state budget

ബജറ്റില്‍ വന്‍കിട പദ്ധതികള്‍ക്ക് ഊന്നല്‍

Posted on: 05 Mar 2010


തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് ഊന്നല്‍. വന്‍കിട വ്യവസായ മേഖലയ്ക്ക് 412 കോടി രൂപ വകയിരുത്തി. ചെറുകിട പരമ്പരാഗത വ്യവസായത്തിന് 240 കോടിയും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് 25 കോടി രൂപയും നല്‍കും. 50,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ കോറിഡോറാണ് ബജറ്റിലെ പ്രധാന പദ്ധതികളിലൊന്ന്. ഇതിനായി പുതിയ കമ്പനി രൂപവത്കരിക്കും.

സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഐ.ടി മേഖലയുടെ വികസനത്തിന് 412 കോടിയുടെ അടങ്കല്‍.


പൊതുമേഖലയുടെ വികസനത്തിന് ഊന്നല്‍


എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലാക്കുമെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ടു ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. 120 കോടി മുടക്കി എട്ടു പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്ഥാപിക്കും. നഗരമേഖലയിലെ തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി അനുവദിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി പുതിയ കമ്പനി രൂപവത്കരിക്കും. ഇതില്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരിയുണ്ടാവും. വിഴിഞ്ഞം പദ്ധതിക്കായി 125 കോടി രൂപ വകയിരുത്തി. കെ.എസ്.ആര്‍.ടി.സിക്ക് 42 കോടി. കെ.എസ്.ആര്‍.ടി.സി 1000 ബസുകള്‍ പുറത്തിറക്കും.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിനായി 10 കോടി നല്‍കും. ജലസേചന പദ്ധതികള്‍ക്കു 326 കോടിയും ഡയറിഫാമുകളുടെ വികസനത്തിന് 21 കോടിയും തീരദേശ കടാശ്വാസത്തിനായി 10 കോടിയും വകയിരുത്തി.

കാര്‍ഷിക മേഖലയ്ക്കുളള പദ്ധതിയടങ്കല്‍ 622 കോടി രൂപയാക്കി. ഇതില്‍ 125 കോടി ഭക്ഷ്യസുരക്ഷയ്ക്കാണ്. കാര്‍ഷിക മേഖലയുടെ നവീകരണത്തിന് 51 കോടി. നെല്‍ക്കൃഷി വികസനത്തിനു സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

കശുവണ്ടി വ്യവസായത്തിന് 52 കോടി. കശുവണ്ടി സംഭരണത്തിന് 25 കോടി. നാളികേര വികസനത്തിന് 30 കോടി രൂപ. നാളികേര സംസ്‌കരണത്തിന് 10 കോടി രൂപ. കയര്‍ മേഖലയ്ക്ക് 82 കോടി രൂപ. കയര്‍ സഹകരണ സംഘങ്ങള്‍ക്ക് 10 കോടി രൂപയും വകയിരുത്തും.

1,000 കോടി രൂപ ഹരിത പദ്ധതിക്കായി വകയിരുത്തി. 50,000 കോടി രൂപ ചെലവില്‍ അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്ക് അനുമതിയായതായി ധനമന്ത്രി വ്യക്തമാക്കി.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചത്.

ബജറ്റ് പൂര്‍ണ്ണരൂപം



MathrubhumiMatrimonial