goodnews head

രാസവളവും കീടനാശിനിയുമില്ല; പച്ചക്കറി കൃഷി ഇവര്‍ക്ക് ലാഭകരം

Posted on: 22 Apr 2008


ഫറോക്ക്: കൃഷിയിടവും രാസവളവും കീടനാശിനിയും ഇല്ലെങ്കിലും പച്ചക്കറി കൃഷി ലാഭകരമാണെന്ന് തെളിയിക്കുകയാണ് ചെറുവണ്ണൂര്‍- നല്ലളം പഞ്ചായത്തിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. വീട്ടുമുറ്റത്തും ടെറസിലും വിത്ത് പാകിയാണ് ഈ വീട്ടമ്മമാര്‍ നൂറുമേനി വിളവെടുത്തത്.

ജനകീയാസൂത്രണത്തിലുള്‍പ്പെടുത്തി ചെറുവണ്ണൂര്‍-നല്ലളം കൃഷിഭവനാണ് പഞ്ചായത്തിനെ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തമാക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. 22 വാര്‍ഡുകളിലെ 1000 വീടുകളിലാണ് ഒന്നാംഘട്ടത്തില്‍ കൃഷിയാരംഭിച്ചത്.
ജനസാന്ദ്രതയേറിയ പ്രദേശമായതിനാല്‍ വീട്ടുമുറ്റങ്ങളും മട്ടുപ്പാവുകളുമാണ് മിക്കയിടങ്ങളിലും വീട്ടമ്മമാര്‍ പച്ചക്കറി തോട്ടങ്ങളായി മാറ്റിയത്. രാസവളങ്ങളും കീടനാശിനിയും പ്രയോഗിക്കാത്ത പച്ചക്കറികള്‍ സ്വന്തം അദ്ധ്വാനത്തിലൂടെ വീട്ടുമുറ്റത്ത് നിന്നുതന്നെ പറിച്ചെടുക്കാനായതിന്റെ സന്തോഷത്തിലാണിവരിപ്പോള്‍.

വിഷുവിന് സദ്യയൊരുക്കാനാവശ്യമായ പച്ചക്കറി മുഴുവനും സ്വന്തം വീടിന്റെ ടെറസിനു മുകളിലെ തോട്ടത്തില്‍ നിന്നു പറിച്ചെടുക്കാനായതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കൊളത്തറ തെക്ക് വീട്ടില്‍ പ്രേമലത. ഇവരുടെ മട്ടുപ്പാവ് വെണ്ട, വഴുതിന, ചീര, പയര്‍, കയ്പ, തക്കാളി, മുളക്.... തുടങ്ങി വിവിധ പച്ചക്കറികളാല്‍ സമ്പന്നമാണ്. കൂടാതെ വീട്ടുമുറ്റത്ത് വാഴ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും കൃഷിചെയ്തു വരുന്നു.

ഇത്തരം വിജയഗാഥ കൈവരിച്ച നൂറുകണക്കിന് വീട്ടമ്മമാരാണ് പഞ്ചായത്തിലിപ്പോഴുള്ളത്. വേനല്‍മഴ കനത്തിരുന്നില്ലെങ്കില്‍ കൂടുതല്‍ വിളവ് ലഭിക്കുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. 13 ഇനം വിത്തുകളും ജൈവ വളവുമടങ്ങിയ 60 രൂപയുടെ കിറ്റാണ് കൃഷിഭവന്‍ മുഖേന വിതരണം ചെയ്തത്.

ഇതില്‍ 10 രൂപ മാത്രമാണ് ഗുണഭോക്തൃവിഹിതം. പച്ചക്കറി സ്വയം പര്യാപ്തതയ്‌ക്കൊപ്പം തോട്ടങ്ങളിലേക്കാവശ്യമായ മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിലും സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിലാണ് കൃഷിഭവന്‍. നിലവിലുള്ള 20 മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകള്‍ക്ക് പുറമെ 100 എണ്ണം കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കൃഷി ഓഫീസര്‍ ഒ. പ്രസന്നന്‍ പറഞ്ഞു.


 

 




MathrubhumiMatrimonial