
'ചെവിയോര്‍ത്ത് ' പഠിച്ചു; വിനീത് ഒന്നാമനായി
Posted on: 28 Oct 2007

കോട്ടയ്ക്കല്‍ കാവതികളത്തെ 'ചൈത്രം' വീട് കഴിഞ്ഞ ദിവസം നിറഞ്ഞ ആഹ്ലാദത്തിലായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ ബി.എ. ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് നേടിയ ആര്‍. വിനീതിനെ അനുമോദിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കൊണ്ടിരുന്നു. 800 ല്‍ 688 മാര്‍ക്ക് വാങ്ങിയ വിനീത് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് വിദ്യാര്‍ഥിയാണ്. കോളേജിലെ അധ്യാപകരുടെ അകമഴിഞ്ഞ സഹായം, രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയും ആത്മാര്‍ഥമായ പ്രാര്‍ഥന, പിന്നെ എന്റെ കഠിന പരിശ്രമം- ഇതാണ് തന്റെ വിജയത്തിനാധാരമെന്ന് വിനീത് പറഞ്ഞു.
കേട്ടുപഠിക്കുകയും പറഞ്ഞുകൊടുത്ത് പരീക്ഷയെഴുതുകയുമാണ് ചെയ്തത്. ഏഴാം ക്ലാസുവരെയേ ബ്രെയില്‍ സമ്പ്രദായത്തില്‍ പഠിച്ചിട്ടുള്ളൂ. കോളേജ് ക്ലാസുകളില്‍ കേട്ടുപഠിക്കുന്നതുതന്നെയാണ് ചരിത്രം പോലുള്ള വിഷയങ്ങള്‍ക്ക് നല്ലത്. രാത്രി 12 മണി വരെ പഠിച്ചിരുന്നു. അച്ഛനും അമ്മയുമാണ് പാഠഭാഗങ്ങള്‍ വായിച്ചുതന്നിരുന്നത്. മാറാക്കര വി.വി.എം.എച്ച്. സ്‌കൂളില്‍നിന്നുവിരമിച്ച ആര്‍. രാമചന്ദ്രന്‍ നായരാണ് അച്ഛന്‍. അമ്മ ബീന കോട്ടയ്ക്കല്‍ ജി.യു.പി.സ്‌കൂള്‍ അധ്യാപികയാണ്.
ഇടയ്ക്ക് എന്റെ കൂടെ ക്രിക്കറ്റ് കളിക്കാന്‍ എട്ടനുണ്ടാകും-അനിയന്‍ ജിഷ്ണു പറഞ്ഞു. കഴിഞ്ഞ സി. സോണ്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒന്നാംസ്ഥാനവും ഇന്റര്‍സോണിന് രണ്ടാംസ്ഥാനവും ലഭിച്ചു. ഇടയ്ക്ക് പാട്ടുപാടാറുണ്ട്. ഇനി. ജെ.എന്‍.യു.വി.ല്‍ എം.എ. ഹിസ്റ്ററിക്ക് ചേരണം. പ്രവേശനപരീക്ഷ എഴുതിക്കഴിഞ്ഞു. എന്നിട്ട് കോളേജ് അധ്യാപകനാകണം- വിനീത് തന്റെ ആഗ്രഹം വ്യക്തമാക്കി.
