goodnews head

നഗരത്തിരക്കിനിടെ മാരീശ്വരന്റെ കവിതകള്‍

Posted on: 11 Apr 2008


കല്പറ്റ: പാതയോരത്തെ തുണിക്കച്ചവടത്തിനിടയില്‍ മാരീശ്വരന്‍ കുറിച്ചിടുന്ന കവിതകളില്‍ നഗരത്തിന്റെ ബഹളമില്ല. ജീവിതത്തിന്റെ കയ്പും കണ്ണീരുമില്ല. സ്വപ്നങ്ങളുടെ ആകാശക്കാഴ്ചകള്‍ മാത്രം.

കല്പറ്റ നഗരത്തിലെ നടപ്പാതയില്‍ നിരത്തിവെച്ച തുണിത്തരങ്ങള്‍ക്കിടയിലിരുന്ന് പത്തൊമ്പതുകാരനായ മാരീശ്വരന്‍ ഹാരിപോട്ടറും ഷെര്‍ലക്‌ഹോംസും വായിക്കുന്നു. കല്പറ്റ മലബാര്‍ കോളേജിലെ ബി.കോം. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മാരീശ്വരന്‍.

മധുര സ്വദേശികളായ മഹാലിംഗം-ശാന്ത ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ് മാരീശ്വരന്‍. 1994ലാണ് ഈ കുടുംബം കല്പറ്റയിലെത്തുന്നത്. അന്ന് മാരീശ്വരന് ഏഴുവയസ്സ്. നഗരത്തിലെ എച്ച്.ഐ.എം. യു.പി. സ്‌കൂളില്‍ ഒന്നുമുതല്‍ അഞ്ചുവരെ മലയാളം മീഡിയത്തില്‍പഠിച്ചു. തുടര്‍ന്ന് പ്ലസ്ടുവരെ എസ്.കെ.എം.ജെ. സ്‌കൂളിലും. പ്ലസ്ടുവിന് 76 ശതമാനം മാര്‍ക്കുണ്ടായിരുന്നു. തുണിക്കച്ചവടം പഠനത്തിന് പണം കണ്ടെത്താനുള്ള വഴിയാണ്. എട്ടുവര്‍ഷമായി മാരീശ്വരന്‍ പഠനത്തിന്റെ ഇടവേളകളില്‍ തുണിക്കച്ചവടത്തിനിറങ്ങും. അമ്മ ശാന്തയും നഗരത്തില്‍ മറ്റൊരിടത്ത് തുണിക്കച്ചവടം ചെയ്യുന്നു. അച്ഛന്‍ മഹാലിംഗവും സഹോദരന്‍ പാണ്ഡ്യനും നിര്‍മാണത്തൊഴിലാളികളാണ്. സഹോദരി ജ്യോതിയെ മധുരയില്‍ത്തന്നെ വിവാഹം കഴിപ്പിച്ചു.

സഹോദരങ്ങള്‍ വയനാട്ടിലെത്തിയതോടെ പഠനം ഉപേക്ഷിച്ചു. മാരീശ്വരന്‍ പഠനവും കവിതയെഴുത്തും പുസ്തകവായനയും ഒരേസമയം കൊണ്ടുനടക്കുന്നു. എട്ടുവര്‍ഷമായി കല്പറ്റ ശക്തി ഗ്രന്ഥശാലയിലെ അംഗമാണ്. മാതൃഭാഷ തമിഴാണെങ്കിലും മലയാളത്തോടാണ് പ്രിയം. മലയാളത്തില്‍ ഇതിനകം അമ്പതിലധികം കവിതകള്‍ എഴുതിയിട്ടുണ്ട്. പ്ലസ്ടു പഠനകാലത്താണ് എഴുത്തു തുടങ്ങിയത്. രണ്ടു കവിതകള്‍ കോളേജ് മാഗസിനില്‍ അച്ചടിമഷി പുരണ്ടു. കവിത എഴുതുമെങ്കിലും ബിരുദപഠനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി ബിസിനസ്സുകാരനാകണമെന്നാണ് മാരീശ്വരന്റെ ആഗ്രഹം. മലയാളത്തില്‍ പ്രിയപ്പെട്ട എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയാണ്. മെസ് ഹൗസ് റോഡിലെ കല്ലങ്കോടന്‍ ക്വാര്‍ട്ടേഴ്‌സിലാണ് മാരീശ്വരനും കുടുംബവും താമസിക്കുന്നത്.

അനീഷ് ജോസഫ്


 

 




MathrubhumiMatrimonial