
പൂരക്കാഴ്ചകളിലൂടെ ഒരു യാത്ര
Posted on: 19 Apr 2010

രണ്ടാംവിള കൃഷി കഴിഞ്ഞ് വിജനമായ പാടശേഖരങ്ങള്‍. മഴക്കാലത്തിന്റെ പച്ചപ്പുകള്‍ മാഞ്ഞ് ഗ്രാമങ്ങള്‍ വേനലിന്റെ കനല്‍ച്ചൂടിലേക്ക് വഴുതിവീഴാനൊരുങ്ങി നില്‍ക്കുന്ന കാലം. അവിടെ തുടങ്ങുകയായി മലയാളിയുടെ പൂരാഘോഷങ്ങള്‍. കന്നിമാസത്തിലെ തിരുവില്വാമല നിറമാലയാണ് ഒരുവര്‍ഷത്തെ ഉത്സവങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്. ഇതിനിടയില്‍ത്തന്നെ നാട്ടുപൂരങ്ങളുടെ കേളികൊട്ട് ആരംഭിച്ചിരിക്കും.
മധ്യകേരളത്തിലെ നാട്ടുപൂരങ്ങള്‍ക്കാണ് ആഘോഷപ്പൊലിമയേറുക. തലപ്പൊക്കമുള്ള എണ്ണംപറഞ്ഞ ഗജകേസരികള്‍, കൈത്തഴക്കം വന്ന മേളപ്രമാണികള്‍, സര്‍വ്വോപരി എല്ലാം മറന്ന് ആഘോഷിക്കുന്ന പൂരപ്രേമികള്‍... എല്ലാം പൂരപ്പറമ്പുകളെ അലങ്കരിക്കുന്ന കാഴ്ചകള്‍ തന്നെ.
വേനലിന്റെ തുടക്കത്തില്‍ ഗ്രാമങ്ങളിലെ ചെറുപൂരങ്ങളില്‍ തുടങ്ങി ഉത്രാളിക്കാവിലൂടെയും തിരുമാന്ധാംകുന്നിലൂടെയും ആറാട്ടുപുഴയിലൂടെയും നെന്മാറ-വല്ലങ്ങിയിലൂടെയും കറങ്ങിനടന്ന പൂരം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് തൃശ്ശൂര്‍ നഗരത്തിലെത്തുമ്പോഴാണ്.
മേട മാസത്തിലെ പൂരം നക്ഷത്രം. ലോകത്ത് എവിടെയായിരുന്നാലും മലയാളിയുടെ കണ്ണും കാതും മനസ്സും മധ്യകേരളത്തിലെ ഒരു പട്ടണത്തിലെത്തുന്ന സുദിനം. ഒരു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ വന്നെത്തുന്ന അന്നാണ് ആഘോഷത്തിന്റെ കലാശക്കൊട്ട്. പൂരങ്ങളുടെ പൂരമെന്ന് പറഞ്ഞുപതിഞ്ഞ സാക്ഷാല്‍ തൃശ്ശൂര്‍ പൂരം. വിശേഷണങ്ങളില്‍ ഒതുക്കി നിര്‍ത്താനാവാത്ത ആ ആഘോഷപ്പെരുമ നെഞ്ചേറ്റാന്‍ മനസ്സു കൊണ്ടെങ്കിലും തൃശ്ശൂരിലെത്താത്ത മലയാളികളുണ്ടാവില്ല. ഏപ്രില്‍ 24നും 25നും നടക്കുന്ന ഇത്തവണത്തെ പൂരത്തെ വരവേല്‍ക്കാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു.
തിരുവമ്പാടിയും പാറമേക്കാവും മത്സരബുദ്ധ്യാ പങ്കെടുക്കുന്ന പൂരത്തിന്, മഞ്ഞും വെയിലും കൊള്ളാതെ പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനു മുന്നിലേക്ക് എഴുന്നള്ളുന്നതോടെയാണു തുടക്കമാവുക. തുടര്‍ന്ന് ചെറുപൂരങ്ങളുടെ വരവും ആരംഭിക്കും. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ രണ്ടു നൂറ്റാണ്ട് മുമ്പ് ആരംഭിച്ചതാണ് തൃശ്ശൂര്‍ പൂരമെന്ന് കരുതപ്പെടുന്നു.
മഠത്തില്‍ വരവ്
തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളിപ്പ് ബ്രഹ്മസ്വം മഠത്തില്‍ ഇറക്കിയതിനു ശേഷമുള്ള എഴുന്നള്ളിപ്പാണ് മഠത്തില്‍ വരവ്. മഠത്തില്‍ വരവിലെ പഞ്ചവാദ്യം ലോകപ്രശസ്തമാണ്. മഠത്തില്‍ വരവ് ഘോഷയാത്രയ്‌ക്കൊടുവില്‍ പാണ്ടിമേളത്തിനു കോലു വീഴും.
ഇലഞ്ഞിത്തറമേളം
പാറമേക്കാവ് വിഭാഗത്തിന്റെ പ്രധാന മേളം. മുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം അരങ്ങേറുന്നത് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ്. പടര്‍ന്നുപന്തലിച്ചു നിന്നിരുന്ന ഇലഞ്ഞിയുടെ ചുവട്ടില്‍ നടന്നിരുന്ന മേളമായതിനാല്‍ ഈ പേര് കൈവന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ആരംഭിക്കുന്ന മേളം രണ്ടര മണിക്കൂര്‍ നീളും.
കുടമാറ്റം
തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ ഇനമാണ് കുടമാറ്റം. ഇലഞ്ഞിത്തറമേളം കഴിഞ്ഞ് പാറമേക്കാവ് വിഭാഗത്തിന്റെ തെക്കോട്ടിറക്കം. മഹാരാജാവിന്റെ പ്രതിമയെ വലംവെച്ച് പാറമേക്കാവ്് എത്തുമ്പോഴേക്കും തിരുവമ്പാടിക്കാര്‍ വടക്കുന്നാഥനെ വണങ്ങി കുടമാറ്റത്തിനു തയ്യാറായി നില്‍പ്പുണ്ടാവും. വെയില്‍ മായുംമുമ്പേ, നടുവില്‍ ജനസഹസ്രങ്ങളെ സാക്ഷിയാക്കി പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ കുടമാറ്റം തുടങ്ങുകയായി. ആലവെട്ടവും വെഞ്ചാമരവുമേന്തി, നെറ്റിപ്പട്ടം കെട്ടി നില്‍ക്കുന്ന ഗജകേസരികള്‍ക്കു മുകളില്‍, അത്യന്തം വാശിയോടെ അരങ്ങേറുന്ന വര്‍ണക്കുടകളുടെ നിറച്ചാര്‍ത്തില്‍ 30-40 സെറ്റ് കുടകള്‍ വീതം മിഴിതുറക്കും.
വെടിക്കെട്ട്
മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും കഴിഞ്ഞാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണം പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടാണ്. മഠത്തില്‍വരവിലൂടെയും ഇലഞ്ഞിത്തറമേളത്തിലൂടെയും ഭൂമിയില്‍ തുടങ്ങി കുടമാറ്റത്തിലൂടെ നിലംവിടുന്ന ആവേശവും ആസ്വാദനവും പരകോടിയിലെത്തുന്നത് വെടിക്കെട്ട് വാനിലുയര്‍ത്തുന്ന വിസ്മയക്കാഴ്ചകളോടെയാണ്. ഉറങ്ങാതെ കാത്തിരിക്കുന്ന കാണികള്‍ക്കു മുന്നില്‍ ആവേശത്തിന്റെ ആദ്യ തിരി പുലര്‍ച്ചെ മൂന്നു മണിയോടെ കൊളുത്തും. കരിമരുന്നിന്റെ ആ കലാപ്രകടനം രണ്ടര-മൂന്നു മണിക്കൂര്‍ നീളും.
തലേദിവസത്തേതില്‍നിന്നുള്ള തുടര്‍ച്ചയെന്നോണം പിറ്റേന്നു നടക്കുന്ന പൂരാഘോഷങ്ങള്‍ക്ക് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ സമാപ്തി കുറിക്കും.
ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി ആവര്‍ത്തിക്കുമ്പോഴും പൂരങ്ങള്‍ മലയാളിക്ക് മടുപ്പ് സമ്മാനിക്കുന്നില്ല. ആവര്‍ത്തനത്തിന്റെ അതിസൗന്ദര്യവുമായി വീണ്ടുംവീണ്ടും അവ കേരളീയന്റെ ഗൃഹാതുരതയുടെ മൂര്‍ത്തിമത്ഭാവമായി നിലകൊള്ളുന്നു. പൂരങ്ങള്‍ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും പൂരാഘോഷങ്ങള്‍ക്ക് ജാതി, മത ഭേദമില്ല. സ്വദേശീയര്‍ക്കൊപ്പം ഇതര സംസ്ഥാനക്കാരും വിദേശീയരും ഒരുപോലെ പൂരപ്പറമ്പുകളില്‍ അണിനിരക്കും; മലയാളിക്കു മാത്രം സ്വന്തമായ ആഘോഷത്തെ അറിയാന്‍, ആ കാഴ്ചകള്‍ കണ്ട് ആസ്വദിക്കാന്‍.
ചെനക്കത്തൂര്‍ പൂരം
പൂരക്കാലത്തിന്റെ തുടക്കത്തിലെ പ്രമുഖ പൂരങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍പെട്ട ചെനക്കത്തൂര്‍ കാവിലെ പൂരം. മറ്റെല്ലാ പൂരങ്ങളിലും ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഇവിടെ പൊയ്ക്കുതിരകള്‍ക്കാണ് പ്രാധാന്യം. കെട്ടിയുണ്ടാക്കിയ ഭീമാകാരന്മാരായ കുതിരകളെ മത്സരബുദ്ധ്യാ വിവിധ ദേശക്കാര്‍ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കും. കുതിരകളെ ആകാശത്തിലേക്കെറിഞ്ഞു പിടിക്കുന്നതാണ് അത്യന്തം ആവേശകരം.
നെന്മാറ-വല്ലങ്ങി വേല
പാലക്കാട് ജില്ലയിലെ നെന്മാറ, വല്ലങ്ങി ദേശക്കാര്‍ വാശിയോടെ ആഘോഷിക്കുന്ന പൂരം. വെടിക്കെട്ടാണ് നെന്മാറ-വല്ലങ്ങിയുടെ മുഖമുദ്ര. വാശിയോടെ കെട്ടിപ്പൊക്കുന്ന നിലപ്പന്തലുകളും തലപ്പൊക്കമുള്ള ആനകളും പേരുകേട്ട മേളവിദ്വാന്മാരും പൂരപ്പൊലിമയ്ക്ക് മാറ്റുകൂട്ടുന്നവ തന്നെ.
ആറാട്ടുപുഴ പൂരം
മുപ്പത്തുമുക്കോടി ദേവതകളെത്തുന്ന ഭൂമിയിലെ ദേവമേളയാണ് ആറാട്ടുപുഴ പൂരമെന്നാണ് വിശ്വാസം. 23 ദേവീദേവന്മാര്‍ പങ്കാളികളാവുന്ന പൂരമാണിത്. പുലര്‍ച്ചെയുള്ള കൂട്ടിയെഴുന്നള്ളിപ്പാണ് ഇവിടുത്തെ പ്രത്യേകത. ദീപനാളങ്ങളുടെ വെട്ടത്തില്‍ അണിനിരക്കുന്ന എഴുപതോളം ആനകളുടെ മുന്നില്‍ നാദവിസ്മയമായി പാണ്ടിമേളം അരങ്ങേറും.
ഉത്രാളിക്കാവ് പൂരം
എഴുന്നള്ളിപ്പുകള്‍ക്കും ആനകളുടെ എണ്ണത്തിനും പ്രാധാന്യം നല്‍കുന്ന ചെറുപൂരങ്ങള്‍ക്കിടെ മേളത്തിന്റെ ചാകരക്കോളുമായി എത്തുന്നത് ഉത്രാളിക്കാവ് പൂരമാണ്. പഞ്ചവാദ്യം കേള്‍ക്കാന്‍ ദേശാന്തരങ്ങള്‍ കടന്ന് വടക്കാഞ്ചേരിയിലെത്തുന്നവര്‍ക്ക് കണ്ണിനും കാതിനും വിരുന്നായി ഇവിടെ ഗംഭീര വെടിക്കെട്ടുമുണ്ട്.
സന്തോഷ് കുന്നത്തൊടി
