goodnews head

സാന്ത്വനത്തിന്റെ സ്‌നേഹവിരുന്ന് ഒരുക്കി നിയമവിദ്യാര്‍ഥികള്‍

Posted on: 01 Dec 2007


കോഴിക്കോട്: 'അമ്മയ്ക്ക് ഇനി എന്താ വേണ്ടത്?' സ്നേഹാതുരമായ അന്വേഷണം വൃദ്ധസദനത്തിലെ അന്തേവാസികളുടെ മനം കുളിര്‍പ്പിച്ചു. കേള്‍ക്കാന്‍ കൊതിച്ച ചോദ്യം, ആഗ്രഹിച്ച സ്നേഹസ്​പര്‍ശനങ്ങള്‍... ലോകോളേജിലെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് വെള്ളിമാട്കുന്ന് വൃദ്ധസദനത്തിലെ അന്തേവാസികളോരോരുത്തരുമായി തങ്ങളുടെ സ്നേഹം പങ്കുവെച്ചത്. തങ്ങളുടെ'ക്ലാസ്‌ഡേ' ആഘോഷിക്കാനെത്തിയതായിരുന്നു അവര്‍.

പാട്ടും മേളവും ആരവങ്ങളുമായി മുന്‍വര്‍ഷങ്ങളില്‍ കോളേജുകളില്‍ തന്നെയാണ് ഈ അടിപൊളി ടീം ക്ലാസ്‌ഡേ ആഘോഷിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ ആഘോഷം സമൂഹത്തിലേക്കിറങ്ങി ചെന്നാവണമെന്ന തിരിച്ചറിവോടെയാണ് ചൊവ്വാഴ്ച ക്ലാസിലെ 110 വിദ്യാര്‍ഥികളും
വൃദ്ധസദനത്തിലെത്തിയത്. വൃദ്ധസദനത്തിലെ ജീവനക്കാരോടൊപ്പം വിദ്യാര്‍ഥികളും സദ്യയൊരുക്കാന്‍ കൂടി. ഓരോ അന്തേവാസിയോടും കുശലാന്വേഷണം നടത്തി, ആശ്വാസം പകര്‍ന്നു. പിന്നെ സദ്യ വിളമ്പി. സദ്യയ്‌ക്കൊപ്പം സ്നേഹവും കരുതലും പകര്‍ന്നുനല്കാന്‍ വിദ്യാര്‍ഥികള്‍ ആരും മടിച്ചില്ല. അനാഥത്വത്തിന്റെ ദുഃഖവുമായി കഴിയുന്ന അവര്‍ക്കൊപ്പമിരുന്ന് വിദ്യാര്‍ഥികളും ഉണ്ടു. അനാഥമാക്കപ്പെട്ടതിന്റെ കഥ പലരുടെയും കരളലിയിപ്പിച്ചു.

വിദ്യാര്‍ഥികളെ തങ്ങളുടെ കൊച്ചുമക്കളെപ്പോലെ ചേര്‍ത്തുപിടിച്ച് പലരും കണ്ണുനിറച്ചു - അല്പം ആശ്വാസത്തിനെന്നോണം. പിന്നെ, ഒന്നു നെടുവീര്‍പ്പിട്ടു. അവസാനം ഒരു ഉപദേശവും നല്കി. നിങ്ങളുടെ അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് അയയ്ക്കരുത്. അവര്‍ക്ക് സ്നേഹം നല്കണം. നിങ്ങളും നാളെ വൃദ്ധരാകും എന്ന തിരിച്ചറിവോടെ വേണം മാതാപിതാക്കളോട് പെരുമാറാന്‍. ഇടക്കിടയ്ക്ക് ഇതുപോലെ കുട്ടികളെ കാണുന്നത് ഒരാശ്വാസമാണെന്ന് അന്തേവാസികള്‍ ഏറെ ഇഷ്ടത്തോടെ പറഞ്ഞു. വിഭവസമൃദധമായ സദ്യയ്ക്കു ശേഷം അല്പം പാട്ടും മേളവും കൂടിയായപ്പോള്‍ അന്തേവാസികള്‍ കൂടുതല്‍ ഉത്സാഹത്തിലായി. ഒറ്റപ്പെട്ട തങ്ങളുടെ ജീവിതത്തിലെ ഒരു ദിനം സനാഥമാക്കിയതിന്റെ നന്ദി ആ മുഖങ്ങളില്‍ പ്രതിഫലിച്ചു. പതിവിനു വിപരീതമായി ഇക്കുറി ക്ലാസ്‌ഡേ ഇവര്‍ക്കൊപ്പം ആഘോഷിക്കാമെന്ന ആശയം വിദ്യാര്‍ഥികള്‍ തന്നെയാണ് മുന്നോട്ടുവെച്ചത്. വിദ്യാര്‍ഥികളുടെ മാതൃകാപരമായ ആശയം കേട്ടപ്പോള്‍ അധ്യാപകരും ഉത്സാഹത്തോടെ അംഗീകരിച്ചു. ഭക്ഷണത്തിനും മറ്റു ചെലവുകള്‍ക്കുമായി വിദ്യാര്‍ഥികള്‍ തന്നെ പണം കണ്ടെത്തി.

രാവിലെ കോളേജില്‍ ഔദ്യോഗികമായി 'ക്ലാസ്‌ഡേ' ഉദ്ഘാടനം ചെയെ്തങ്കിലും ആഘോഷം വൃദ്ധസദനത്തിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രിന്‍സിപ്പല്‍ ഡോ. എസ്.എസ്. ശാലിനി, അധ്യാപകരായ ബിജു, രാജേഷ്, കവിത, സത്യവതി, അമ്പിളി തുടങ്ങിയവരും പങ്കുചേര്‍ന്നു.

 

 




MathrubhumiMatrimonial