ചേര്‍പ്പിന്റെ ചമയം

Posted on: 19 Apr 2010




ഒരു പൂരത്തിനുവേണ്ട സകലതും ചേര്‍പ്പിലുണ്ട്. പെരുവനം കുട്ടന്‍മാരാരടക്കം പ്രമുഖരായ മേളക്കാര്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍ അടക്കം അഴകുള്ള ആനകള്‍, ആന ബ്യൂട്ടീഷ്യന്‍ പെരുമ്പിള്ളിശ്ശേരി ശശി അടക്കമുള്ള കലാകാരന്മാര്‍ മെനഞ്ഞ ചമയങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍. ഇതുകൊണ്ടൊന്നും തീരുന്നില്ല ചേര്‍പ്പിന്റെ പൂരപ്പെരുമ.

നിശ്ശബ്ദതയില്‍ നിങ്ങള്‍ക്ക് പൂരത്തില്‍ ലയിക്കണമെങ്കിലും ചേര്‍പ്പില്‍ എത്തിയാല്‍ മതി. ആദ്യം ചിറ്റൂര്‍മന റോഡിലെത്തുക. ശില്പികളുടെ തട്ടകത്തില്‍ തലയെടുപ്പുള്ള ആനകള്‍ നിരയായി നില്‍ക്കുന്നതു കാണാം. വെറും കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ചെറുതു മുതല്‍ ആറടി ഉയരം വരെയുള്ള തടിയാനകള്‍. കുമിഴിലും തേക്കിലും ഈട്ടിയിലും മദിരാശിയിലുമായി തീര്‍ത്തവ.

ഈ കുട്ടിയാനകള്‍ക്കുള്ള ചമയങ്ങള്‍ കാണാന്‍ ഊളിക്കല്‍ രവീന്ദ്രന്റെ (ഒ.കെ. രവി) വീട്ടിലെത്തുക. ആറ് ഇഞ്ച് മുതല്‍ ആറടി വരെയുള്ള ആനകള്‍ക്കായി തീര്‍ത്ത കുട്ടിച്ചമയങ്ങള്‍ അകത്തളത്തില്‍ പ്രഭയോടെ കാണാം. സംസ്ഥാനത്തിനകത്തും പുറത്തുമായി തടിയാനകള്‍ക്കുള്ള ചമയങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനാണ് രവീന്ദ്രന്‍ (56). ഊളിക്കല്‍ കൊച്ചുണ്ണിയുടെ മകന്‍. 20 വര്‍ഷം മുന്‍പ് പൂജാസാധനങ്ങളുടെ വില്പനയോട തുടക്കം കുറിച്ച രവീന്ദ്രന്‍ ഇന്ന് അനവധി മരയാനകള്‍ക്കായി ചമയങ്ങളൊരുക്കുന്നു. പടിഞ്ഞാട്ടുമുറി ഒ.കെ. മഠം പ്രൊഡക്ട് എന്ന പൂജാസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിന്റെ ഉടമയായ രവീന്ദ്രന്‍ യാദൃച്ഛികമായാണ് ചമയപ്പണിപ്പുരയിലെത്തുന്നത്.

പൂജാസാധനങ്ങളുടെ ഭാഗമായി കന്നിസ്വാമിമാര്‍ക്കുള്ള ശരക്കോല്‍ വില്പനയും രവീന്ദ്രനുണ്ടായിരുന്നു. ഇതിനായി വാങ്ങുന്ന മയില്‍പ്പീലിയുടെ കണ്‍ഭാഗം ഒഴിച്ച് ബാക്കിയുള്ളവ ഉപയോഗശൂന്യമായി കളയാറായിരുന്നു പതിവ്. മയില്‍പ്പീലിത്തണ്ട് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് രവീന്ദ്രനെ ചമയരംഗത്തെത്തിച്ചത്. ആലവട്ടത്തിന് പ്രധാനമായും ഉപയോഗിക്കുക മയില്‍പ്പീലിത്തണ്ടാണ്. ക്രമേണ ആലവട്ടം കൂടാതെ വെഞ്ചാമരവും കുടയും കോലവുമെല്ലാം മെനയാന്‍ രവീന്ദ്രന്‍ പഠിച്ചു.

തടിയാനകളെ വാങ്ങാന്‍ ചിറ്റൂര്‍ മന റോഡിലെത്തുന്നവര്‍ ചമയങ്ങള്‍ക്കായി രവീന്ദ്രന്റെ വീട്ടിലുമെത്തി. ചുരുങ്ങിയ കാലംകൊണ്ട് രവീന്ദ്രന്റെ ചമയവ്യവസായം തഴച്ചുവളര്‍ന്നു. ഇന്ത്യയുടെ പല ഭാഗത്തുനിന്നും ആവശ്യക്കാര്‍ എത്തി. 450 രൂപ മുതല്‍ 4000 രൂപവരെ വിലയുള്ള ചമയസെറ്റുകള്‍ രവീന്ദ്രന്‍ വിപണിയിലെത്തിച്ചു.ഖാദി ഗ്രാമോദ്യോഗ് ഭവന്‍ മുഖേനയായിരുന്നു ഭൂരിഭാഗം ചമയങ്ങളും വില്‍ക്കപ്പെടുന്നതെന്ന് രവീന്ദ്രന്‍ പറഞ്ഞു. ശോഭയാണ് ഭാര്യ. സിമി, സിനി എന്നിവര്‍ മക്കളും. ഭാര്യയും ഇളയമകളും സഹോദരന്‍മാരായ ദിവാകരന്‍, അരവിന്ദാക്ഷന്‍ എന്നിവരും രവീന്ദ്രന് സഹായത്തിനുണ്ട്. കൂടാതെ മൂന്ന് തൊഴിലാളി സ്ത്രീകളും ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

പൂരക്കാലമായാല്‍ വില്പന കൂടുമെന്ന് രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിന് പ്രത്യേകിച്ച്. അകത്തളത്തില്‍ പൊലിമയുള്ള ഒരു പൂരമൊരുക്കുന്നതിലും ചേര്‍പ്പ് ശ്രദ്ധേയമാവുകയാണ്.

ബിജു ആന്‍റണി





MathrubhumiMatrimonial