budget head

ഇന്ധനവില വര്‍ധന: പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി

Posted on: 26 Feb 2010



ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിനിടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷം ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയി. രൂക്ഷമായ വിലക്കയറ്റം സഭയില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കെ ഡീസല്‍-പെട്രോള്‍ വില കൂട്ടാനുള്ള നിര്‍ദേശം ജനദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സഭ വിട്ടിറങ്ങിയത്.

മുഖ്യപ്രതിപക്ഷമായ എന്‍.ഡി.എ.യെക്കൂടാതെ ഇടതുപക്ഷവും എസ്.പി., ബി.ജെ.ഡി, ബി.എസ്.പി., ആര്‍.ജെ.ഡി., ടി.ഡി.പി., എ.ഐ.എ.ഡി.എം.കെ. കക്ഷികളും ഒന്നിച്ച് സഭ വിട്ടതോടെ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, മകന്‍ കുമാരസ്വാമി, ബി.ജെ.പി.യില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മന്ത്രി ജസ്വന്ത്‌സിങ്, മുന്‍ ജാര്‍ഖണ്ഡ് നിയമസഭ സ്​പീക്കര്‍ ഇന്ദര്‍സിങ് നാംധാരി, ജെ.ഡി.യു. വിട്ട മുന്‍ കേന്ദ്രമന്ത്രി ദിഗ്വിജയ്‌സിങ് തുടങ്ങി ഏതാനും പേര്‍ മാത്രമേ ഭരണകക്ഷിക്കു പുറമെ ബാക്കി ബജറ്റ് പ്രസംഗം കേള്‍ക്കാന്‍ സഭയില്‍ ഉണ്ടായിരുന്നുള്ളൂ.
റെയില്‍ബജറ്റിന് വിഭിന്നമായി പൂര്‍ണ നിശ്ശബ്ദതയിലും ശ്രദ്ധയിലുമായിരുന്നു പൊതു ബജറ്റ് പ്രസംഗം അംഗങ്ങള്‍ കേട്ടത്. ബംഗാളിന് പ്രത്യേക ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പടര്‍ന്ന ചിരിയും ഒറ്റപ്പെട്ട കൈയടികളും മാത്രമായിരുന്നു അപവാദം. ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ അവസാന ഭാഗത്താണ് പെട്രോള്‍- ഡീസല്‍ വില കൂട്ടാനുള്ള നിര്‍ദേശം വന്നത്. ഇടത് അംഗങ്ങളാണ് ആദ്യം പ്രതിഷേധിച്ചത്. നിമിഷങ്ങള്‍ക്കകം പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. ബജറ്റ്പ്രസംഗം നിര്‍ത്താന്‍ അവര്‍ ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോള്‍ ഇന്ധന വില കൂട്ടന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം വിളിച്ചുപറയുന്നുണ്ടായിരുന്നു.

എന്നാല്‍ ബജറ്റവതരണം ഭരണഘടനാപരമായ ആവശ്യമാണെന്നും അതു തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും പ്രണബ് ആവശ്യപ്പെട്ടു. ''ദയവായി ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണം. നിങ്ങള്‍ക്ക് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും. ഇത് ശരിയായ രീതിയല്ല, ഇത് പൂര്‍ണമായും വായിക്കാന്‍ ദയവായി നിങ്ങളെന്നെ അനുവദിക്കണം''-അദ്ദേഹം ബഹളത്തിനിടെ പറഞ്ഞു. അതിനിടെ മുന്‍ മന്ത്രി മുരളീമനോഹര്‍ ജോഷിയെയും പ്രതിപക്ഷ ഉപനേതാവ് ഗോപിനാഥ് മുണ്ടെയെയും പേരെടുത്ത് വിളിച്ചും സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അതുകൊണ്ടെന്നും പ്രതിപക്ഷം വഴങ്ങിയില്ല. പ്രതിപക്ഷനേതാവ് സുഷമസ്വരാജിനൊപ്പം ജെ.ഡി.യു. നേതാവ് ശരത് യാദവ്, ശിവസേന നേതാവ് ആനന്ദ് ഗീഥെ, സി.പി.എം. നേതാവ് ബസുദേവ് ആചാര്യ, സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ബി.എസ്.പി. നേതാവ് ധാരാസിങ് ചൗഹാന്‍, എ.ഐ.എ.ഡി.എം.കെ. നേതാവ് ഡോ. തമ്പിദുരൈ, ടി.ഡി.പി. നേതാവ് നാഗേശ്വര റാവു, ബി.ജെ.ഡി. നേതാവ് ഭര്‍തൃഹരി മെഹ്താബ് എന്നിവരുടെയും സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെയും ആര്‍.ജെ.ഡി.യുടെയും നേതാക്കളായ മുലായത്തിന്റെയും ലാലു പ്രസാദിന്റെയും നേതൃത്വത്തിലാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്.

സ്​പീക്കര്‍ മീരാകുമാറിന്റെ നിര്‍ദേശമനുസരിച്ച് പ്രണബ് പ്രസംഗം തുടര്‍ന്നതോടെ വാക്കൗട്ടിന് ശരത് യാദവും ബസുദേവ് ആചാര്യയും മുലായംസിങ്ങും ആഹ്വാനം ചെയ്തു. അതോടെ എല്ലാവരും സഭ വിട്ടിറങ്ങി. പുറത്തിറങ്ങിയ പ്രതിപക്ഷം കക്ഷിഭേദമെന്യേ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഒരുമിച്ചാണ് പത്രക്കാരെ കണ്ടത്. രാജ്യം മുഴുവന്‍ രൂക്ഷമായ വിലക്കയറ്റത്തിനെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഇന്ധന വിലവര്‍ധനയുമായി ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്രത്തിന് എങ്ങനെ ധൈര്യം വന്നുവെന്ന് സുഷമസ്വരാജ് ചോദിച്ചു. ''എല്ലാ അവശ്യസാധനങ്ങളുടെയും വിലവര്‍ധനയ്ക്ക് ഇന്ധനവിലവര്‍ധന കാരണമാകും. വിലക്കയറ്റപ്രശ്‌നത്തില്‍ ഇടപെട്ടു സംസാരിക്കുന്നതിനിടെ രാജ്യത്തെ ഭയാനകമായ സ്ഥിതിവിശേഷത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടെന്ന് പറഞ്ഞ അതേ ധനമന്ത്രി ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം ഇത്തരമൊരു തീരുമാനവുമായി വന്നത് അത്ഭുതകരമാണ്''-സുഷമ കൂട്ടിച്ചേര്‍ത്തു.

'ആം ആദ്മി'യെ വഞ്ചിക്കുന്ന ബജറ്റാണിതെന്ന് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. ബജറ്റിലെ ജനവിരുദ്ധതയ്‌ക്കെതിരായി പ്രതിപക്ഷത്തോടൊപ്പം അണിനിരക്കുമെന്ന് മുലായംസിങ്ങും വ്യക്തമാക്കി. ഏകാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന യു.പി.എ. സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് ലാലുപ്രസാദും പറഞ്ഞു.ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിനെ പരസ്യമായി വെല്ലുവിളിച്ച് സംസ്ഥാനത്തെ മുഖ്യ എതിരാളികളുമായ ജെ.ഡി.യു.മായി തോളോടുതോള്‍ ചേരുന്ന ലാലുവിന്റെ ആര്‍.ജെ.ഡി. തീരുമാനം വിലക്കയറ്റത്തിന്റെ പേരില്‍ രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനിരിക്കുന്നതിന്റെ സൂചനയാണ്. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് പ്രതിപക്ഷ നേതാക്കളും വ്യക്തമാക്കിയിട്ടുള്ളത്.

ഡി. ശ്രീജിത്ത്







MathrubhumiMatrimonial