budget head

കേന്ദ്രബജറ്റ് ജനവിരുദ്ധം -മുഖ്യമന്ത്രി

Posted on: 26 Feb 2010


തിരുവനന്തപുരം: കേന്ദ്രധനമന്ത്രി പ്രണബ്മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് ജനവിരുദ്ധ ബജറ്റാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നതും സ്വകാര്യവത്കരണത്തിന് വേഗം കൂട്ടുന്നതുമാണിത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഗണ്യമായി വര്‍ധിപ്പിച്ചതിലൂടെ മാത്രം പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയോളം വര്‍ധിക്കും. ക്രൂഡ് ഓയിലിന്റെ ഇറക്കുമതിതീരുവ രണ്ടരശതമാനം വര്‍ധിപ്പിച്ചത് ഇതിനുപുറമേയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയണമെന്ന കീര്‍ത്തിപരേഖ് കമ്മിറ്റി ശുപാര്‍ശ പരിഗണനയിലാണെന്നും ബജറ്റ് പ്രസംഗത്തില്‍ പ്രണബ്കുമാര്‍ മുഖര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. വലിയ ആഘാതം വരാനിരിക്കുന്നതേയുള്ളൂ എന്നാണിത് വ്യക്തമാക്കുന്നത്. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ബജറ്റ് മുന്നോട്ടുവെയ്ക്കുന്നത്.

സാര്‍വത്രിക വളര്‍ച്ച ലക്ഷ്യമിടുന്ന ബജറ്റ് -രമേശ്‌ചെന്നിത്തല

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ഏറെ ഗുണംചെയ്യുന്ന വിധത്തില്‍ സാര്‍വത്രിക വളര്‍ച്ച ലക്ഷ്യമാക്കി ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ബജറ്റാണ് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അടിസ്ഥാനമേഖലകളുടെ വികസനത്തിനാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ക്കും ഗ്രാമീണജനതയ്ക്കും അസംഘടിത വിഭാഗങ്ങള്‍ക്കുമാണ് പ്രത്യേകപരിഗണന. ഭക്ഷ്യസുരക്ഷയ്ക്കുള്ള നടപടികളും കര്‍ഷകര്‍ക്ക് വളംസബ്‌സിഡി നേരിട്ട് ലഭ്യമാക്കാനുള്ള നിര്‍ദേശവും മറ്റും, കാര്‍ഷികപ്രതിസന്ധി തരണംചെയ്യാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഒരു രണ്ടാം ഹരിതവിപ്ലവത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള ആത്മവിശ്വാസമാണ് പ്രകടമാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണവികസനം തുടങ്ങി സുപ്രധാന മേഖലകളിലെല്ലാം പുരോഗതി കൈവരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രബജറ്റിലുണ്ട്.




MathrubhumiMatrimonial