ആനയ്ക്കായി മരുന്നുകട

Posted on: 24 Apr 2010




ആനകളെ സംബന്ധിച്ച് തൃശ്ശൂരില്‍ ഇല്ലാത്തത് അതുമാത്രമായിരുന്നു- ഒരു മരുന്നുകട. അതിന്റെ കുറവും ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു. ആനയുടമസ്ഥസംഘം വിവിധോദ്ദേശ്യ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് തിരുവമ്പാടി ദേവസ്വം ബില്‍ഡിങ്‌സില്‍ നീതി സ്റ്റോര്‍ തുറന്നത്. 10 ശതമാനം മുതല്‍ വിലക്കുറവില്‍ മരുന്നുകള്‍ നല്‍കും.

മറ്റ് മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തന്നെയാണ് മിക്ക രോഗങ്ങള്‍ക്കും ആനയ്ക്കും നല്‍കുന്നത്. പക്ഷെ അളവ് വളരെ കൂടുതലാണ്. ഗ്ലൂക്കോസ് ആണെങ്കില്‍ 30 കുപ്പിയെങ്കിലും കുറഞ്ഞത് വേണം. ചൂടുകാലത്ത് നല്‍കാനുള്ള കാല്‍ബറോള്‍ തുടങ്ങിയ അലോപ്പതി മരുന്നുകള്‍ മാത്രമല്ല, എരണ്ടകെട്ടിനുള്ള 'രുചമാക്‌സ്' തുടങ്ങിയ ഹസ്ത്യായുര്‍വേദ മരുന്നുകളും ലഭ്യമാണ്. കുത്തിവെപ്പിനുള്ളവയുമുണ്ട്. ഇനി ആനയെ മയക്കുവെടിവെയ്ക്കാനുള്ള മരുന്നു വേണോ? അതും നീതിസ്റ്റോറില്‍ ഉണ്ട്. ആന ഡോക്ടറുടെ സേവനവും ലഭിക്കും. ആസന്നനിലയിലുള്ള ആനകളെ സ്ഥലത്തുപോയി ചികിത്സിക്കാനും തയ്യാര്‍. ഉടമസംഘത്തിന്റെ എലിഫന്‍റ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ഈ പ്രവര്‍ത്തനം. ആനകള്‍ക്കുള്ള ച്യവനപ്രാശം തുടങ്ങിയവയും ഇവിടെ കിട്ടും.

എന്നാല്‍ ആനകള്‍ക്ക് മാത്രമായുള്ളതല്ല ഈ മരുന്നുകട. മനുഷ്യര്‍ക്കുവേണ്ടവയും ആവശ്യാനുസരണം ലഭിക്കും. ആനയ്ക്കുമാത്രമായി മരുന്നുകട തുടങ്ങിയാല്‍ മുതലാവില്ല. പക്ഷേ കരിവീരന്മാര്‍ക്ക് എന്തെങ്കിലും ചികിത്സ വേണ്ടിവന്നാല്‍ ഓടിയെത്താവുന്ന ഒരു സ്ഥലംതന്നെ ഈ സ്റ്റോര്‍.



MathrubhumiMatrimonial