goodnews head

സ്‌നേഹത്തിന്റെ വാലാട്ടി അവര്‍ കാത്തിരിക്കുന്നു, സവിത ബത്രയെ...

Posted on: 28 Oct 2007


ചെന്നൈ: എല്ലാ ദിവസവും വൈകുന്നേരം ആറ് കഴിഞ്ഞാല്‍ സവിത ബത്ര തിരക്കിലാവും. വീട്ടുജോലികളെല്ലാം തീര്‍ത്ത് ഭക്ഷണം നിറച്ച പാത്രവുമായി ഇറങ്ങുന്ന ഇവരുടെ വരവും കാത്തിരിക്കുന്നത് ഒരുകൂട്ടം തെരുവ് പട്ടികള്‍. എല്ലാ ദിവസവും വൈകുന്നേരമാകുന്നതോടെ തെരുവ് പട്ടികള്‍ കൂട്ടം കൂടി നില്‍ക്കും. സവിത ബത്ര കൊണ്ടുവരുന്ന ഭക്ഷണം കഴിച്ച് സ്‌നേഹം പ്രകടിപ്പിച്ച് അവ ഓടിമറയും. എവിടെ നിന്നാണ് പട്ടിക്കൂട്ടം വരുന്നതെന്ന് ബത്രയ്ക്കും അറിയില്ല. ചെന്നൈയിലെ എത്തിരാജ് കോളേജ് കാമ്പസിന് സമീപം തിരക്കേറിയ നഗരജീവിതത്തിനിടയിലെ ഈ വേറിട്ട കാഴ്ച പലരെയും അത്ഭുതപ്പെടുത്തുന്നതാണ്. പത്ത് പട്ടികളാണ് ഇവിടെയുള്ളത്. ഇതില്‍ പട്ടിക്കുട്ടികളുമുണ്ട്.
സവിത ബത്ര ഭക്ഷണവുമായി എത്തുന്ന സമയം പട്ടികള്‍ക്ക് നന്നായി അറിയാം. അതുവരെ പട്ടികളെ തിരഞ്ഞാല്‍ കാണില്ല. ''പട്ടികളുടെ കുടുംബമാണ് അത്. അച്ഛനും അമ്മയും മക്കളുമാണ് കൂട്ടത്തില്‍ ഉള്ളത്. പരിപാലനം ലഭിച്ചാല്‍ പട്ടികളും കുടുംബത്തോടെ ജീവിക്കുമെന്നതിന്റെ തെളിവാണിത്'' - സവിത ബത്ര പറയുന്നു.
രണ്ടു വര്‍ഷമായി തുടരുന്ന 'പട്ടി ഊട്ട'ലിനെക്കുറിച്ച് ചോദിച്ചാല്‍ ബത്ര വാചാലയാകും. ''പട്ടികളുടെ സ്‌നേഹം തിരിച്ചറിയാന്‍ മനുഷ്യര്‍ക്ക് കഴിയണം. സ്‌നേഹിക്കാന്‍ കഴിവുള്ളവരാണ് അവ. ബാംഗ്ലൂരിലും മറ്റും പട്ടികള്‍ കുട്ടികളെ കടിച്ചു കൊന്നതായ വാര്‍ത്ത കണ്ടു. പട്ടികളെ തെരുവില്‍ നിന്ന് ആട്ടിയോടിച്ച് ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കാനായി അവ അക്രമികളാകും. ഏത് ജീവികളും അങ്ങനെയല്ലേ?'' - ബത്രയുടെ ചോദ്യം.
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപവും സവിത ബത്രയുടെ പരിപാലനം ലഭിക്കുന്ന പട്ടികള്‍ ഉണ്ട്. ഇവിടെ സ്ഥിരമായി ബത്രയുടെ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ഏഴ് പട്ടികളാണ്. എല്ലാ ദിവസവും വൈകുന്നേരം ആറരയോടെ ഭക്ഷണവുമായി ബത്ര അവിടെയെത്തും. പട്ടികള്‍ക്ക് ഭക്ഷണം നല്‍കിയശേഷം അവിടെനിന്നു തിരിക്കുന്നതോടെ ബത്രയ്ക്ക് സമാധാനമായി. ചില ദിവസങ്ങളില്‍ രാവിലെയും ഭക്ഷണവുമായി ബത്ര എത്തും. അവരുടെ 'നിഴല്‍' കണ്ടാല്‍ പട്ടികള്‍ ഓടിയെത്തും. തൊട്ടുരുമ്മിയും കാലുകള്‍ ഉയര്‍ത്തിയും വാലാട്ടിയും സ്‌നേഹം പങ്കിടും.
ഭക്ഷണം കൊടുക്കുന്നതോടൊപ്പം പട്ടികളുടെ ആരോഗ്യ സുരക്ഷയും ബത്ര ശ്രദ്ധിക്കുന്നുണ്ട്. മൃഗഡോക്ടര്‍മാരെ കൊണ്ടുവന്ന് കൃത്യമായി പട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താറുണ്ട്. ഭക്ഷണത്തിനും ചികിത്സയ്ക്കുമായി പണം ചെലവാക്കുന്നതില്‍ അവര്‍ക്ക് വിഷമമില്ല.
'ദൈനംദിന ജീവിതത്തില്‍ ഓരോരുത്തരും അനാവശ്യമായി എത്ര പണം ചെലവഴിക്കുന്നു. ഇതിലൊരു ഭാഗം ഇത്തരം കാരുണ്യ പ്രവര്‍ത്തനത്തിനായി നീക്കിവെക്കുന്നതില്‍ എന്താണ് തെറ്റ്'-അവര്‍ ചോദിക്കുന്നു.
ഏതായാലും സവിത ബത്രയുടെ തെരുവ് നായകളോടുള്ള സ്‌നേഹം പലരേയും ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തെരുവ്‌നായകള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ട് നടക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണെന്നാണ് ഇവരുടെ പരാതി. എത്തിരാജ് കോളേജ് അധികൃതരും പരാതി ഉന്നയിച്ചിരുന്നു. തെരുവ് പട്ടികളെ പിടിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നിയോഗിച്ചവരുടെ കണ്ണില്‍പ്പെടാതെ പട്ടികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് അവര്‍.
പി.വി.ചെറിയാന്‍ ക്രസന്റ് റോഡിലെ കംപാര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സവിത ബത്രയുടെ ഈ ഉദ്യമത്തിന് ഭര്‍ത്താവിന്റെ സഹായവും ഉണ്ട്. നഗരത്തിലെ തെരുവ് പട്ടികളെ പിടികൂടാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തീവ്ര പരിപാടിയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഒരുവശത്ത് തെരുവ്പട്ടികളുടെ സംരക്ഷണത്തിനായി ഒരു സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടം. എതിര്‍പ്പുകളൊന്നും വകവെക്കാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് ബത്രയുടെ തീരുമാനം.

പി. സുനില്‍കുമാര്‍




 

 




MathrubhumiMatrimonial