state budget

മുഴുവന്‍ കൃഷിക്കാര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

Posted on: 05 Mar 2010


കേരളത്തിലെ മുഴുവന്‍ കൃഷിക്കാര്‍ക്കും ഒരു വര്‍ഷത്തിനകം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. കാര്‍ഷികമേഖലയുടെ അടങ്കല്‍ 419 കോടി രൂപയില്‍നിന്ന് 622 കോടി രൂപയായി ഉയര്‍ത്തി. ഇതില്‍ 130 കോടി രൂപ ഭക്ഷ്യസുരക്ഷാപദ്ധതിക്കായി പ്രത്യേകം വകയിരുത്തും.

നെല്‍കൃഷിക്കുവേണ്ടി 500 കോടി രൂപ ചെലവഴിക്കും. കൃഷിച്ചെലവിന് പലിശരഹിത വായ്പ, വിത്ത്, വളം, പമ്പിങ് സബ്‌സിഡികള്‍, കൊയ്ത്തു കഴിഞ്ഞാല്‍ കേന്ദ്രനിരക്കിനേക്കാള്‍ കിലോയ്ക്ക് രണ്ടര രൂപ അധികം ഉറപ്പാക്കിയുള്ള സംഭരണം, കൃഷി പിഴച്ചാല്‍ ഇന്‍ഷുറന്‍സ് എന്നിവ നെല്‍കൃഷി മേഖലയ്ക്കായി നടപ്പാക്കും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴിയുള്ള സംഭരണം ഇന്നത്തെ നിലയ്ക്ക് തുടരും. നെല്‍കൃഷി കുറവുള്ള മേഖലകളില്‍ സംഭരണം സഹകരണമേഖലയെ ഏല്പിക്കും. ഇതിനായി സഹകരണമേഖലയ്ക്ക് 13 കോടി രൂപ പ്രത്യേകം വകയിരുത്തും.

ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍ ആരംഭിച്ച ഭക്ഷ്യസുരക്ഷാപദ്ധതി വിജയത്തിലേക്ക് കുതിക്കുകയാണെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ് നെല്ല്, പാല്‍, മുട്ട എന്നിവയുടെ ഉല്പാദനത്തില്‍ നേട്ടം കൈവരിച്ചതായും അവകാശപ്പെടുന്നു.

രോഗബാധിത തെങ്ങുകള്‍ വെട്ടിമാറ്റി പുതിയവ നട്ടുപിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നാളികേരവികസനത്തിന് 30 കോടി രൂപ വകയിരുത്തും. പച്ചക്കറിവികസനത്തിന് ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍, ആര്‍.കെ.വി.വൈ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 100 കോടി രൂപയെങ്കിലും ചെലവഴിക്കും. കുരുമുളക്കൃഷി നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിന് ഒരു സമഗ്ര പദ്ധതി വയനാട്ടില്‍ നടപ്പാക്കും. അടയ്ക്കാകര്‍ഷകര്‍ക്കായി 10 കോടി രൂപയുടെ പാക്കേജ് തയ്യാറാക്കുമെന്ന് മന്ത്രി ഡോ. തോമസ്‌ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിക്കുന്നു.



MathrubhumiMatrimonial