
തിരുവമ്പാടിക്ക് കഥകളിക്കുട, പാറമേക്കാവിന് പുലിക്കുട
Posted on: 19 Apr 2010

മുഖാമുഖത്തിന് നിരന്നുകഴിഞ്ഞാല്‍ ജനക്കൂട്ടം കാത്തിരിക്കുന്നത് കുടമാറ്റത്തിന്. പൂരത്തിന്റെ ഏറ്റവും വര്‍ണ്ണശബളമായ ചടങ്ങുകളില്‍ ഒന്ന് കുടമാറ്റം തന്നെ. നിറങ്ങള്‍ മാറിമാറി ആകാശത്ത് ഉയരുമ്പോള്‍ ജനക്കൂട്ടം ആഹ്ലാദത്തില്‍ നിറയും. തിരുവമ്പാടിയില്‍ കൊക്കാല വെളിയന്നൂര്‍ രവീന്ദ്രനും സംഘവുമാണ് കുടയൊരുക്കുന്നത്. പാറമേക്കാവില്‍ കുന്നത്തങ്ങാടി കിഴക്കേപുരയ്ക്കല്‍ വസന്തനും. മാസങ്ങളായി ഇവര്‍ ഇതിന്റെ പണിപ്പുരയിലാണ്. ഇക്കുറി എന്താകണം പുതുമ എന്നതാണ് ഓരോ വര്‍ഷവും ഇവരുടെ മനസ്സില്‍ ഉയരുന്ന ചോദ്യം. ദേശക്കാരുടെ അഭിപ്രായങ്ങളും സ്വന്തം മനോധര്‍മ്മവും ഒത്തുചേരുമ്പോള്‍ പുതിയ ഡിസൈനുകള്‍ പിറക്കുകയായി. പുതിയ കുടകള്‍ക്ക് തുണിയും ചമയങ്ങളും വാങ്ങി നല്‍കുന്നത് ക്ഷേത്രങ്ങളാണ്. എത്ര ദൂരെനിന്നും, എത്ര ചെലവു ചെയ്തും അവ വരുത്തുന്നത് വലിയ ഉത്സാഹത്തിലും.
ഇക്കുറിയും ചില 'നമ്പരു'കള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പാറമേക്കാവിന്റെ പുതിയ ഇനം പുലിക്കുടയാകും. പുള്ളിപ്പുലിയുടെയും വരയന്‍ പുലിയുടെയും ഡിസൈനുകള്‍ ഉള്ള തുണിയില്‍ തീര്‍ത്ത കുടകള്‍. വെല്‍വെറ്റ് തുണിയാണ് ഇതിന്‍േറത്. ഷെല്‍ തുന്നിച്ചേര്‍ത്ത വെല്‍വെറ്റ് തുണിയിലെ കുടകളാണ് മറ്റൊരു ശ്രദ്ധേയ ഇനം. മീറ്ററിന് 300 രൂപയാണ് തുണിക്ക് വില.

തിരുവമ്പാടിയില്‍ കഥകളിമുഖങ്ങള്‍ തുന്നിച്ചേര്‍ത്ത കുടകളാകും ആകര്‍ഷണകേന്ദ്രം. തിരുപ്പൂര്‍ നിന്നാണ് ഇതിന്റെ തുണി കൊണ്ടുവന്നത്. കോടിക്കളറുള്ള തുണിയിലെ കഥകളിമുഖങ്ങളും കുടയുടെ അരികിലെ കസവും ഒരു കേരളീയ പശ്ചാത്തലം നല്‍കുമെന്ന് രവീന്ദ്രന്‍ പറയുന്നു.
വെള്ളയില്‍ നീലനിറമുള്ള വെല്‍വെറ്റില്‍ ഗോപുര മാതൃകയിലുള്ള ഡിസൈന്‍ ചേര്‍ത്ത കുടയും സാറ്റിന്‍ വെല്‍വെറ്റില്‍ മഞ്ഞയും കറുപ്പും കലര്‍ന്ന കുടയും ശ്രദ്ധിക്കപ്പെടും.
കുടകള്‍ ഒന്നൊന്നായി വിടരുമ്പോള്‍ പാറമേക്കാവ് ചമയപ്പുരയില്‍ വസന്തന്റെ മനസ്സില്‍ ഒരു നൊമ്പരമുണ്ട്. അച്ഛന്‍ കുട്ടപ്പന്റെ ഓര്‍മ്മകള്‍. പ്രായമേറെയായി ചമയപ്പുരയില്‍ വരാതായപ്പോഴും അച്ഛന്റെ മനസ്സ് കുടകള്‍ക്കൊപ്പമായിരുന്നുവെന്ന് വസന്തന്‍ പറയുന്നു. ഓരോ ദിവസവും കുടയൊരുക്കം ചോദിച്ചറിഞ്ഞേ അച്ഛന്‍ ഉറങ്ങിയിരുന്നുള്ളൂ. 4 മാസം മുമ്പാണ് അദ്ദേഹം മരിച്ചത്.
