goodnews head

ആതുരസേവനരംഗത്ത് വേറിട്ടൊരു മാതൃക

Posted on: 28 Oct 2007


കല്‍പറ്റ: ചികിത്സ പണക്കൊഴുപ്പിന്റെ മേഖലയായി അതിവേഗം മാറുന്നതിനിടയില്‍ ആതുരസേവനം ജീവിതവ്രതമാക്കിയ ഡോക്ടര്‍ ദമ്പതിമാര്‍ മാതൃകയാകുന്നു. കല്‍പറ്റ കൈനാട്ടിയിലെ അമൃതകൃപാ ചാരിറ്റബിള്‍ ആസ്​പത്രിയിലെ ഡോ. സല്‍ക്കീവ്‌വാസുദേവനും ഡോ. അജിതയുമാണ് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമേകുന്നത്.
പട്ടിണിപ്പാവങ്ങളായ ആദിവാസികളും കര്‍ഷക കുടുംബങ്ങളുമൊക്കെ ചികിത്സ തേടിയെത്തുന്ന ആതുരാലയമാണ് അമൃതകൃപ. സൗജന്യ ചികിത്സയും ചികിത്സകരുടെ സാന്ത്വനവും രോഗികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
കൈനാട്ടിയില്‍ അമൃതകൃപാ ചാരിറ്റബിള്‍ ആസ്​പത്രി തുടങ്ങിയപ്പോള്‍ മാതാ അമൃതാനന്ദമയിയുടെ നിര്‍ദേശപ്രകാരമാണ് ഡോക്ടര്‍ ദമ്പതിമാര്‍ ഇവിടെ എത്തുന്നത്. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 35,000 രൂപ ശമ്പളത്തില്‍ 5000 രൂപ മാത്രമാണ് ഇവര്‍ സ്വീകരിക്കുന്നത്. അതില്‍ 2000 രൂപ വീതം പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി ചെലവാക്കുന്നു. വിദേശത്തുനിന്നും വന്‍ പ്രതിഫലത്തോടെയുള്ള ജോലിവാഗ്ദാനവും ഇവര്‍ നിരസിക്കുകയായിരുന്നു.
വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്നുള്ള ഡോ. സല്‍ക്കീവിനെയും ഡോക്ടര്‍ അജിതയെയും ഒരു താലിച്ചരടിനാല്‍ കൂട്ടിയിണക്കാന്‍ കാരണക്കാരിയായതും അമ്മയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സല്‍ക്കീവ് അമ്മയെ ആദ്യമായി കണ്ടത്. ജീവിതം സേവനത്തിനായിരിക്കണമെന്ന അമ്മയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ സല്‍ക്കീവിന് രണ്ടാമതൊന്നു ആലേചിക്കേണ്ടിവന്നില്ല. പ്രസ്ഥാനത്തിന്റെ സഹയാത്രികയായിരുന്ന ഡോ. അജിത, സല്‍ക്കീവിലൂടെയാണ് അമ്മയെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് അവരും അമ്മയുടെ സേവനപാത പിന്തുടര്‍ന്നു. നിസ്വാര്‍ഥ സേവനത്തിനായി ഇറങ്ങിത്തിരിച്ച ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിച്ചു.
കൊല്‍ക്കത്തയില്‍ ജനിച്ച ഡോ. സല്‍ക്കീവ് കുണ്ടംകുളം സ്വദേശിയാണ്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍നിന്ന് എം.ബി.ബി.എസും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ഡിയും ലണ്ടനിലെ ഓക്‌സ്ഫഡില്‍ഉപരിപഠനവും പൂര്‍ത്തിയാക്കി.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ അജിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസും തുടര്‍ന്ന് അനസ്‌തേഷ്യയില്‍ ഡിപ്ലോമയും നേടി. അമൃതകൃപാ ആസ്​പത്രിയില്‍ മൂന്നുവര്‍ഷമായി ഈ ദമ്പതിമാര്‍ പ്രവര്‍ത്തിക്കുന്നു. നിത്യേന ശരാശരി 200 പേരാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. ആഴ്ചയില്‍ മൂന്നു ദിവസം കോളനികളില്‍ ചികിത്സാ ക്യാമ്പും നടത്തുന്നുണ്ട്.
ഡോ. സല്‍ക്കീവ് വാസുദേവനും ഡോ. അജിതയും രോഗികളെ പരിശോധിക്കുന്നു

 

 




MathrubhumiMatrimonial