budget head

അടിസ്ഥാന സൗകര്യ വികസനത്തിന് 1,73,552 കോടി

Posted on: 26 Feb 2010


റോഡ് വികസന നീക്കിയിരിപ്പില്‍ 13 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ബജറ്റിലെ പദ്ധതിവിഹിതത്തിന്റെ 46 ശതമാനം അടിസ്ഥാന സൗകര്യ വികസനത്തിനാണ്. റോഡ്, തുറമുഖ, വിമാനത്താവള, റെയില്‍വേ വികസനം ഉള്‍പ്പെടുന്ന ഈ മേഖലയ്ക്ക് 1,73,552 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്.
റോഡ് ഗതാഗത വികസനത്തിനുള്ള മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതല്‍ തുകയാണ് വകയിരുത്തിയത്. റോഡ് വികസനത്തിനുള്ള തുക 17,520 കോടിയില്‍ നിന്ന് നടപ്പുവര്‍ഷം 19,814 കോടിയായാണ് കൂട്ടിയത്.
റോഡ് വികസനത്തില്‍ ത്വര ഗതിയിലുള്ള വികസനത്തിനായി ദേശീയ പാതകളുടെ നിര്‍മാണം ദിവസം 20 കിലോമീറ്റര്‍ എന്ന നിലയില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ നടത്തിപ്പില്‍ കാതലായ പരിഷ്‌കാരം കൊണ്ടുവരും. റെയില്‍വേ ആധുനികവത്കരണത്തിനും റെയില്‍വെ ശൃംഖല വ്യാപിപ്പിക്കുന്നതിനും 16,572 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. റെയില്‍വേ മന്ത്രിയുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് ധനമന്ത്രി അറിയിച്ചു.
ഡല്‍ഹി, മുംബൈ വ്യവസായ ഇടനാഴിക്കുള്ള പദ്ധതി ഏറ്റെടുത്തുകഴിഞ്ഞു. പ്രകൃതിക്കിണങ്ങിയ ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളോടെ ആറ് വ്യവസായ നിക്ഷേപ കേന്ദ്രങ്ങള്‍ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സഹായം നല്‍കാന്‍ സ്ഥാപിച്ച ഇന്ത്യാ അടിസ്ഥാന സൗകര്യ ധനകാര്യ കമ്പനി ലിമിറ്റഡ് നല്‍കുന്ന വായ്പകള്‍ 2011ഓടെ 20,000 കോടിയാകും.





MathrubhumiMatrimonial