവരെ കുടിച്ച സര്‍ബത്തുകളേക്കാളൊക്കെ 'മധുരിക്കുന്ന' വെള്ളം.

വെടിക്കെട്ടിന് മുന്‍പുള്ള ഇടവേളയില്‍ തേക്കിന്‍കാട് മൈതാനത്തെ മരച്ചുവടുകളില്‍ വിശ്രമിക്കുന്ന മനുഷ്യക്കൂട്ടങ്ങളുടെ ഇടയില്‍ ചുരുണ്ടുകൂടി ഞങ്ങളും കിടന്നു.

ഇരുട്ടില്‍, ഉറക്കത്തിനിടയിലെപ്പോഴോ കണ്ണുമിഴിച്ചപ്പോള്‍, തൊട്ടടുത്തുകേട്ട ഏതോ ശീല്‍ക്കാര ശബ്ദത്തോടൊപ്പം അരണ്ട വെളിച്ചത്തില്‍ കണ്ട 'അവ്യക്തദൃശ്യം' അന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും 'പൂരക്കാഴ്ച' കളില്‍ ഇങ്ങനെയും ചിലതുണ്ടെന്ന് പില്ക്കാലത്ത് മനസ്സിലായി. കാതടപ്പിക്കുന്ന ശബ്ദംകേട്ട് ഞെട്ടിയുണരുമ്പോള്‍ ആകാശത്ത് അമിട്ടുകള്‍ പൊട്ടിച്ചിതറി വര്‍ണ്ണമഴ...



MathrubhumiMatrimonial