
കരളുകള്‍ പങ്കുവെച്ച് അവരെത്തി.... ഇനി ഒരുകരളായി ജീവിതം
Posted on: 28 Oct 2007

അമൃത ആസ്പത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയവരുടെ അപൂര്‍വസംഗമത്തിന് വേദിയായത് എറണാകുളം പ്രസ്സ് ക്ലബ്ബ് ഹാളാണ്. ജീവനെക്കാളേറെ സ്‌നേഹിച്ചവര്‍ക്കായി കരള്‍മുറിച്ച് നല്‍കിയവരെ അനുമോദിക്കുന്നതിനൊപ്പം അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് അമൃത ആസ്പത്രി ഇത്തരത്തിലൊരു സംഗമം ഒരുക്കിയത്.
കരള്‍രോഗം ബാധിച്ച കൊല്ലം കല്ലട സ്വദേശി ഷാജിക്ക് കരള്‍ മുറിച്ച് നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഭാര്യ ഉഷയാണ്. ഡിസംബര്‍ 12 നായിരുന്നു ശസ്ത്രക്രിയ. സാധാരണജീവിതം നയിക്കുന്ന ഇരുവരും ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണെന്ന് അമൃത ആസ്പത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേംനായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗുരുതരമായി കരള്‍രോഗം ബാധിച്ച് പല ചികിത്സകളും നടത്തി മരണത്തെ മുന്നില്‍ കണ്ടനിലയിലാണ് ആലപ്പുഴ മാവേലിക്കര സ്വദേശി ലൂസി അമൃതയിലെത്തിയത്. കരള്‍മാറ്റല്‍ ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് രാജു സ്വന്തം കരള്‍ നല്‍കാന്‍ തയ്യാറാകുകയായിരുന്നു. ഏപ്രില്‍ മൂന്നിനായിരുന്നു ഇരുവരുടെയും ശസ്ത്രക്രിയ നടന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
തൃശ്ശൂര്‍ എടത്തുരുത്തി പോനാത്തില്‍ വീട്ടില്‍ 14കാരനായ അഭിജിത്തിന് കരള്‍ നല്‍കിയത് അമ്മ ഗീതയാണ്. ചെറുപ്പത്തിലേ കരള്‍രോഗം ബാധിച്ച മകനുവേണ്ടി കരള്‍ നല്‍കിയ ഗീതയും മകനും സാധാരണജീവിതം നയിക്കുകയാണിപ്പോള്‍. മാര്‍ച്ച് 24നായിരുന്നു ശസ്ത്രക്രിയ. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി കൃഷ്ണന്‍ ചെട്ടിയാരുടെ ജീവന് തുണയായത് മകന്‍ ഷിബുവിന്റെ കരളാണ്. മെയ് ഒന്നിന് നടന്ന ശസ്ത്രക്രിയയിലൂടെയാണ് മകന്റെ കരളിന്റെ പകുതിഭാഗം പിതാവിന് വെച്ചുപിടിപ്പിച്ചത്.
അമൃതയില്‍ ഇതുവരെ ആറ് കരള്‍ മാറ്റല്‍ ശസ്ത്രക്രിയകള്‍ നടന്നതായി ഡോക്ടര്‍ സുരേന്ദ്രന്‍ പറഞ്ഞു. അതിലൊന്ന് മസ്തിഷ്‌കമരണം സംഭവിച്ച ദാതാവില്‍ നിന്നും, ബാക്കിയുള്ളവ ജീവനുള്ള ദാതാക്കളില്‍ നിന്നുമായിരുന്നു.
മസ്തിഷ്‌കമരണം സംഭവിച്ചയാളില്‍ നിന്ന് കരള്‍ സ്വീകരിച്ച തൃശ്ശൂര്‍ സ്വദേശി മൂന്ന് വര്‍ഷം വരെ സാധാരണജീവിതം നയിച്ചു. പെട്ടന്നുണ്ടായ ഹെപ്പറ്റൈറ്റിസ് ബി ബാധയിലൂടെ ഇയാള്‍ മരിച്ചു. ബാക്കിയുള്ളവരെല്ലാം സാധാരണജീവിതം നയിക്കുന്നു.
മറ്റ് അവയവങ്ങളെ അപേക്ഷിച്ച്, കരള്‍ മുറിച്ച് നല്‍കിയാല്‍ നാല് മാസത്തിനകംതന്നെ കരള്‍ വളര്‍ന്ന് പൂര്‍വ്വസ്ഥിതിയിലാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. കരള്‍രോഗം ബാധിച്ചെത്തുന്നവര്‍ക്ക് മറ്റു പ്രതിവിധികളില്ലാതെ വരുമ്പോഴാണ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുന്നത്. ദാതാവിന്റെ കരളിന്റെ പകുതിയിലേറെഭാഗം മുറിച്ച് രോഗിയുടെ കരളില്‍ ചേര്‍ക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.
ശസ്ത്രക്രിയാവിദഗ്ദ്ധന്‍മാരായ ഡോ.സുധീന്ദ്രന്‍, പുനിറ്റ്ധര്‍, ഒ.വി.സുധീര്‍, അനസ്‌തേഷ്യ വിദഗ്ദ്ധന്‍മാരായ ലക്ഷ്മി കുമാര്‍, രേഖ വര്‍ഗീസ്, നിതിന്‍, നിഷ , ഗ്യാസ്‌ട്രോ എന്‍ട്രോളജി വിദഗ്ദ്ധരായ പ്രൊഫ.നാരായണന്‍, ഡോ.ഇസ്മായില്‍, ഡോ.ഗീത, ഡോ.ഷൈന്‍, റേഡിയോളജി തുടങ്ങിയ വിഭാഗത്തിലെ വിദഗ്ദ്ധര്‍ പ്രഗത്ഭപരിശീലനം നേടിയ നഴ്‌സുമാര്‍ തുടങ്ങിയവര്‍ അമൃത ആസ്പത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്കായുള്ള വിദഗ്ദ്ധ സംഘത്തിലുണ്ട്.
