ലാപ്'തോപ്പി'ലെ പൂരം

Posted on: 08 Apr 2010

നന്ദകിഷോര്‍



ഏനയും 'പൂന'യും ചേര്‍ന്നതാണ് പൂരം. ആനയും പൂരനര്‍മ്മങ്ങളും സമംചേര്‍ന്നാല്‍ പൂരം പൊടിപൂരം.

വടക്കുംനാഥന്റെ ലാപ്‌തോപ്പിലാണ് തൃശ്ശൂര്‍ പൂരം. ലാപ് ച്ചാല്‍ മടിത്തട്ട്. തോപ്പ് തേക്കിന്‍കാട്. വടക്കുംനാഥന്റെ മടിത്തട്ടിലെ തോപ്പ്-ലാപ് തോപ്പ് - ആണ് പൂരത്തിന്റെ വേദി.

ബ്രഹ്മവും ബ്രഹ്മസ്വം മഠവും ചേര്‍ന്നതാണ് തൃശ്ശൂര്‍ പൂരം. ബ്രഹ്മം സര്‍വ്വവ്യാപിയായ ചൈതന്യം. ബ്രഹ്മസ്വം മഠത്തില്‍നിന്നാണ് പ്രസിദ്ധമായ തിരുവമ്പാടിയുടെ മഠത്തില്‍നിന്നുള്ള വരവ്.



കണിമംഗലം ശാസ്താവിന്റെ പൂരമാണ് തൃശ്ശൂര്‍പൂരത്തിലെ പ്രഥമപൂരം. പ്രഥമന്‍ പോലെ മധുരമുള്ള പൂരം. ഉഷസ്സിലെ പൂരം. ഉഷഃപൂരം. കണിമംഗലം ശാസ്താവിന്റെ ഉഷഃപൂരം കണ്ണിനു കര്‍പ്പൂരം.

ചെറുപൂരങ്ങളെ ഇപ്പോള്‍ ഘടകപൂരങ്ങള്‍ എന്നാണ് വിളിക്കുന്നത്. രാഷ്ട്രീയത്തിലെ ഘടകകക്ഷി പ്രയോഗത്തിന്റെ സ്വാധീനം ഈ ഘടകപൂരപ്രയോഗത്തില്‍ കണ്ടെത്താം. കാലം ചെല്ലുമ്പോള്‍ ഘടകപൂരങ്ങളുടെ ഐക്യമുന്നണിയാണ് തൃശ്ശൂര്‍ പൂരം എന്നു പറയാന്‍ തുടങ്ങുമോ? ശിവ! ശിവ!

ചെമ്പടതാളമുണ്ട്. ചുവന്നപട ചെമ്പട. ചെമ്പടയുടെ താളം ചെമ്പടതാളം. ച്ചാല്‍ തനി കമ്മ്യൂണിസ്റ്റുതാളം.

ആനക്കോപ്പു പണിയുന്നവര്‍ ആനബ്യൂട്ടീഷന്മാര്‍. ആനയെ അലങ്കരിക്കുന്നവര്‍ ആനാലങ്കാരികള്‍. ഉപമ. ഉല്‍പ്രേക്ഷ, രൂപകം, ദീപകം ഇത്യാദി കാവ്യാലങ്കാരങ്ങള്‍. തലേക്കെട്ട്, കോലം, പട്ടുകുട, വെഞ്ചാമരം, ആലവട്ടം, കൈമണി, കാല്‍മണി, പള്ളമണി, വട്ടക്കയറ് ഇത്യാദി ആനാലങ്കാരങ്ങള്‍.

ആനകള്‍ പട്ട തിന്നും. ആനക്കാര്‍ 'പട്ട'യടിക്കും. ആനകളെ നെറ്റിപ്പട്ടം കെട്ടിക്കും. ഈന്തപ്പട്ടകൊണ്ട് പന്തലുകള്‍ അലങ്കരിക്കും. കാണികളും മേളക്കാരും 'പട്ട'യടിയില്‍ പിന്നാക്കം നില്‍ക്കില്ല. ലേശം പട്ടയടിക്കാതെ വെടിക്കെട്ടുപണിക്കു 'ധൈര്യം' കിട്ടുമോ? ചുരുക്കത്തില്‍ - പൂരം പൊടിപൂരമാക്കുന്നു. പട്ടയാണ് പൂരത്തിന്റെ പട്ടയം. പൂരപട്ടത്താനം നീണാള്‍ വാഴ്ക.

ആനശാസ്ത്രം അറിയുന്നവന്‍ ആനജ്ഞാനി. പൂരത്തിന്റെ പുരുഷാരം എന്നൊരു പ്രയോഗമുണ്ട്. ഇതു പെണ്‍പക്ഷത്തിന്റെ കാലമാണ്. പൂരത്തിന്റെ പുരുഷാരം എന്നത് പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയല്ലേ എന്ന് നാരികള്‍ ചോദിച്ചുകൂടായ്കയില്ല. ആകയാല്‍ പൂരത്തിന്റെ വനിതാരം, പൂരത്തിന്റെ പെണ്ണാരം, പൂരത്തിന്റെ സ്ത്രീയാരം എന്നൊക്കെ പറയേണ്ടിവന്നേക്കാം.

ഓണത്തലേന്ന് ഉത്രാടപ്പാച്ചില്‍. പൂരത്തലേന്ന് മകപ്പാച്ചില്‍, അഥവാ പൂരപ്പാച്ചില്‍. ആനക്കാരും മേളക്കാരും എന്നുവേണ്ട സകലരും പൂരം കേമാക്കാന്‍ പായുന്ന പാച്ചില്‍ പൂരപ്പാച്ചില്‍. മേടത്തിലെ പൂരം മേപ്പൂരം. മേല്‍പ്പൂരം എല്ലാ പൂരങ്ങളുടേയും മേലെയുള്ള പൂരം. പൂരങ്ങളുടെ പൂരം.

കുന്തവും പന്തവും പന്തലും പന്തയവും ചേര്‍ന്നാലേ പൂരം നന്നാവൂ. ആനയെ മേയ്ക്കാന്‍ കുന്തം. ആനച്ചമയം തിളങ്ങിവിളങ്ങാന്‍ പന്തം. നഗരം പന്തലിക്കാന്‍ പന്തല്‍. തിരുവമ്പാടിയോ പാറമേക്കാവോ കേമം എന്നു പന്തയം വെയ്ക്കലും പതിവാണ്.

ആറാട്ടുപുഴ പൂരം പിളര്‍ന്നാണ് തൃശ്ശൂര്‍ പൂരം ഉണ്ടായതെന്നൊരു ഐതിഹ്യമുണ്ട്. പാര്‍ട്ടികള്‍ പിളരും പോലെ പൂരവും പിളര്‍ന്നു. അതു നന്നായി. രണ്ടു പൂരങ്ങള്‍ നമുക്കുണ്ടായി. മീനത്തിലെ പൂരം മീപൂരം, മീമ്പൂരം ആറാട്ടുപുഴ പാടത്ത്. മേടത്തിലെ പൂരം മേപ്പൂരം, മേല്‍പ്പൂരം തൃശ്ശൂരില്‍. പിളരുന്തോറും വളരുന്ന പൂരം പൊടിപൂരം.

മേളത്തില്‍ ഉരുട്ടുചെണ്ടയും വീക്കന്‍ചെണ്ടയുമുണ്ട്. ചെണ്ടപ്പുറത്ത് കോല് ഉരുട്ടിക്കൊട്ടുന്ന വിദ്യ ഗംഭീരം. നമ്മുടെ പോലീസുകാര്‍ ഉരുട്ടാന്‍ ശീലിച്ചത് ഇതു കണ്ടിട്ടാണോ എന്ന് ഒരു ശങ്ക. തരികിട, തരികിട എന്നാണ് ഉരുളുകോലിന്റെ ശബ്ദം. മലയാളികള്‍ ഭൂലോകതരികിടകളാണെന്ന് ഭംഗ്യന്തരേണ വിളംബരം ചെയ്യുകയല്ലേ ഈ ഉരുളുകോലുകള്‍. ചക്രമുരുളും, കോലും ഉരുളും എന്നു തെളിയിച്ച പ്രതിഭയാണ് പ്രതിഭ.

മേളത്തില്‍ കൊഴമറിഞ്ഞ കാലം ഉണ്ട്. സമസ്തകേരളവും കൊഴമറിഞ്ഞ കാലത്തിലൂടെയല്ലേ കടന്നുപോകുന്നത്.

ഓത്തന്മാരുടെ മത്സരമാണ് കടവല്ലൂര്‍ അന്യോന്യം. ഊത്തന്മാരുടെ മത്സരമാണ് മേളം. മേളത്തില്‍ മൂന്നു ഊത്തുകള്‍ ഉണ്ട്. ശംഖൂത്ത്, കൊമ്പൂത്ത്, കൊഴലൂത്ത്. ഊത്തത്രയമത്സരമാണ് മേളങ്ങള്‍. ഊത്തുവാദ്യപ്രമാണിമാരെ ഊത്തപ്പന്മാര്‍ എന്നുവിളിക്കാം.

ആനപ്പണ്ടവും ആനപ്പിണ്ടവും സമം ചേര്‍ന്നാല്‍ എലഫന്‍റിയാസിസ്.

വെണ്മണി മഹന്റെയാണ് പൂരപ്രബന്ധം. ചുരുക്കിപ്പറഞ്ഞാല്‍ പൂപ്ര. പൂകൊണ്ടു പറവെയ്ക്കും പൂപ്പറ. അതിന്റെ വാമൊഴിവഴക്കമാണ് പൂപ്ര. പൂരപ്രബന്ധവും പൂപ്പറയും ഒന്നാകുന്ന പദമത്രേ പൂപ്ര.പൂരപ്രമാണം എന്നതും പൂപ്രയാണ്. മേളപ്രമാണി മേപ്രയാണ്.

ഊഴിയിലെ ഏറ്റവും വലിയ കാഴ്ചയായ തൃശ്ശൂര്‍ പൂരത്തിന് പ്രണാമം അര്‍പ്പിക്കുമ്പോള്‍ അത് പൂരപ്രണാമം. പൂപ്രതന്നെ.

മകോം പൂരോം ഉത്രത്തിക്കാലും ചിങ്ങക്കൂറ്. പൂരം ചിങ്ങക്കൂറിലാണ്. ചിങ്ങം ച്ചാല്‍ ശിങ്കം, സിംഹം. തൃശ്ശൂര്‍ പൂരം പൂരസിംഹമാണ്. പൂരരാജന്‍. പൂരനൃപന്‍ നീണാള്‍ വാഴട്ടെ.





MathrubhumiMatrimonial