state budget

രണ്ടേകാല്‍ മണിക്കൂര്‍; ചിരിക്കാനും വക

Posted on: 05 Mar 2010


ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇത്തവണയും ഒട്ടും കുറച്ചില്ല. കഴിഞ്ഞ തവണത്തെപ്പോലെ സുദീര്‍ഘമായിരുന്നു ബജറ്റ് പ്രസംഗം. വെള്ളിയാഴ്ച രണ്ടേകാല്‍ മണിക്കൂറാണ് ഐസക്ക് ബജറ്റ് വായിച്ചത്. ഇടയ്ക്ക് ചിരിക്കാനും വകയുണ്ടായിരുന്നതിനാല്‍ പ്രതിപക്ഷത്തിനും വായന ആസ്വാദ്യകരമായി.

സാമൂഹിക ക്ഷേമ പദ്ധതികള്‍ അടിക്കടി പ്രഖ്യാപിച്ചപ്പോള്‍ ഭരണപക്ഷം തുടരെത്തുടരെ കൈയടിച്ചു. എന്നാല്‍ പിണറായിയില്‍ പുതിയ അങ്കണവാടി പരിശീലന കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷം ചിരിച്ചുപോയി. മദ്യം വിറ്റഴിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍, തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞപ്പോള്‍ ചിരി ഇരുപക്ഷത്തും പടര്‍ന്നു.

രുദ്രാക്ഷത്തിനും ജപമാലയ്ക്കും കൊന്തയ്ക്കും വിഭൂതിക്കും കുര്‍ബാന വസ്ത്രങ്ങള്‍ക്കുമെല്ലാം നികുതി ഒഴിവാക്കിയെന്ന പ്രഖ്യാപനം പൊട്ടിച്ചിരിക്കാണ് വഴിവെച്ചത്. മതവിശ്വാസവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ വിവാദം നിലനില്‍ക്കുമ്പോള്‍ സാന്ദര്‍ഭികമായി മതവിശ്വാസികള്‍ക്ക് അനുകൂലമായ പ്രഖ്യാപനം വന്നതാണ് പൊട്ടിച്ചിരിക്ക് തിരികൊളുത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം 200 കോടി കവിഞ്ഞെന്ന് മന്ത്രി പ്രഖ്യാപിച്ചപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷനെയാണോ ഉദ്ദേശിക്കുന്നതെന്നായി പ്രതിപക്ഷം. പ്രതിപക്ഷ മണ്ഡലങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് ഇടയ്ക്ക് ചിലരൊക്കെ ബഹളമുണ്ടാക്കിയെങ്കിലും അതെല്ലാം പെട്ടെന്ന് കെട്ടടങ്ങി.



MathrubhumiMatrimonial