പെരുവനപ്പെരുമ

Posted on: 08 Apr 2010




പല്ലശ്ശന പത്മനാഭന്‍മാരാര്‍ പ്രമാണക്കാരനായ പാണ്ടിമേളത്തോടൊപ്പം 1977 ലാണ് പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിയുടെ ചുവട്ടിലെത്തുന്നത്. പ്രഗത്ഭര്‍ പ്രമാണക്കാരായി പാണ്ടിമേളത്തിന്റെ പ്രൗഢിക്കൊപ്പം പെരുവനം കൊട്ടിക്കയറിയത് 33 വര്‍ഷം. ഇത്തവണത്തേത് മുപ്പത്തിനാലാംമൂഴം.

പല്ലശ്ശനയ്ക്ക് പിന്നാലെ പരിയാരത്ത് കുഞ്ചുമാരാര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, ചക്കംകുളം അപ്പുമാരാര്‍ എന്നിവരുടെ കീഴില്‍ മൂന്ന് ദശകത്തിലധികം ഇലഞ്ഞിച്ചോട്ടില്‍ മേളപ്പെരുമഴ തീര്‍ത്തു. 1999ല്‍ മേളത്തിന്റെ അമരക്കാരനായി, പിന്നെ പ്രമാണിയായി പത്തുകൊല്ലം. ഒരുപാട് അനുഭവസമ്പത്തും പാരമ്പര്യ പരിചയവുമായാണ് കുട്ടന്‍മാരാര്‍ പന്ത്രണ്ടാം തവണ ഇലഞ്ഞിത്തറയില്‍ എത്തുന്നത്.

തൃപ്പൂണിത്തുറ, ഗുരുവായൂര്‍, ആറാട്ടുപുഴ തുടങ്ങി നിരവധി ആഘോഷങ്ങളില്‍ മേളപ്രമാണിയായി ഏറെ ആസ്വാദകരെ നേടാനായെങ്കിലും തൃശ്ശൂര്‍ പൂരമാണ് തനിക്ക് താരപരിവേഷം തന്നതെന്ന് കുട്ടന്‍മാരാര്‍ പറയുന്നു. മേളമറിയാത്തവര്‍ പോലും ഇലഞ്ഞിത്തറയുടെ പ്രമാണിയായി തന്നെ തിരിച്ചറിയുന്നു. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഏക മേളവിരുന്നും ഇലഞ്ഞിത്തറമേളമാണെന്ന് പെരുവനം പറഞ്ഞു. ഓരോ മേളം കഴിയുമ്പോഴും ഒരുപാട് പേര്‍ പ്രശംസയുമായെത്തും. പ്രശംസയേക്കാള്‍ വിമര്‍ശനമാണ് കുട്ടന്‍മാരാര്‍ ഇഷ്ടപ്പെടുന്നത്.

ഒരിക്കല്‍ ഇലഞ്ഞിത്തറ മേളം കഴിഞ്ഞപ്പോള്‍ പ്രായം ചെന്ന ഒരാള്‍ പറഞ്ഞതിങ്ങനെ: 'മനസ്സ് നിറഞ്ഞില്ല പിന്നീട് ആ വ്യക്തിയെ കണ്ടപ്പോള്‍ കാര്യം തിരക്കി. താന്‍ വിചാരിച്ചപോലെ മേളത്തിന് ഉയരാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പിന്നീട് അയാളുമായി അടുത്തു. ഓരോ വര്‍ഷവും അദ്ദേഹം അഭിപ്രായവുമായി വരും. ന്യൂനതകള്‍ ചൂണ്ടിക്കാട്ടി മേളം മികവുറ്റതാക്കാന്‍ താത്പര്യപ്പെടുന്ന ഇത്തരം ആസ്വാദകര്‍ തനിക്കുണ്ടെന്നും കുട്ടന്‍മാരാര്‍ പറഞ്ഞു'.

ഒരുകൊല്ലം മേളം കഴിഞ്ഞയുടനെ ഒരാള്‍ അദ്ദേഹത്തിന്റെ മോതിരം ഊരി സമ്മാനിച്ചു. ഞാനത് അമ്മയ്ക്ക് നല്‍കി. അമ്മയുടെ മരണശേഷം ഞാനത് വീണ്ടും അണിഞ്ഞു.

അനുമോദനത്തിന്റെയും അമ്മയുടെയും ഓര്‍മയായി ആ മോതിരം കുട്ടന്‍മാരാര്‍ ഇന്നും അണിയുന്നു.

അച്ഛന്‍ പെരുവനം അപ്പുമാരാര്‍ക്കൊപ്പം അനവധി മേളങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും തൃശ്ശൂര്‍ പൂരത്തിന് തങ്ങള്‍ക്ക് ഒന്നിക്കാനാകാത്തത് ഒരു ദുഃഖമായി കുട്ടന്‍മാരാരുടെ മനസ്സിലുണ്ട്. '77ല്‍ പല്ലശ്ശന പത്മനാഭമാരാരുടെ കീഴില്‍ പാറമേക്കാവിനുവേണ്ടി കുട്ടന്‍മാരാര്‍ കൊട്ടിയപ്പോള്‍ അക്കൊല്ലം അച്ഛന്‍ തിരുവമ്പാടിയ്‌ക്കൊപ്പമായിരുന്നു. '77 മുതലാണ് കുട്ടന്‍മാരാര്‍ തൃശ്ശൂര്‍ പൂരത്തില്‍ മേളത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയതെങ്കിലും 1956 മുതലുള്ള പൂരം ഓര്‍മകള്‍ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നു.

ബിജു ആന്‍റണി



MathrubhumiMatrimonial