state budget

സ്വദേശാഭിമാനിയുടെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുക്കും

Posted on: 05 Mar 2010


തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അതിയന്നൂരിലുള്ള ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കലാ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ആകെ 37.8 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
മ്യൂസിയങ്ങള്‍ക്കും മൃഗശാലകള്‍ക്കും 6.5 കോടി, കലാമണ്ഡലത്തിന് അഞ്ച് കോടി, ചലച്ചിത്ര വികസന കോര്‍പ്പറേഷന് രണ്ടു കോടി, സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവയ്ക്ക് 1.25 കോടി വീതം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 70 ലക്ഷം, ജവഹര്‍ ബാലഭവന്‍, ആറന്മുള വാസ്തുവിദ്യാ കേന്ദ്രം എന്നിവയ്ക്ക് 50 ലക്ഷം വീതം, ഭാരത് ഭവന് 15 ലക്ഷം, സ്​പിക് മെക്കെ, മാജിക്ക് അക്കാദമി എന്നിവയ്ക്ക് 10 ലക്ഷം വീതം എന്നിങ്ങനെ അനുവദിച്ചു.
കേരള ഗാന്ധി കെ.കേളപ്പന്‍ (തവനൂര്‍), വൈക്കം മുഹമ്മദ് ബഷീര്‍ (തലയോലപ്പറമ്പ്), പൊന്‍കുന്നം വര്‍ക്കി (പാമ്പാടി), എം.പി.പോള്‍ (കൂത്താട്ടുകുളം), രാജാ കേശവദാസ് (ആലപ്പുഴ), ഇരയിമ്മന്‍ തമ്പി (ചേര്‍ത്തല), കെ.ടി.മുഹമ്മദ് (കോഴിക്കോട്), പി.കെ.കാളന്‍ (വയനാട്), എം.എന്‍.ഗോവിന്ദന്‍ നായര്‍ (തിരുവനന്തപുരം), രവീന്ദ്രന്‍ (കുളത്തൂപ്പുഴ), പി.എന്‍.പണിക്കര്‍ (തിരുവനന്തപുരം), പി.ടി.ഭാസ്‌കരപ്പണിക്കര്‍ (പാലക്കാട്), വി.കെ.എന്‍. (തിരുവില്വാമല), പി.കുഞ്ഞിരാമന്‍ നായര്‍ (കാഞ്ഞങ്ങാട്), കുമ്പളത്ത് ശങ്കുപ്പിള്ള (ചവറ) എന്നിവരുടെ സ്മാരകങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 15 ലക്ഷം രൂപവീതം നല്‍കി. കടമ്മനിട്ട കാവ്യശില്പ പാര്‍ക്ക് (കടമ്മനിട്ട), പി.കെ.വി. സ്റ്റഡി സെന്റര്‍ (കിടങ്ങൂര്‍), അനന്തകൃഷ്ണയ്യര്‍ സെന്റര്‍ ഫോര്‍ ആന്ത്രപ്പോളജിക്കല്‍ സ്റ്റഡീസ് (പാലക്കാട്), മഹാകവി മൊയിന്‍കുട്ടി വൈദ്യര്‍ സ്മാരകം (കൊണ്ടോട്ടി), സി. അച്യുതമേനോന്‍ സ്റ്റഡി സെന്റര്‍ (പൂജപ്പുര) എന്നീ സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് 49 കോടി രൂപയാണ് ബജറ്റില്‍ നല്‍കിയത്. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിന് 20 കോടി രൂപ അനുവദിച്ചു. പീച്ചിയിലെ കേരള ഇറിഗേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അണക്കെട്ട് പരിപാലനത്തിലും ഹൈഡ്രോളജിയിലും പഠനകോഴ്‌സുകള്‍ സംഘടിപ്പിക്കുന്ന ഉന്നത സാങ്കേതിക ഗവേഷണ സ്ഥാപനമായി ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്. ഡാം ഡീസില്‍റ്റിങ് സംബന്ധിച്ച് പ്രത്യേക പഠന ഗവേഷണ സെല്‍ ആരംഭിക്കുന്നതിന് തിരുവനന്തപുരം ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന് മൂന്നു കോടി അനുവദിച്ചു.




MathrubhumiMatrimonial