state budget

കെ.എസ്.ആര്‍.ടി.സി. ആയിരം ബസ്സുകള്‍ വാങ്ങും

Posted on: 05 Mar 2010


വാണിജ്യമേഖലയുടെ വികസനത്തിനായി വാണിജ്യമിഷന്‍ രൂപവത്കരിക്കും. വാണിജ്യസംരംഭകത്വ പരിശീലനത്തിനും മാനേജ്‌മെന്റ് പഠനത്തിനുമായി കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് റീട്ടെയില്‍ മാനേജ്‌മെന്റ് എന്ന സ്ഥാപനം തുടങ്ങും. വ്യവസായ, വാണിജ്യ സംഘടനകളുടെ പങ്കാളിത്തത്തോടെയായിരിക്കും സ്ഥാപനം തുടങ്ങുക. ഇതിനായി ഒരുകോടി രൂപ വകയിരുത്തി.

ഗ്രാന്‍ഡ്‌കേരള ഷോപ്പിങ്‌ഫെസ്റ്റിവലിനെ 2015 ആകുമ്പോഴേക്കും ലോകമെങ്ങും അറിയപ്പെടുന്ന മേളയായി മാറ്റും. ഇതിനായി 25 കോടി വകയിരുത്തി. ഇതില്‍ 10 കോടി പുതിയ വാണിജ്യകേന്ദ്രങ്ങളുടെ ആസൂത്രണം, നിലവിലുള്ള തെരുവുകളുടെയും പൈതൃക കേന്ദ്രങ്ങളുടെയും സംരക്ഷണം, കേരള റീട്ടെയില്‍ ബ്രാന്‍ഡിനുവേണ്ടിയുള്ള പ്രചാരണം എന്നിവയ്ക്കായി ചെലവിടും. വ്യാപാരി ക്ഷേമനിധിയുടെ വാര്‍ഷിക ഫീസ് രജിസ്‌ട്രേഷന്‍ പുതുക്കുകയും ഇ-പേമെന്റ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും. വ്യാപാരി ക്ഷേമനിധിയിലേക്ക് അഞ്ചു കോടിയോ അധികമായി സമാഹരിക്കുന്ന വാറ്റ് നികുതിയുടെ രണ്ടു ശതമാനമോ ഏതാണ് കൂടുതല്‍ അത് ലഭ്യമാക്കും.

കെ.എസ്.ആര്‍.ടി.സി. 1000 ബസ്സുകള്‍ പുതുതായി പുറത്തിറക്കും. 42 കോടി രൂപയാണ് കോര്‍പ്പറേഷനുള്ള പദ്ധതി വിഹിതം. കാസര്‍കോട്, കൊട്ടാരക്കര എന്നിവിടങ്ങളിലെ ഷോപ്പിങ് കോംപ്ലക്‌സുകള്‍ പൂര്‍ത്തിയാക്കും. 121 കോടി രൂപ അനുവദിച്ചിട്ടും കെ.എസ്.ആര്‍.ടി.സി. വലിയ റവന്യൂ നഷ്ടത്തിലാണ്. പ്രതിമാസം 20 കോടിയില്‍പ്പരം പലിശയ്ക്കായി ഇപ്പോള്‍ വേണം. കോര്‍പ്പറേഷന്റെ വിനിയോഗിക്കാത്ത ഭൂമി ഉപയോഗപ്പെടുത്തി കെ.ടി.ഡി.എഫ്.സിക്കുള്ള കടബാധ്യത കുറയ്ക്കാന്‍ ലക്ഷ്യമിട്ടെങ്കിലും ഉടമസ്ഥാവകാശത്തിന്റെ രേഖകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് വളരെ അപകടകരമായ സ്ഥിതിയാണ്.

സംസ്ഥാനത്തെ ബസ്സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളുടെ വിശ്രമസ്ഥലങ്ങളും ടോയ്‌ലറ്റ്‌സൗകര്യങ്ങളും കുറവാണ്. ഈ സ്ഥിതി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് എട്ടുകോടിയും പി.ഡബ്ല്യു.ഡിക്ക് 2.5 കോടിയും അനുവദിച്ചു.

കൊല്ലം-കോട്ടപ്പുറം ജലപാതയുടെ ഫീഡര്‍ കനാല്‍ നവീകരണത്തിനായി 40 കോടി രൂപ നല്‍കും. പുതിയ ബോട്ടുകള്‍ വാങ്ങാന്‍ അഞ്ചുകോടി നല്‍കും. കൊച്ചിയില്‍ ഫെറി സര്‍വീസിനായി ജന്റംപദ്ധതിയില്‍ 40 ബോട്ടുകള്‍ വാങ്ങും. വേളി, ആക്കുളം കായലുകളുടെ പരിസ്ഥിതി പുനഃസ്ഥാപനത്തിനായി 25 കോടിയുടെ പദ്ധതി കേന്ദ്രസഹായത്തോടെ നടപ്പാക്കും.

കോസ്റ്റല്‍ ഷിപ്പിങ്ങിന് സംയുക്ത സംരംഭമായി ഒരു കമ്പനി രൂപവത്കരിച്ച് സംസ്ഥാനത്തെ തുറമുഖങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുകയും ചെയ്യും.




MathrubhumiMatrimonial