
പിരിവില്‍ മുമ്പനായി എട്ടണ
Posted on: 08 Apr 2010
പ്രൊഫ. എം. മാധവന്‍കുട്ടി

ടൗണിലേക്ക് വരുന്ന കാളവണ്ടികളാണ് പ്രധാന ധനസ്രോതസ്സ്. നഗരപരിധിയില്‍ ഇവയെ കാത്തു നില്‍ക്കും. അന്ന് ചരക്കുകളുമായി കാളവണ്ടികളുടെ പ്രവാഹമാണ്.
ചുങ്കം, കിഴക്കേകോട്ട, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളിലാണ് ഇവരില്‍നിന്ന് സംഭാവന സ്വീകരിക്കുക. 50 പൈസയാണ് അവര്‍ തരിക. രസീത് വാങ്ങി വൈകീട്ടേ പണം തിരികയുള്ളൂ എന്നുള്ളവര്‍ റാന്തല്‍ ഊരി ഞങ്ങള്‍ക്ക് തരും ഒരുറപ്പിനായി. വൈകീട്ട് മടക്കയാത്രയില്‍ പണം തന്ന് റാന്തലുമായി അവര്‍ പോകും.
വെള്ളിയാഴ്ച മൂരിച്ചന്തയിലെ പിരിവാണ് പ്രധാനം പടിഞ്ഞാറേക്കോട്ടയില്‍ ആണ്അന്ന് മൂരിച്ചന്ത. മൂരി ഒന്നിന് 25 പൈസയാണ് സംഭാവന വാങ്ങുക. വളക്കച്ചവടക്കാരും സംഭാവന തരും. തോളത്തു വളക്കൂട്ടം തൂക്കി വരുന്ന വളച്ചെട്ടികള്‍. ഇപ്പോള്‍ പൂരത്തിന് അവരെ കാണാനില്ല. അവര്‍ ആറ് അണ മുതല്‍ 12 അണ വരെ പിരിവു തരും. ഇവരില്‍നിന്നുള്ള പിരിവുകള്‍ ഇല്ലാതെ അന്നൊന്നും കാര്യങ്ങള്‍ നടത്താന്‍ പറ്റുമായിരുന്നില്ല.
പഴയകാലപൂരങ്ങളുടെ മറ്റൊരു സവിശേഷത സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തേക്കാളുമുണ്ട് എന്നതാണ്. തോരണം മെടയല്‍, പന്തലിന് കുഴി എടുക്കല്‍, ഉയര്‍ത്തല്‍ എന്നിവയൊക്കെ ദേശക്കാര്‍ തന്നെയാണ് ചെയ്യുക. കരാര്‍ സമ്പ്രദായം അന്ന് വ്യാപകമായിട്ടില്ലന്നര്‍ത്ഥം.
വെടിക്കെട്ടിനും ഇങ്ങനെ തന്നെ. കോറ കെട്ടാനും മരുന്നുണ്ടാക്കാനുമെല്ലാം ദേശക്കാരുടെ വലിയൊരു നിര തന്നെ അന്നുണ്ടാകും.
ആനകള്‍ക്ക് വേണ്ടിയുള്ള മത്സരമായിരുന്നു അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.
കാച്ചാംകുറിശ്ശി, വരിക്കാശ്ശേരി എന്നിവരുടെ ആനകളെ കിട്ടാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേശങ്ങള്‍ വളരെ മുമ്പേ ശ്രമം തുടങ്ങും. 1964 മുതലാണ് ഈ മത്സരങ്ങള്‍ക്ക് മാറ്റം വന്നത്. ലിസ്റ്റുണ്ടാക്കി വീതിക്കുകയായിരുന്നു അന്നാദ്യം ചെയ്തത്. പക്ഷേ അതിലും ഉണ്ടായിരുന്നു തലവേദന. കൂട്ടാനകളെ നിശ്ചയിക്കുന്നത് വലിയ തര്‍ക്കമാകും. പൂരനാളില്‍ പുലര്‍ച്ചെ മൂന്നു വരെയൊക്കെ തര്‍ക്കം നിലനിന്ന കാലങ്ങളും ഉണ്ടായിട്ടുണ്ട്.
1979 മുതലാണ് തര്‍ക്കരഹിതസംവിധാനം ഈ മേഖലയില്‍ വന്നത്. എ, ബി എന്നീ ലിസ്റ്റുകള്‍ ഒരു വിഭാഗം ഉണ്ടാക്കുക. മറു വിഭാഗം അതിലൊരണ്ണം തിരഞ്ഞെടുക്കുക. ഇത് ഓരോ കൊല്ലവും ഊഴംമാറി വരും.
ആനകളെക്കുറിച്ച് പറയുമ്പോള്‍ ഒരു നഷ്ടബോധത്തിന്റെ കാര്യവും സൂചിപ്പിക്കേണ്ടിവരും. അഴകിന്റെ രൂപങ്ങളായിരുന്ന നാട്ടാനക്കൂട്ടം കുറഞ്ഞു വരുന്നതാണത്. അഴകിനേക്കാള്‍ പൊക്കത്തിന് പ്രധാന്യം കൈവരുന്നത് അടുത്തകാലത്താണെന്നതും കാണേണ്ടതുണ്ട്.
ആള്‍കൂട്ടത്തിനെ വാദ്യങ്ങളുടെ നാദസുഖം അനുഭവിപ്പിച്ച പ്രതിഭകളുടെ വലിയൊരു നിരയും ഓര്‍മ്മയില്‍ വരുന്നു. അന്നമനടത്രയവും പല്ലാവൂര്‍ ത്രയവുമൊക്കെ സുഖമുള്ള സ്മരണകള്‍ തന്നെ.
