
പൊതുമേഖലയ്ക്ക് ഊന്നല്‍
Posted on: 05 Mar 2010

അഞ്ച് പൊതുമേഖലാസ്ഥാപനങ്ങള്‍ കൂടി ലാഭകരമായാല്‍ എല്ലാ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളും ലാഭകരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമെന്ന അപൂര്‍വ നേട്ടത്തിന് കേരളം അര്‍ഹമാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 2005-06-ല്‍ 70 കോടി രൂപ നഷ്ടമുണ്ടായിരുന്ന സ്ഥാനത്താണ് നടപ്പുവര്‍ഷം 200 കോടി ലാഭം പ്രതീക്ഷിക്കുന്നത്. ഇതുപയോഗപ്പെടുത്തി പൊതുമേഖലാസ്ഥാപനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും നയമാറ്റവും ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി മൂലധനത്തിന്റെ 20 ശതമാനം വരെയുള്ള തുക സര്‍ക്കാരിന്റെ അനുമതി തേടാതെ ഫാക്ടറിയുടെ നവീകരണത്തിനായി മുതല്‍മുടക്കാം. പൊതുമേഖലാസ്ഥാപനങ്ങളുടെ മിച്ച ഫണ്ട് പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ഓഹരിയോ വായ്പയോ ആയി മുതല്‍മുടക്കുകയും ചെയ്യാം.
വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 55 കോടി രൂപ വകയിരുത്തി. ഇവയുടെ വിപുലീകരണത്തിനായി 275 കോടിയും നല്‍കും. കെ.എം.എം.എല്‍. നവീകരണത്തിന് 100 കോടി, ഓട്ടോ കാസ്റ്റില്‍ സ്റ്റീല്‍ കാസ്റ്റിങ് ലൈന്‍-പത്തുകോടി, കെ.എസ്.ഡി.പി. നവീകരണത്തിന് പുതിയ പ്രൊഡക്ഷന്‍ ലൈന്‍-34 കോടി, കേരള സോപ്‌സില്‍ പുതിയ പ്രൊഡക്ഷന്‍ യൂണിറ്റ്-അഞ്ചു കോടി, തിരുവനന്തപുരം സ്പിന്നിങ്മില്‍-അഞ്ചു കോടി, ട്രാവന്‍കൂര്‍ ടൈറ്റാനിയം-25 കോടി, ട്രാവന്‍കൂര്‍-കൊച്ചിന്‍ കെമിക്കല്‍സ്-51 കോടി, മലബാര്‍ സ്പിന്നിങ്മില്‍-15 കോടി, കെല്ലിന്റെ നവീകരണം-30 കോടി എന്നിങ്ങനെയാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം. വിദേശമലയാളികളുടെ പങ്കാളിത്തമുള്ള ഇന്‍കലിന്റെ ആഭിമുഖ്യത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്നു കോടി വകയിരുത്തി.
ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഐ.ടി. പദ്ധതിക്ക് ഇന്‍ഫോ പാര്‍ക്ക് മുന്‍കൈയെടുക്കും. ഇതിനായി 150 ഏക്കര്‍ ഏറ്റെടുത്തു. രണ്ട് ഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഒന്നാംഘട്ടം ഇന്‍ഫോ പാര്‍ക്ക് നേരിട്ട് നടത്തും. ഇതിനായി 50 കോടി വകയിരുത്തി. രണ്ടാംഘട്ടത്തിന് സിയാലിന്റെയോ വിഴിഞ്ഞത്തിന്റെയോ മാതൃകയില്‍ ബിസിനസ് മോഡല്‍ രൂപവത്കരിക്കും.
ഐ.ടി. വകുപ്പിന്റെ അടങ്കല്‍ 86 കോടിയില്‍നിന്ന് 153 കോടിയായി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരത്ത് ഐ.സി.ടി. അക്കാദമി സ്ഥാപിക്കും. സംസ്ഥാനത്തെ വിവിധ ഐ.ടി., സൈബര്‍ പാര്‍ക്കുകള്‍ക്കായി 70 കോടി നീക്കിവെച്ചു. കോഴിക്കോട്, ചേര്‍ത്തല, അമ്പലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 20 കോടി രൂപയും വകയിരുത്തി. സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് ബജറ്റില്‍ പറയുന്നു. കരാറിലില്ലാത്ത അവകാശങ്ങള്‍ ടീകോം ഉന്നയിച്ചതാണ് പദ്ധതി വൈകാന്‍ കാരണമാകുന്നത്-മന്ത്രി പറഞ്ഞു.
