goodnews head

രോഗപീഡയില്‍ തളരാതെ ജനത്തിനൊപ്പം

Posted on: 28 Oct 2007


ന്യൂഡല്‍ഹി: കാര്‍ന്നു തിന്നുന്ന രോഗത്തിനിടയിലും മനസ്സിടറാതെ സമൂഹത്തിനു സമര്‍പ്പിച്ച ജീവിതം; രോഗാതുരര്‍ക്ക് സാന്ത്വനത്തിന്റെ തണലായി ഒരു ജനപ്രതിനിധി. തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള കോടാങ്കിപ്പെട്ടി പഞ്ചായത്തിലെ കൗണ്‍സിലര്‍ എം. ഈശ്വരി മഹാരോഗത്തിനിടയിലും തളരുന്നില്ല. ആറു വര്‍ഷമായി എച്ച്.ഐ.വി. ബാധയില്‍ കഴിയുമ്പോഴും തന്നെ തിരഞ്ഞെടുത്ത നാട്ടുകാര്‍ക്കൊപ്പം അവരിലൊരാളായി, എന്നാല്‍ അവരുടെ നേതാവായി ഈശ്വരി നടക്കുന്നു. വിശ്വയുവകേന്ദ്രയില്‍ നടന്ന എച്ച്.ഐ.വി. - എയ്ഡ്‌സ് ബാധിതരെ സഹായിക്കുന്നതില്‍ വനിതകളുടെയും പഞ്ചായത്തുകളുടെയും പങ്ക് എന്ന ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍.
മറ്റു പല രോഗികളെയും പോലെ പേരു വെളിപ്പടുത്താനോ ഫോട്ടോയ്ക്കു നില്‍ക്കാനോ സങ്കോചം കാട്ടിയില്ല, ഈശ്വരി. തങ്ങളുടേതല്ലാത്ത കാരണത്താല്‍ വന്നണഞ്ഞ രോഗത്തിനു മുന്നില്‍തളരുന്നതെന്തിന്? കോടാങ്കിപ്പെട്ടിയിലെ രണ്ടാം വാര്‍ഡില്‍ നിന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ് ഈശ്വരി വിജയിച്ചത്. രോഗിയാണെന്നറിഞ്ഞുകൊണ്ടുതന്നെ കോടാങ്കിപ്പെട്ടിയിലെ നല്ലവരായ ജനസമൂഹം ഈശ്വരിയെ തിരഞ്ഞെടുത്തു. വാര്‍ഡില്‍ 280 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവര്‍ വിജയിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു തിരഞ്ഞെടുപ്പ്.
ഈശ്വരിയുടെ ഭര്‍ത്താവ് മാരിയപ്പന്‍ ടെയ്‌ലറാണ്. അദ്ദേഹം എച്ച്.ഐ.വി. ബാധിതരെ സഹായിക്കുന്ന ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ആറുവര്‍ഷം മുമ്പ് ആദ്യം രോഗബാധിതനായതും അദ്ദേഹമായിരുന്നു. അതിനുശേഷം രോഗം ഈശ്വരിയിലേക്കും പകര്‍ന്നു. ഇപ്പോള്‍ ഏഴു വയസ്സുകാരന്‍ മകന്‍ സന്തോഷിനും രോഗം ബാധിച്ചു. എന്നാല്‍ തങ്ങളെയൊന്നും ചുറ്റുപാടുള്ളവരോ കുടുംബക്കാരോ മകന്റെ സഹപാഠികളോ ഒറ്റപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടില്ലെന്ന് ഈശ്വരി പറഞ്ഞു.
പ്രദേശത്ത് മൂവായിരത്തോളം എച്ച്.ഐ.വി. ബാധിതരുണ്ട്. അവരെ സഹായിക്കാനുള്ള 'പോസിറ്റീവ് നെറ്റ് വര്‍ക്ക്' എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകയാണ് ഈശ്വരി. തന്റെ അനുഭവങ്ങള്‍ കൂടി പങ്കുവെച്ച് അവര്‍ക്ക് മാനസികവും ചികിത്സാപരവുമായ സഹായം ചെയ്യാന്‍ അവര്‍ ഓടി നടക്കുന്നു. കൗണ്‍സിലര്‍ സ്ഥാനവും രോഗികളെ സഹായിക്കാനായി പരമാവധി പ്രയോജനപ്പെടുത്തുന്നു. പഞ്ചായത്തില്‍ സമ്മര്‍ദം ചെലുത്തി സ്വന്തം വാര്‍ഡിലെ രണ്ടു രോഗികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുമായി. കൂടാതെ പഞ്ചായത്തില്‍ ഒട്ടേറെ ബോധവത്കരണ പരിപാടികളും നടത്തിവരുന്നു. എച്ച്.ഐ.വി. ബാധിതരെ അകറ്റി നിര്‍ത്തുന്ന പഴയകാല സമൂഹമനോഭാവം മാറിയിട്ടുണ്ടെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ വെളിപ്പെടുത്തുന്നു.
രോഗികളെ സഹായിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിലും നിരവധി സമ്മര്‍ദങ്ങള്‍ നടത്തി വരികയാണ്. നിലവില്‍ എ.ആര്‍.ടി. മരുന്നു മാത്രമാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. വിധവകള്‍ക്ക് പെന്‍ഷനും നല്‍കുന്നു. എന്നാല്‍ രോഗത്തില്‍ നീറുന്ന കുട്ടികളെ സഹായിക്കാന്‍ 1000 രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കണമെന്നും രോഗികളെ സഹായിക്കാന്‍ ആരോഗ്യ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയതായും അവര്‍ അറിയിച്ചു.
''ഈ രോഗത്തിന് മരുന്നില്ല, ചികിത്സയില്ല, പോസേറ്റെവ് പിന്നെ നെഗേറ്റെവായി മാറുന്ന പ്രശ്‌നമേയില്ല''- രോഗബാധയാലുള്ള മരണം കണ്‍മുന്നില്‍ കാണുമ്പോഴും ആ കണ്ണുകളില്‍ ഭയത്തിന്റെ നിഴലാട്ടമില്ല. ജീവിതം മുഴുവന്‍ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തന്നെപ്പോലെ രോഗത്താല്‍ നീറുന്നവര്‍ക്കു വേണ്ടിയും നീക്കിവെക്കുമ്പോള്‍ സന്തോഷത്തിന്റെ തിളക്കം മാത്രം. ആത്മവീര്യത്തോടൊപ്പം കടവുള്‍ കനിവ് തനിക്കു തുണയായുണ്ടെന്ന് ഈശ്വരി പറഞ്ഞു.


 

 




MathrubhumiMatrimonial