
''ഞങ്ങള്‍ക്ക് പൂരം വീട്ടില്‍തന്നെ''
Posted on: 08 Apr 2010
മാലതി വാരസ്യാര്‍, സത്യഭാമ

തൃശ്ശൂര്‍ പൂരമെന്നാല്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് എന്നും വീട്ടിനുള്ളിലെ പൂരം തന്നെ. ബന്ധുവീടുകളില്‍നിന്നും മറ്റും വരുന്നവരെ സ്വീകരിക്കാനേ സമയം കാണൂ. ഇതിനിടെ പൂരം കാണാന്‍ പോകാന്‍ സമയമെവിടെ. എങ്കിലും പൂരംനാള്‍ ഉച്ചയ്ക്ക് പാറമേക്കാവ് നടയില്‍നിന്ന് മേളം കൊട്ടിത്തുടങ്ങിയാല്‍ പണിയെല്ലാം നിര്‍ത്തി ഞങ്ങള്‍ ഓടും. ഈ മേളം പുറപ്പാടുമാത്രമേ പണ്ടുമുതല്‍ കാണാറുള്ളു. പൂരം നാള്‍ രാവിലെ ക്ഷേത്രദര്‍ശനവും മുടക്കാറില്ല.'' കോരപ്പത്ത് ലൈനിലെ കീരംകുളങ്ങര വാര്യത്ത് മാലതിവാരസ്യാര്‍ ഓര്‍മകള്‍ പങ്കുവെച്ചു.
'കുട്ടികളായിരുന്ന സമയത്തെ പൂരമാണ് എന്നും മനസ്സിലുള്ളത്. അച്ഛന്റെയും മറ്റും കൂടെ രാവിലെയും ഉച്ചയ്ക്കും പൂരം കാണാന്‍ പോകുമായിരുന്നു. അന്നും ഇന്നും വെടിക്കെട്ട് കാണുന്നത് റൗണ്ടിനു സമീപം കോരപ്പത്ത് ലൈന്‍ തുടങ്ങുന്നിടത്തുനിന്നാണ്. കൂടിയാല്‍ ചിന്മയാമിഷനു സമീപം വരെ പോകും. തൃശ്ശൂര്‍ പൂരം തിരക്കിന്റെ പൂരമല്ലേ. തിരക്കില്‍ പോകാനുള്ള മടിയുമുണ്ട്.'
'ഇപ്പോള്‍ പൂരനാളുകളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. വാഹനസൗകര്യമൊക്കെയായില്ലേ. എല്ലാവരും സമയത്തിനെത്തി പൂരം കണ്ട് ബന്ധുവീടുകളിലെല്ലാം കയറി തിരിച്ചുപോകും' മാലതിവാരസ്യാരുടെ സഹോരദരന്‍ വിശ്വന്‍ വാര്യരുടെ ഭാര്യ സത്യഭാമ പറയുന്നു. കോരപ്പത്ത് ലൈനില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഏജന്‍സി നടത്തുന്ന വിശ്വന്‍ വാര്യര്‍ പാറമേക്കാവ് വിഭാഗം പൂരപ്രവര്‍ത്തകനാണ്. അതുകൊണ്ടുതന്നെ പൂരക്കാലത്തൊന്നും ഈ കുടുംബത്തില്‍ തിരക്കൊഴിയില്ല.
''പൂരത്തിനു ദിവസങ്ങള്‍ക്കു മുമ്പേ വീടും പരിസരവും വൃത്തിയാക്കും. ചക്കയും മാങ്ങയും സമൃദ്ധമായ കാലമല്ലേ. പണ്ടെത്തെപ്പോലെ ഇപ്പോഴും മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും ചക്കമുളകുഷ്യവും സാമ്പാറുമൊക്കെത്തന്നെയാണ് വിഭവങ്ങള്‍. എല്ലാംതയ്യാറാക്കുക വീട്ടില്‍ത്തന്നെയാണ്. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം വരുത്തുന്ന രീതിയൊന്നും ഇവിടേയ്‌ക്കെത്തിയിട്ടില്ല'' - മാലതി വാരസ്യാര്‍ പറഞ്ഞു.
150 വര്‍ഷത്തിലേറെ പഴക്കമുള്ള നാലുകെട്ട് അതേപടി നിലനിര്‍ത്തി അതിനു ചുറ്റുമുള്ള വീടുകളിലാണ് മാലതിവാരസ്യാരും സഹോദരങ്ങളും താമസിക്കുന്നത്. അതുകൊണ്ടുതന്നെ പൂരനാളുകളില്‍ പണ്ടത്തെ കൂട്ടുകുടുംബത്തിലെ അതേ തിരക്കു തന്നെയാണ് ഇപ്പോഴുമെന്ന് ഇവര്‍ പറയുന്നു.
പൂരം വന്നാല്‍ മനസ്സു നിറയെ ആഹ്ലാദമാണ്. വീടുനിറയെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പൂരപ്പറമ്പിലെത്താതെ തന്നെ മനസ്സില്‍ മേളവും ഘോഷവും പെയ്തിറങ്ങുമെന്ന് ഇവര്‍ സമ്മതിക്കുന്നു.
