state budget

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉത്തേജക പാക്കേജില്‍

Posted on: 06 Mar 2010


തിരുവനന്തപുരം: ഉത്തേജക പാക്കേജിന്റെ ഭാഗമായി 3000 കോടി രൂപയുടെ പ്രവൃത്തികള്‍ പി.ഡബ്ല്യു.ഡി. നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ സാംഗത്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. എം.എല്‍.എ.മാര്‍ നിര്‍ദേശിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് പണികളുടെ രണ്ടാം വാല്യത്തില്‍ ഉള്‍ക്കൊള്ളിച്ചു. പ്രധാന ജില്ലാറോഡുകളുടെ പുനര്‍നിര്‍മാണത്തിന് 72 കോടി വകയിരുത്തി.
ആലപ്പുഴയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് ഗ്യാപ്പിന് സമാന്തരമായി പുതിയപാത നിര്‍മിക്കുന്നതിനും നെഹ്‌റുട്രോഫി വാര്‍ഡിലേക്ക് പാലം പണിയുന്നതിനും ആലപ്പുഴ കനാല്‍ ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനും 10 കോടിരൂപ അനുവദിച്ചു. കോട്ടയം സിറ്റി ഇംപ്രൂവ്‌മെന്റ് സ്‌കീമിനും പാലാ ബൈപ്പാസ് റോഡിനും ഒരുകോടി രൂപ വീതം മാറ്റിവെച്ചു.
23 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കായി 300 കോടി രൂപ ചെലവുവരും. ടോള്‍ അടിസ്ഥാനത്തിലായിരിക്കും ഇവ നിര്‍മിക്കുക. നടത്തിപ്പിന് സര്‍ക്കാരിന്റെ സബ്‌സിഡിയുണ്ടാകും.
സംസ്ഥാനത്ത് ഇനിയും വെളിച്ചമെത്തിക്കാനുള്ള അഞ്ചുലക്ഷം വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിന് 12.5 കോടി രൂപ മാറ്റി വെച്ചു. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ പ്ലാന്റുകളുടെ നവീകരണം മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കും. ചീമേനിയിലെ സൂപ്പര്‍ തെര്‍മല്‍ പദ്ധതി സ്ഥാപിക്കുന്നതിന് 10 കോടി നല്‍കും.




MathrubhumiMatrimonial