state budget

ഹരിതപദ്ധതികള്‍ക്ക് പ്രധാന്യം, സാമൂഹിക സുരക്ഷയ്ക്കും

Posted on: 05 Mar 2010


തിരുവനന്തപുരം: വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റില്‍ ഹരിതപദ്ധതികള്‍ക്കും സാമൂഹികസുരക്ഷാപദ്ധതികള്‍ക്കും ഒന്നുപോലെ പ്രാധാന്യം. ഗ്രീന്‍ഫണ്ടിന് ആയിരംകോടി രൂപയാണ് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് പത്തുകോടി മരം നടാനും പദ്ധതിയുണ്ട്. എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് രണ്ടുരൂപയ്ക്ക് അരിനല്‍കും. ഇതിന് 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

അഞ്ചുവര്‍ഷം കൊണ്ട് ഗ്രീന്‍ഫണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ അണക്കെട്ടുകളിലെ മണലും ചെളിയും നീക്കംചെയ്യുന്നതില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 800 കോടി രൂപയില്‍ 25 ശതമാനം ഈ ഫണ്ടിനായി ഉപയോഗിക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് രണ്ടരകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുനരുപയോഗം ചെയ്യപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് വിലകുറയും. പഌസ്റ്റിക് അവശിഷ്ടങ്ങളുടെ സംസ്‌ക്കരണത്തിന് 10 കോടി വകയിരുത്തി.

കണ്ടല്‍ക്കാടുകളും കാവുകളും സംരക്ഷിക്കുന്നവര്‍ക്ക് ഗ്രാന്റ് നല്‍കാനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. പക്ഷിസങ്കേതങ്ങള്‍, കടലാമ പ്രജനനകേന്ദ്രങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ വായനശാലകള്‍ക്കും നേച്ചര്‍ക്ലബ്ബുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വാര്‍ഷിക ഗ്രാന്റ് അനുവദിക്കും. പുരയിടങ്ങളിലെ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
മൈക്രോവൈദ്യുത പദ്ധതികള്‍ക്ക് അഞ്ചുകോടി നീക്കി വെച്ചു.

ഇന്ധനക്ഷമത കൂടിയ ഒരു കോടി സിഎഫ്എല്‍ ബള്‍ബുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്യും. ഊര്‍ജസംരക്ഷണം പ്രോത്സാഹിപ്പിക്കാന്‍ ഊര്‍ജ ക്രെഡിറ്റ് പദ്ധതി നടപ്പാക്കും. ക്രെഡിറ്റ് കൂപ്പണ്‍ ഉപയോഗിച്ച് പുസ്തകമോ സപ്ലൈകോയില്‍ നിന്ന് സാധനങ്ങളോ വാങ്ങാം. ഈ പരിപാടിക്ക് 25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഊര്‍ജഓഡിറ്റിങ് നടപ്പാക്കും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് ക്ഷമതയേറിയ അടുപ്പുകള്‍ നല്‍കാന്‍ 15 കോടി വകയിരുത്തി. ഗ്രീന്‍ കെട്ടിടങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഊര്‍ജ ഉപഭോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. അതിനായി ഓഫീസുകളില്‍ പ്രീ പെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കും. നിയമസഭാ കോംപ്‌ളെക്‌സ്, സെക്രട്ടേറിയറ്റ്, ഹൈക്കോടതി, മസ്‌കറ്റ് ഹോട്ടല്‍, മെഡിക്കല്‍ കോളെജ് എിവിടങ്ങളില്‍ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനം നടപ്പിലാക്കും. ഇത്തരം പ്രവര്‍ത്തനം സാര്‍വത്രികമാക്കുതിന് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന് കീഴില്‍ പുതിയ
കമ്പനിക്ക് രൂപംനല്‍കും. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കത്തിടപാടുകള്‍ ഇ-മെയില്‍ വഴിയാക്കുമെന്ന് ബജറ്റില്‍ പറഞ്ഞു. അതുവഴി കടലാസിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയും.

പരമ്പരാഗത തൊഴില്‍ മേഖലകള്‍, സ്ത്രീകള്‍, ദുര്‍ബലവിഭാഗങ്ങള്‍ എന്നിവയുടെയൊക്കെ ക്ഷേമം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് ജൂണ്‍ ഒന്നു മുതലാണ് രണ്ടു രൂപാ നിരക്കില്‍ അരി നല്‍കിത്തുടങ്ങുക. ഇങ്ങനെ അരി ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. ക്ഷേമപെന്‍ഷന്‍ 300 രൂപയാക്കി വര്‍ധിപ്പിച്ചു.

സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളാകുന്ന പദ്ധതികള്‍ക്ക് 620 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാര്‍ഥിനികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്തും. സ്ത്രീകളുടെ സുരക്ഷയ്ക്ക് ആസ്​പത്രികളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടും വൈദ്യുതിയും നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീക്ക് 40 കോടി സഹായം പ്രഖ്യാപിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് നാല് ശതമാനം നിരക്കില്‍ വായ്പയും ലഭ്യമാക്കും. നവ പാര്‍പ്പിട പദ്ധതിക്ക് 15 കോടി വകയിരുത്തിയിട്ടുണ്ട്. ചേരികളുടെ പുനരുദ്ധാരണത്തിന് 120 കോടി ചെലവിടും. പാചകത്തൊഴിലാളികളുടെ കുറഞ്ഞ കൂലി 150 രൂപയാക്കി.





MathrubhumiMatrimonial