budget head

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനും റബര്‍ ബോര്‍ഡിനും കൂടുതല്‍ തുക

Posted on: 26 Feb 2010


ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിലെ വ്യവസായരംഗത്തിനും സ്ഥാപനങ്ങള്‍ക്കും സമ്മിശ്ര നേട്ടം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനും എഫ്.എ.സി.ടി.ക്കും റബര്‍, സൈ്പസസ് ബോര്‍ഡുകള്‍ക്കും ഇക്കുറി കൂടുതല്‍ തുക വകയിരുത്തി. എന്നാല്‍ കേരളത്തിനു ഗുണം ചെയ്യുമായിരുന്ന കോഫി ബോര്‍ഡിന് കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറഞ്ഞ തുകയാണ് ബജറ്റിലുള്ളത്. കശുവണ്ടി കയറ്റുമതി പ്രൊമോഷന്‍ കൗണ്‍സിലിന് ഇക്കുറി തുകയില്ല. ഖാദി വ്യവസായത്തിനു 372.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
തുറമുഖത്തിന്റെ മണ്ണെടുത്ത് ആഴംകൂട്ടല്‍ (ഡ്രെഡ്ജിങ്) പദ്ധതിക്കായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനു ബജറ്റില്‍ 237.97 കോടി രൂപ വകയിരുത്തി. മുന്‍വര്‍ഷം99.97 കോടിയായിരുന്നു. കപ്പല്‍നിര്‍മാണത്തിനുള്ള മറ്റു സബ്‌സിഡി ഇനത്തില്‍ 120 കോടി രൂപ അനുവദിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ 21.90 കോടിയുടെ നിക്ഷേപം നടത്തും. കപ്പല്‍നിര്‍മാണത്തിനായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 55 കോടിയും നീക്കിവെച്ചിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ റെയില്‍ കണക്ഷന്‍ പദ്ധതിക്ക് തുക അനുവദിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ഇതിനു 45 കോടി നീക്കിവെച്ചിരുന്നു.
രാസവളനിര്‍മാണ കമ്പനിയായ എഫ്.എ.സി.ടി.ക്ക് 89.99 കോടി അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ ഇത് 34 കോടിയാണ്. എച്ച്.എം.ടി.ക്ക് 30.04 കോടി രൂപ നീക്കിവെച്ചു. വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് 12.4 കോടിയും വകയിരുത്തി.
നാഫെഡിന് കഴിഞ്ഞ ബജറ്റിലേതുപോലെ 425 കോടി രൂപ ഇക്കുറിയും അനുവദിച്ചു. കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കാന്‍ താങ്ങുവില നല്കാനും ഉപഭോക്താക്കള്‍ക്കു മിതമായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപണിയില്‍ ഇടപെടാനുമാണിത്.
കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (സെസ്) 5.61 കോടി നീക്കിവെച്ചിട്ടുണ്ട്. സ്വതന്ത്രവ്യാപാര മേഖല, കയറ്റുമതി സംസ്‌കരണ മേഖല, സെസ് എന്നിവ വികസിപ്പിക്കുന്നതിനാണ് തുക.
റബര്‍ ബോര്‍ഡിന് 140 കോടിയും കോഫി ബോര്‍ഡിന് 98 കോടിയും സൈ്പസസ് ബോര്‍ഡിന് 81 കോടിയും ടീ ബോര്‍ഡിന് 70 കോടിയും അനുവദിച്ചു.
ഇതിനുപുറമെ മറ്റു സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി ടീ ബോര്‍ഡിന് 87 കോടിയും റബര്‍ ബോര്‍ഡിന് 30 കോടിയും കോഫി ബോര്‍ഡിന് നാലു കോടിയും സൈ്പസസ് ബോര്‍ഡിന് എട്ടു കോടിയും നീക്കിവെച്ചു.കോഫി ബോര്‍ഡിന് കഴിഞ്ഞ ബജറ്റില്‍ 153.28 കോടിയും ടീ ബോര്‍ഡിന് 76.5 കോടിയുമാണ് വകയിരുത്തിയത്.
കയര്‍വ്യവസായത്തിന് ആകെ 66.50 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ കയര്‍ ബോര്‍ഡിന് 47.30 കോടിയും കയര്‍വ്യവസായരംഗത്തെ നവീകരണത്തിനും സാങ്കേതികവിദ്യാനവീകരണത്തിനും 18.90 കോടിയും ലഭിക്കും.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന് 426.97 കോടി രൂപയാണ് വകയിരുത്തിയത്.
ഖാദിവ്യവസായത്തിന് പലിശ സബ്‌സിഡി 26.95 കോടി രൂപയായി നിലനിര്‍ത്തി. ഖാദി തൊഴിലാളികള്‍ക്ക് പണിപ്പുരകള്‍ നിര്‍മിക്കാന്‍ 18 കോടി അനുവദിച്ചു. ഇവരുടെ നിര്‍മാണശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് 18.90 കോടിയും ഖാദിവ്യവസായം ശക്തിപ്പെടുത്താന്‍ 4.90 കോടിയും വകയിരുത്തി.
കേന്ദ്രനികുതികളുടെയും തീരുവകളുടെയും കേരളത്തിനുള്ള വിഹിതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു. മൊത്തം കേന്ദ്രനികുതിയുടെ 2.665 ശതമാനമാണ് കഴിഞ്ഞവര്‍ഷം കേരളത്തിനു ലഭിച്ചതെങ്കില്‍ ഇപ്പോഴത്തെ ബജറ്റില്‍ അത് 2.341 ശതമാനമായി കുറഞ്ഞു. കേരളത്തിനു കേന്ദ്ര നികുതികളുടെ വിഹിതമായി 4900.50 കോടി രൂപയാണ് ഇപ്രാവശ്യത്തെ ബജറ്റില്‍ നിര്‍ദേശിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 4569.62 കോടിയായിരുന്നു.





MathrubhumiMatrimonial