budget head

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

Posted on: 26 Feb 2010


പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച പാര്‍ലമെന്റിലവതരിപ്പിച്ച ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ പരാജയപ്പെട്ടതായി വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ കാര്‍ഷിക മേഖലക്ക് ഗുണകരമായ നടപടികള്‍ കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് സഹായകമാവും. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറി വരുന്ന ഇന്ത്യന്‍ സമ്പദ്‌രംഗത്തെ ഉത്തേജിപ്പിക്കാന്‍ ഈ ബജറ്റിന് കഴിയുമോ എന്ന കാര്യത്തിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു.



സാധാരണക്കര്‍ക്ക് ഗുണകരമായ യാതൊരു നടപടിയും ബജറ്റിലില്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗധന്‍ ഡോ.മാര്‍ട്ടിന്‍ പാട്രിക്ക് അഭിപ്രായപ്പെട്ടു. മാന്ദ്യത്തിന്റെ കെടുതിയില്‍ നിന്ന് കരകയറുന്ന സമ്പദ്‌രംഗത്തിന് ഉണര്‍വേകാന്‍ ബജറ്റിന് കഴിയുമോയെന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 'അക്കാദമിക് കാഴ്ചപ്പാടില്‍ സാങ്കേതിക തികവാര്‍ന്ന ബജറ്റാണിത്. എന്നാല്‍, വിലക്കയറ്റം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികളായിരുന്നു സമ്പദ്‌രംഗത്തിന് ആവശ്യം' അദ്ദേഹം പറഞ്ഞു.




ബജറ്റ് ഇടത്തരക്കാര്‍ക്ക് ഗുണകരമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വി. എക്‌സ്.ജോസിന്റെ അഭിപ്രായപ്പെട്ടു. ആദായ നികുതി സ്ലാബില്‍ വരുത്തിയ പരിഷ്‌ക്കാരം ശമ്പളവരുമാനക്കാര്‍ക്ക് ആകര്‍ഷകമാണെന്ന് അദ്ദേഹം വിലയിരുത്തി. കമ്പനികളുടെ മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സ് (എം.എ.ടി) 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തിയത് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അമിത ഭാരമാവും. ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ക്ക് സഹായകരമായ നടപടികള്‍ ബജറ്റിലുള്ളത്. ഇത് കൂടുതല്‍ ചെറുകിട കമ്പനികളെ ലിമിറ്റഡ് പാര്‍ട്ട്‌നര്‍ഷിപ്പ് മേഖലയിലേക്ക് ആകര്‍ഷിക്കും. സേവന മേഖലയിലെ കമ്പനികള്‍ക്കുളള നികുതി 12 ശതമാനമായി ഉയര്‍ത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇത് പത്തു ശതമാനമായി നിലനിര്‍ത്തിയത് ഈ മേഖലക്ക് ആശ്വാസകരമായെന്നും വി.എക്‌സ്.ജോസ് അഭിപ്രായപ്പെട്ടു.



എന്നാല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സമുദ്രോത്പന്ന മേഖലയില്‍ ഏര്‍പ്പെടുത്തിയ ഉത്തേജന പാക്കേജുകള്‍ പിന്‍വലിക്കാത്തതില്‍ സീ ഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് അന്‍വര്‍ ഹാഷിം ആശ്വാസം പ്രകടിപ്പിച്ചു. അതേസമയം എക്‌സൈസ് തീരുവ കൂട്ടിയതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സമുദ്രോത്പന്ന കയറ്റുമതി മേഖലക്ക് ബജറ്റില്‍ തുക വിലയിരുത്തിയിട്ടുണ്ട്. കയറ്റുമതി മേഖലയിലെ 2% പലിശയിളവ് അടുത്ത മാര്‍ച്ച് വരെ തുടരുമെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





അതേസമയം, പദ്ധതിയിതര ചിലവ് അധികം വര്‍ധിപ്പിക്കാതെ നോക്കിയതു വഴി ധനക്കമ്മി കുറക്കാന്‍ കഴിഞ്ഞതായി സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ റ്റി.സി മാത്യു നിരീക്ഷിച്ചു. അടിസ്ഥാന സൗകര്യ മേഖലക്ക് കൂടുതല്‍ തുക വിലയിരുത്തിയത് വികസനത്തിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.പെട്രോളിയം ഉത്പന്നങ്ങളുടെ തീരുവ ഉയര്‍ത്തിയത് ഇന്ധന വില ഉയരാനിടയാക്കും. ഇത് സകല മേഖലകളിലും വിലകയറ്റം വ്യാപകമാവാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വളര്‍ച്ചയുടെ വേഗം കൂടാന്‍ സഹായിക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്നും റ്റി.സി മാത്യു വിലയിരുത്തി.



MathrubhumiMatrimonial