goodnews head

വൃത്തിയുള്ള നാടിനായി 'ദി സ്‌കാവഞ്ചര്‍'

Posted on: 02 Mar 2010


പരിസ്ഥിതിയോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ ഹ്രസ്വചിത്രത്തിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. നഗരസംസ്‌കൃതിയുടെ മനോഭാവത്തിന്റെ ഭാഗമായി പരിസ്ഥിതിയോട് സമൂഹം കാണിക്കുന്ന അലംഭാവം ശക്തമായി അവതരിപ്പിക്കുകയാണ് 'ദി സ്‌കാവഞ്ചര്‍' എന്ന ഹ്രസ്വചിത്രം. മാലിന്യമുക്തമായ മണ്ണും മനസ്സും നിഷേധിക്കപ്പെടുന്ന ഒരു തലമുറയുടെ വിഹ്വലതകള്‍ ഈ കഥാചിത്രത്തില്‍ ദൃശ്യവത്കരിക്കപ്പെട്ടിട്ടുണ്ട്.



വൃത്തികേടായി കിടക്കുന്ന നഗരമധ്യത്തിലെ സമ്പന്ന കോളനികള്‍ രാത്രിയില്‍ അജ്ഞാതനാല്‍ വൃത്തിയാക്കപ്പെടുന്നതും ഇതേത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ദി സ്‌കാവഞ്ചറിന്റെ ഇതിവൃത്തം. കോളനി വൃത്തിയാക്കപ്പെടുന്നതോടെ 'വൃത്തിയുടെ സുഖം' അനുഭവിക്കുന്ന കോളനിക്കാര്‍ മാലിന്യസംസ്‌കരണത്തിന് ആധുനിക വഴികള്‍ സ്വീകരിക്കുന്നു. കോളനിയിലെ രണ്ട് കുട്ടികള്‍ ആരാണ് കോളനി വൃത്തിയാക്കുന്നതെന്ന രഹസ്യം കണ്ടുപിടിക്കാനിറങ്ങുന്നു. അങ്ങനെ അവര്‍ രഹസ്യം കണ്ടെത്തുകയാണ്.

ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായ വിഷയമാണ് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സ്‌കാവഞ്ചര്‍ ചര്‍ച്ച ചെയ്യുന്നത്. യു. ഹരിപ്രസാദാണ് സംവിധായകന്‍. ബി. ഷിബുവാണ് കഥയും തിരക്കഥയും രചിച്ചത്. അഷ്‌റഫ് പാലാഴി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഇഖ്ബാല്‍ ആപ്പുറമാണ് ചിത്രം നിര്‍മിച്ചത്.

സിവില്‍സ്റ്റേഷന്‍ പരിസരം, ജവഹര്‍ കോളനി, കാക്കൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്. പരിസ്ഥിതിയോടുള്ള പ്രണയത്തില്‍ നിന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ 'സ്‌കാവഞ്ചര്‍' നിര്‍മിക്കുന്നത്. സമൂഹത്തിന് തങ്ങളുടെ ആശയം വ്യക്തമായി പകര്‍ന്നു നല്‍കാനുള്ള ശക്തമായ മാധ്യമമായും അവര്‍ ഇതിനെകാണുന്നു.

 

 




MathrubhumiMatrimonial