state budget

തിരുവനന്തപുരത്തും തൃശ്ശൂരിലും മലപ്പുറത്തും ഈ വര്‍ഷം റീസര്‍വേ തുടങ്ങും

Posted on: 05 Mar 2010


തിരുവനന്തപുരം: ഭൂമികേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലെ റീസര്‍വേ ഈ വര്‍ഷം ഏറ്റെടുക്കും. ലാന്‍ഡ് റെക്കോര്‍ഡുകളുടെ നവീകരണമാണ് റവന്യൂ വകുപ്പിലെ പ്രധാന പ്ലാന്‍സ്‌കീം.
മതിലകം, അഗളി, അരൂര്‍ എന്നിവിടങ്ങളില്‍ പുതിയ മിനി സിവില്‍ സ്റ്റേഷനുകള്‍ക്ക് അനുവാദം നല്കും. സുനാമി പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും. ആരംഭിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് 37 കോടി രൂപ ബജറ്റില്‍ നിന്നും ലഭ്യമാക്കും. ടാറ്റയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന മൂന്നാര്‍ പട്ടണത്തില്‍ പ്രത്യേക വികസന അതോറിറ്റിയുടെ കീഴില്‍ നവീന മൂന്നാര്‍ പണിയുന്നതിന് 20 കോടി രൂപ വകയിരുത്തും.
സഹകരണമേഖലയ്ക്കുള്ള ധനസഹായം 20 കോടി രൂപയില്‍ നിന്നും 42 കോടി രൂപയായി ഉയര്‍ത്തും. കണ്‍സ്യൂമര്‍ഫെഡ് ഉത്സവകാലത്ത് നടത്തുന്ന പ്രത്യേക ചന്തകള്‍ക്ക് സബ്‌സിഡി നല്കുന്നതിനായി 20 കോടി രൂപ വകയിരുത്തുന്നു.
ട്രഷറി എ.ടി.എം ആഗസ്ത് മാസം മുതല്‍ നടപ്പിലാകും. കോര്‍ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പുതിയ കമ്പ്യൂട്ടറുകള്‍ക്കും സെന്‍ട്രല്‍ സെര്‍വറിനും കോര്‍ബാങ്കിങ് സോഫ്റ്റ്‌വേറിനും ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

ആറു പുതിയ പോലീസ് സ്റ്റേഷനുകള്‍


മണ്ണന്തല, ചോറ്റാനിക്കര, മങ്കട, പനമരം, മയ്യില്‍, മണ്ണഞ്ചേരി എന്നിവിടങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. 1000 ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ പോലീസിന്റെയും 3000 ഹോം ഗാര്‍ഡകളുടെയും നിയമനം 2010-11ല്‍ ആരംഭിക്കും. കൊല്ലം, തൃശ്ശൂര്‍ എന്നീ നഗരങ്ങളില്‍ പോലീസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പാക്കും.
റാന്നി, അങ്കമാലി, കുന്നത്തൂര്‍, തിരൂരങ്ങാടി, ചാലക്കുടി എന്നിവിടങ്ങളില്‍ ജോയിന്റ് ആര്‍.ടി. ഓഫീസുകള്‍ ആരംഭിക്കും.
ടെക്‌നോപാര്‍ക്ക് (കഴക്കൂട്ടം), ഏലൂര്‍ വ്യവസായകേന്ദ്രം, കുറ്റിക്കേല്‍, മാള, കൊടുവള്ളി, ഇരിട്ടി, കരുനാഗപ്പള്ളി, പുതുക്കാട് എന്നിവിടങ്ങളില്‍ പുതിയ ഫയര്‍‌സ്റ്റേഷനുകള്‍ അനുവദിക്കും.

ജീവനക്കാര്‍ക്ക് അപകടസഹായനിധി


പോലീസ്, ഫയര്‍ സര്‍വീസ്, എകൈ്‌സസ് എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ജോലിയുടെ ഭാഗമായി സംഭവിക്കുന്ന അത്യാഹിതങ്ങള്‍, അപകടങ്ങള്‍ എന്നിവയെ തുടര്‍ന്ന് ചികിത്സയ്ക്കും മറ്റു സഹായങ്ങള്‍ക്കുമായി ഒരു നിധി രൂപവത്കരിക്കും.
30 ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഗ്രാമന്യായാലയങ്ങള്‍ ആരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്.




MathrubhumiMatrimonial