
'മോശംനടി'യെന്ന അപഖ്യാതി സാന്ദ്ര തിരുത്തി
Posted on: 09 Mar 2010

ഓസ്‌കറിന്റെ ചരിത്രം തിരുത്തിയെഴുതിക്കൊണ്ടാണ് സാന്ദ്രബുള്ളക്ക് ഇക്കുറി മികച്ച അഭിനേത്രിക്കുള്ള ബഹുമതി സ്വന്തമാക്കിയത്.പുരസ്‌കാരനിശയുടെ തൊട്ടുതലേന്ന് നടന്ന റാസീസ് അവാര്‍ഡ്ദാനച്ചടങ്ങില്‍ ഏറ്റവും മോശം നടിക്കുള്ള 'ബഹുമതി' സാന്ദ്രയ്ക്കായിരുന്നു. ഓസ്‌കറിന്റെ പാരഡിയായ ഈ അവാര്‍ഡ് നേടുന്നവര്‍ ഒരിക്കലും ഓസ്‌കറില്‍ മുത്തമിട്ട ചരിത്രമില്ല. പക്ഷേ സാന്ദ്ര ബുള്ളക്ക് അത് തിരുത്തിയെഴുതി. രണ്ട് അവാര്‍ഡുകളും നേടുന്ന ആദ്യതാരവുമായി.
യഥാര്‍ഥ ജീവിതകഥയെ ആധാരമാക്കിയുള്ള 'ബ്ലൈന്‍ഡ് സൈഡി'ല്‍ തലതിരിഞ്ഞുപോയ ഒരു കൗമാരക്കാരനെ നേര്‍വഴിയിലേക്ക് നയിച്ച് ഫുട്‌ബോള്‍ താരമാക്കുന്ന വീട്ടമ്മയായാണ് സാന്ദ്ര ബുള്ളക്ക് തിളങ്ങിയത്. 'ഓള്‍ എബൗട്ട് സ്റ്റീവ്' എന്ന ചിത്രത്തിലെ വേഷമാണ് റാസി പുരസ്‌കാരനിശിയില്‍ സാന്ദ്രയെ ഏറ്റവും 'മോശം നടി'യാക്കിയത്. ഒരു കാലത്ത് ഹോളിവുഡില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന സാന്ദ്രയുടെ ആദ്യ ഓസ്‌കര്‍ നേട്ടമാണിത്. 'ക്രേസി ഹാര്‍ട്ടി'ല്‍ മദ്യപാനിയായ ഒരു നാടന്‍ ഗായകനെ അവിസ്മരണീയമാക്കിയാണ് ജെഫ് ബ്രിഡ്ജസ് (60) മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെയും ആദ്യ ഓസ്‌കറാണിത്.
ആഫ്രിക്കന്‍-അമേരിക്കന്‍ അഭിനേത്രിയായ മൊനിക്ക് ആണ് മികച്ച സഹനടി (ചിത്രം: പ്രഷ്യസ്) 'ഇന്‍ ഗ്ലോറിയസ് ബാസ്റ്റാര്‍ഡ്‌സി'ലെ അഭിനയത്തിന് ഓസ്ട്രിയക്കാരനായ ക്രിസ്റ്റോഫ് വാള്‍ട്ട്‌സ് മികച്ച സഹനടനായി.
അര്‍ജന്റീനയില്‍ നിന്നുള്ള ചലച്ചിത്രമായ 'ദ സീക്രട്ട്‌സ് ഇന്‍ ദെയര്‍ ഐസ്' മികച്ച വിദേശ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയില്‍ നിന്നുള്ള 'ദ വൈറ്റ് റിബണ്‍', ഫ്രാന്‍സില്‍ നിന്നുള്ള 'എ പ്രൊഫറ്റ്' എന്നീ ചിത്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് ഈ ചിത്രം ബഹുമതി നേടിയത്.
കാതറിന്‍ ബിഗലോയുടെ 'ദ ഹര്‍ട്ട് ലോക്കര്‍' ആറു പുരസ്‌കാരങ്ങളുമായി ഓസ്‌കര്‍ നിശയില്‍ വിജയപതാക ഉയര്‍ത്തിയപ്പോള്‍ ജയിംസ് കാമറൂണിന്റെ 'അവതാറും' ലീ ഡാനിയേലിന്റെ 'പ്രഷ്യസും' മൂന്നു വീതം പുരസ്‌കാരങ്ങള്‍ നേടി. മികച്ച സഹ നടി, അവലംബിത തിരക്കഥ, ഒറിജിനല്‍ മ്യൂസിക് എന്നീ അവാര്‍ഡുകളാണ് 'പ്രഷ്യസ്' സ്വന്തമാക്കിയത്.
മറ്റു അവാര്‍ഡുകള്‍- മികച്ച അനിമേഷന്‍ ചിത്രം: അപ് (സംവിധാനം: ഡിസ്‌നി പിക്‌സര്‍), വസ്ത്രാലങ്കാരം: ഡാന്‍ഡി പവല്‍ (ദ യങ് വിക്ടോറിയ), ഡോക്യുമെന്ററി: ജപ്പാനിലെ അനധികൃത ഡോള്‍ഫിന്‍ വേട്ട ചിത്രീകരിച്ച 'ദ കോപ്'
