
french elan
Posted on: 04 Feb 2010
ബോണ്‍ ജ്യൂര്‍ പോണ്ടി...
a tribute to the french rivera of the east


പുരിയിലേതുപോലെത്തന്നെ അതിദീര്‍ഘമായ കടല്‍ത്തീരം പോണ്ടിച്ചേരിയുടെ സ്വത്താണ്. സംഭവബഹുലമായ ചരിത്രം പലദേശങ്ങളില്‍നിന്നും പായ്കപ്പലുകളിലേറി ഈ ദേശത്തേക്ക് ഇതുവഴി തിരമുറിച്ചുവന്നു. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍, 17-ാം നൂറ്റാണ്ടില്‍ ഫ്രഞ്ചുകാര്‍, പിന്നീട് ബ്രിട്ടീഷുകാര്‍...ഇവരെല്ലാം ചേര്‍ന്നാണ് വെറുമൊരു മത്സ്യബന്ധന ഗ്രാമമായിരുന്ന ഈ തമിഴ് തീരത്തെ മനോഹരമായ പുതുച്ചേരിയാക്കി മാറ്റിയെടുത്തത്. കടന്നുപോയ ജനതകളുടെയെല്ലാം കാല്‍പ്പാടുകളും ജീവിതമുദ്രകളും രുചി വൈവിധ്യങ്ങളും ഇപ്പോഴും ഇവിടെ ശേഷിക്കുന്നു. കാലത്തിന്റെ തിരമാലകള്‍ എത്രയൊക്കെ അടിച്ചുകയറിയിട്ടും അത് മാഞ്ഞിട്ടില്ല. ഫ്രഞ്ചുകാരുടെ സാന്നിധ്യമാണ് പുതുച്ചേരിയ്ക്ക് പ്രാണവായു നല്‍കിയത്. ഫ്രാങ്കോയിസ് മാര്‍ട്ടിന്‍ എന്ന സമര്‍ഥനായ സാരഥിയുടെ ഭാവനയിലും നേതൃത്വത്തിലുമാണ് ഈ നഗരം രൂപംകൊണ്ടത്. അദ്ദേഹം മറ്റ് ഇന്ത്യന്‍ രാജാക്കന്‍മാരെ സുഹൃത്തുക്കളായിക്കണ്ടു. മത്സ്യബന്ധന തുറമുഖത്തെ പ്രശസ്തമായ തുണിവ്യാപാര തുറമുഖമാക്കി അദ്ദേഹം. ഒന്നാംതരം രാഷ്ട്രീയക്കാരനുമായിരുന്നു മാര്‍ട്ടിന്‍. പുതുച്ചേരിയ്ക്ക് ശിവാജിയില്‍നിന്നും ഭീഷണി വന്നപ്പോള്‍ അദ്ദേഹം, തന്ത്രപൂര്‍വം ശിവാജിയുടെ പരമാധികാരത്തെ അംഗീകരിച്ച് കച്ചവടബന്ധമുണ്ടാക്കി. 1693-ല്‍ ഫ്രാന്‍സും ഹോളണ്ടും തമ്മില്‍ യുദ്ധമാരംഭിച്ചപ്പോള്‍ പുതുച്ചേരിയെ ഡച്ചുകാര്‍ കീഴടക്കി. പക്ഷെ ആറുവര്‍ഷം മാത്രമേ ആ ഭരണത്തിന് ആയുസ്സുണ്ടായിരുന്നുള്ളു. പുതുച്ചേരിയെ ഫ്രഞ്ചുകാര്‍ക്കും മാര്‍ട്ടിനും തിരിച്ചേല്‍പ്പിച്ച് അവര്‍ പോയി. 1706-ല്‍ 72-ാം വയസ്സില്‍ മരിക്കുംവരെ മാര്‍ട്ടിന്‍ ഈ നഗരത്തെ നവീകരിച്ചുകൊണ്ടേയിരുന്നു. പുതുച്ചേരിയിലൂടെ നടക്കുമ്പോള്‍ മാര്‍ട്ടിന്റെ വിഷനേയും ആത്മാര്‍ഥതയേയും ആദരിക്കാതെ വയ്യ. പിന്നീട് വന്ന ജോസഫ് ഫ്രാങ്കോയിസ് ഡ്യൂപ്ലേ മാര്‍ട്ടിന്‍ ബാക്കിവെച്ചതെല്ലാം പൂരിപ്പിച്ചു. ബ്രിട്ടീഷുകാരോട് പോരാടി. പുതുച്ചേരി കടല്‍ത്തീരത്ത്, തന്റെ പ്രിയപ്പെട്ട നഗരത്തെ നോക്കിക്കൊണ്ട് ഡ്യൂപ്ലേയുടെ പ്രതിമ ഇപ്പോഴും തേജസ്സോടെ നില്‍പ്പുണ്ട്. ഒരുപാട് സ്വപ്നം കാണുകയും പോരാടുകയും ചെയ്ത ആ കണ്ണുകളില്‍ എവിടെയൊക്കെയോ ഇപ്പോഴും ചൈതന്യം തുടിക്കുന്നു. നടന്നുകാണേണ്ട നഗരമാണ് പുതുച്ചേരി. ഇണങ്ങിയും പിണങ്ങിയും പിന്നീട് എവിടെയൊക്കെയോ സന്ധിച്ചും പടര്‍ന്നുപോകുന്ന തെരുവുകളിലൂടെ നടക്കുമ്പോള്‍ കാലവും സംസ്‌കാരവും മാറിമാറി വരുകയും ചിലപ്പോള്‍ കലങ്ങിമറിയുകയും ചെയ്യും. എല്ലാ ചരിത്രനഗരങ്ങളേയും പോലെതന്നെ.

ഗ്രാന്‍ഡ് കനാലാണ് നഗരത്തെ രണ്ടായി ഭാഗിക്കുന്നത്. വൈറ്റ് ടൗണ്‍ (Ville Blenche) ബ്ലാക്ക് ടൗണ്‍ (Ville noire) എന്നിവയാണ് രണ്ട് ഭാഗങ്ങള്‍. ഫ്രഞ്ചുകാര്‍ താമസിച്ചിരുന്ന നഗരമാണ് വൈറ്റ് ടൗണ്‍. തദ്ദേശീയര്‍ താമസിച്ചിരുന്നത് ബ്ലാക്ക് ടൗണും. വൈറ്റ് ടൗണിലെ തെരുവുകള്‍ ഫ്രഞ്ച് പേരുകളിലാണ് ഇന്നും അറിയപ്പെടുന്നത്. Rue Dumas, Rue Roman Rolland'...Rue എന്നാല്‍ ഫ്രഞ്ച് ഭാഷയില്‍ തെരുവ് എന്നര്‍ത്ഥം. ബ്ലാക്ക് ടൗണിലെ തെരുവുകള്‍ക്ക് തമിഴ് പേരുകളാണ്. പെരുമാള്‍ കോയില്‍ തെരുവ്, ഭാരതിതെരുവ്...പുതുച്ചേരിയിലെത്തുമ്പോഴെല്ലാം ഞാന്‍ ഈ തെരുവുകളിലൂടെ അലസമായി നടക്കാറുണ്ട്. നഗരത്തിന്റെ തിരക്കുകളില്‍നിന്നും അടര്‍ന്നുമാറി മനശാന്തിയോടെ ഈ വഴിക്ക് നടക്കാം. തണല്‍വിരിച്ച മരങ്ങളും സൈക്കിള്‍ റിക്ഷകളും തിരക്കുകളില്ലാതെ നടന്നുപോകുന്ന മരങ്ങളും ചേര്‍ന്ന വ്യത്യസ്തലോകം. ചില ഭാഗങ്ങളിലെത്തുമ്പോള്‍ ഫ്രാന്‍സില്‍ എത്തിയതുപോലെ. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായിപ്പണിത വീടുകളാണ് ഇരുവശത്തും. പുറംലോകവുമായി ബന്ധമില്ലാതെ, അകത്ത് വിശാലമായ ഫ്രഞ്ച് ശൈലിയുള്ള വീടുകള്‍. ഫ്രാന്‍സിലും ഇന്ത്യയിലും പൗരത്വമുള്ളവരാണ് ഇവിടത്തെ താമസക്കാര്‍. ജീവിതത്തില്‍ ഏറെ സ്വകാര്യത സൂക്ഷിക്കുന്നവരാണ് ഇവര്‍. അദ്ധ്വാനകാലത്തിനുശേഷമുള്ള വിശ്രമദിനങ്ങളിലാണ് ഏറെപ്പേരുമെന്ന് അവരുടെ ശരീരഭാഷയില്‍നിന്നറിയാം.

കാഴ്ചകള്‍ കണ്ടുകണ്ട് ഒരുപാട് നടന്നപ്പോള്‍ സൈക്കിള്‍ റിക്ഷയില്‍ കയറാന്‍ ഒരുമോഹം. പെട്ടന്നാണ റിക്ഷക്കാരന്‍ ചോദിച്ചത്: ''സര്‍ എങ്ക പോണം?'' മുന്‍കൂട്ടി തീരുമാനിച്ചതല്ലെങ്കിലും എനിക്ക് പെട്ടന്നൊരു മറുപടി പറയാന്‍ സാധിച്ചു. ''അരവിന്ദാശ്രമത്തിലേയ്ക്ക്...'' അരവിന്ദാശ്രമത്തിലെ നിശബ്ദമായ വഴികളിലൂടെ നടക്കുമ്പോള്‍ വിപ്ലവത്തിന്റെ ഒരു ഭൂതകാലവും അതിന് മധ്യേ ജ്വലിച്ചുനിന്ന ഒരു മനുഷ്യനും അദ്ദേഹത്തിന്റെ അത്ഭുതകരമായ മാനസാന്തരവും മനസ്സില്‍ തെളിയും. സ്വാതന്ത്ര്യ പ്രക്ഷോഭത്തിലെ രക്തരൂക്ഷിതമായ ആലിപ്പൂര്‍ ബോംബ് കേസിന്റെ മാസ്റ്റര്‍ മൈന്‍ഡായ അരബിന്ദഘോഷില്‍നിന്നും മഹായോഗി അരവിന്ദനിലേക്കുള്ള ദൂരം പുറമേയുള്ള പോരാട്ടത്തില്‍നിന്നും അകമേയുള്ള പോരാട്ടത്തിലേക്കും ഒടുവില്‍ യോഗിയുടെ ശാന്തിയിലേക്കുമുള്ളതാണ്. വിപ്ലവത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം ഏകാന്തതയിലേക്കും അതിമാനുഷനിലേക്കുള്ള തന്റെ ആന്തരിക അന്വേഷണങ്ങളിലേക്ക് വഴിമാറിപ്പോയത്. അതിനദ്ദേഹം തിരഞ്ഞെടുത്തത് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഭീഷണിയേശാത്ത, ഫ്രഞ്ച് അധീനതയിലുള്ള പുതുച്ചേരിയായിരുന്നു. 1926 നവംബര്‍ 24-നാണ് അരബിന്ദോ ആശ്രമം ആരംഭിക്കുന്നത്. 24 ശിഷ്യന്‍മാരാണ് അന്നുണ്ടായിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇവിടം മഹര്‍ഷിയുടെ പര്‍ണ്ണശാലയായി. ചിന്തകള്‍ക്കുപിറകേ ചിന്തകള്‍ ഇവിടേനിന്ന് പ്രവഹിച്ചു. അമാനുഷിക വൈഭവത്തോടെ അദ്ദേഹം എഴുതി. സാവിത്രി എന്ന മഹാകാവ്യം പിറന്നു. ആശ്രമത്തില്‍ മഹര്‍ഷിയുടെ സമാധിയുണ്ട്. പൂക്കള്‍കൊണ്ട് മൂടി, ദീര്‍ഘമായ ആ സമാധിക്കരികെ എപ്പോഴും ധ്യാനപൂര്‍ണ്ണമായ മൗനമാണ്. മൗനമാണ് ഇവിടത്തെ പ്രാര്‍ത്ഥന. Greatest philosopher of this age എന്നാണ് ഓഷോ അരബിന്ദോവിനെ വിശേഷിപ്പിച്ചത്. ആശ്രമത്തിലെ പ്രധാന വിഭാഗമായ പുസ്തകശാല സന്ദര്‍ശിച്ചാല്‍ ഇത് ബോധ്യപ്പെടും. ഒരു മനുഷ്യായുസ്സുകൊണ്ട് എത്രയാണ് അദ്ദേഹം എഴുതിക്കൂട്ടിക്കിയിരിക്കുന്നത്! അവയില്‍ മിക്കതും എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്, അത്രയും ഗഹനമായതുകൊണ്ടുതന്നെ. പക്ഷെ, വായിച്ചറിഞ്ഞവരെല്ലാം വിസ്മയിച്ചുനിന്നവരാണ്. സമാധിയില്‍ ശിരസ്സുകൊണ്ട് സ്പര്ശിച്ചപ്പോള് ഞാന്‍ ഒരേസമയം വിപ്ലവകാരിയേയും യോഗിയേയുമാണ് വണങ്ങിയത്. കാരണം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളേയും എനിക്കിഷ്ടമാണ്.

വത്തിക്കാനിലോ ഇറ്റലിയിലോ എത്തിയതുപോലെയായിരുന്നു സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍. നൂറുവര്‍ഷം പഴക്കമുണ്ട് ഈ ദേവാലയത്തിന്. ഫ്രഞ്ച് ഗോഥിക് ശൈലിയിലാണ് നിര്‍മ്മാണം. പ്രാര്‍ത്ഥനാ ഹാളില്‍ നീളത്തില്‍ തൂങ്ങിക്കിടക്കുന്ന സ്ഫടിക വിളക്കുകള്‍. ചുമരില്‍ ബല്‍ജിയം ഗ്ലാസില്‍ വരച്ച വിശുദ്ധരുടെ ചിത്രങ്ങള്‍. രാവിലത്തെയും സായാഹ്നത്തിലേയും വെയില്‍വീഴുമ്പോള്‍ ഈ ഗ്ലാസുകളില്‍നിന്ന് നിറങ്ങള്‍ പ്രകാശരൂപത്തില്‍ പുറത്തേക്കൊഴുകും. അത് പ്രാര്‍ഥനാ മുറിയിലാകെ പരക്കും. അതുകണ്ടിരിക്കുന്നതുതന്നെയാണ് ഇവിടത്തെ ഏറ്റവും വലിയ പ്രാര്‍ഥന. ഡച്ച് ഫ്രഞ്ച് ശില്‍പ്പകലയുടെ മിശ്രണമാണ് കത്തീഡ്രല്‍ ചര്‍ച്ച്. പുതുച്ചേരിയിലെ ഏറ്റവും പഴയ ചര്‍ച്ചാണിത്. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ തുടങ്ങിവെച്ച് ഫ്രഞ്ചുകാര്‍ പൂര്‍ത്തീകരിച്ചതാണ് ഈ സൗധം. വെള്ളപ്പെയിന്റടിച്ച ചുമരുകളില്‍ പഴമയുടെ പോറലുകള്‍ തെളിഞ്ഞുകാണാം. നൂറ്റാണ്ടുകള്‍ വന്നിരുന്ന് പ്രാര്‍ത്ഥിച്ചുതേഞ്ഞ മരബെഞ്ചുകള്‍. പുതുച്ചേരിയിലൂടെ നടക്കുമ്പോള്‍ എപ്പോഴും മാഹി മനസ്സില്‍ വരും; തിരിച്ചും. രണ്ട് ധ്രുവങ്ങളില്‍ കിടക്കുന്ന ഈ ഭൂപ്രദേശങ്ങളെ ഗൃഹാതുരമായ ഒരു ഫ്രഞ്ച് കാലത്തിന്റെ കണ്ണികള്‍ അദൃശ്യമായി ഇപ്പോഴും ബന്ധിപ്പിക്കുന്നു. ഓരോ തവണ പുതുച്ചേരിയില്‍ വരുമ്പോഴും അതിന്റെ രൂപം മാറുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പുരാതനമായ കാഴ്ചകളേയും അതിന്റെ ഗന്ധങ്ങളേയും ഇഷ്ടപ്പെടുന്ന എന്നെ അത് വേദനിപ്പിക്കാറുണ്ട്. അപ്പോഴെല്ലാം ഞാന്‍ ആ തെരുവുകളിലേക്ക് നടക്കും. അവിടെ അടച്ചിട്ട വീട്ടുവാതില്‍പ്പഴുതിലൂടെ ഒഴുകിവരുന്ന പിയാനോ സംഗീതത്തിന് ചെവിയോര്‍ക്കും. അപ്പോള്‍ ചുറ്റിലും മറ്റൊരുകാലം, മറ്റൊരു ലോകം.
Tags: mohanlal, travelblog, actor, writer, superstar
