
വീടില്ലാത്തവര്‍ക്ക് പ്രതീക്ഷയേകി ഭട്ടിന്റെ ജീവിതം
Posted on: 28 Oct 2007

സഹായാഭ്യര്‍ത്ഥനയുമായി മുന്നിലെത്തുന്നവരെ വെറുംകൈയ്യോടെ തിരിച്ചയയ്ക്കാന്‍ ഇതുവരെ ഗോപാലകൃഷ്ണഭട്ട് തയ്യാറായിട്ടില്ല. സ്വന്തമായി ഭൂമിയുള്ള പാവപ്പെട്ടവര്‍ക്ക് അവശ്യ സൗകര്യങ്ങളുള്ള ഒരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ ഭട്ട് എപ്പോഴും സന്നദ്ധനാണ്. 1995 ല്‍ തുടങ്ങിയതാണ് ഭട്ടിന്റെ ഈ ദൗത്യം.
സ്വന്തമായി അഞ്ചുസെന്റെങ്കിലും ഭൂമിയുള്ളവര്‍ക്കാണ് ഭട്ട് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രമുഖ വ്യക്തികളെക്കൊണ്ട് താക്കോല്‍ദാനം നടത്തും. ഗൃഹനിര്‍മ്മാണ ദൗത്യത്തിനിടെ നിരവധി കൈപ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഭട്ട് പിന്മാറാന്‍ തയ്യാറായിരുന്നില്ല. മതിയായ സാമ്പത്തിക ശേഷിയുള്ള പലരും അത് മറച്ചുവച്ച് ഭട്ടിന്റെ മുന്നില്‍ സഹായം തേടിയെത്തിയിട്ടുണ്ട്. വീടു നിര്‍മ്മാണത്തിനിടെ പലരും ജോലികള്‍ മുടക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഭട്ട് കാര്യമായി എടുത്തിട്ടില്ല.
പാവപ്പെട്ടവരെ സഹായിക്കാനുള്ള ഭട്ടിന്റെ സന്മനസ് വീടുനിര്‍മ്മാണത്തില്‍ ഒതുങ്ങുന്നില്ല. പാവപ്പെട്ടവര്‍ക്കായി എല്ലാ ശനിയാഴ്ചയും ഗ്രാമത്തില്‍ ഭട്ട് സൗജന്യ വൈദ്യപരിശോധന നടത്തുന്നുണ്ട്. രാവിലെ മുതല്‍ വൈകീട്ടുവരെ നടക്കുന്ന ക്യാമ്പില്‍ ആയുര്‍വേദം, അലോപ്പതി, ഹോമിയോ തുടങ്ങിയ ശാഖകളില്‍നിന്നായി നാലു ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. നാനൂറോളം ആളുകള്‍ എല്ലാ അഴ്ചയും ക്യാമ്പില്‍ എത്താറുണ്ട്. എല്ലാവര്‍ക്കും വേണ്ട മരുന്നുകള്‍ ഭട്ട് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ക്യാമ്പിലെത്തുന്നത്.
ഭട്ടിന്റെ വീടിനടുത്തുള്ള കിളിംഗാര്‍ സ്‌കൂളില്‍ നാലാം ക്ലാസുവരെ മാത്രമേ പഠിക്കാന്‍ സൗകര്യമുള്ളു. എന്നാല്‍ ഭട്ട് സ്വന്തമായി മൂന്ന് അദ്ധ്യാപകര്‍ക്ക് ശമ്പളവും വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളും നല്‍കി ഏഴാം ക്ലാസുവരെ പഠിക്കാന്‍ സൗകര്യമൊരുക്കുന്നു. ബദിയടുക്ക പഞ്ചായത്തിലെ പല സ്‌കൂളുകളിലും സൗജന്യമായി പാഠപുസ്തകങ്ങളും യുണിഫോമും എല്ലാ വര്‍ഷവും ഭട്ട് വിതരണം ചെയ്യാറുണ്ട്.
ബദിയടുക്ക-പുത്തിഗെ പഞ്ചായത്തുകളുടെ അതിരിലുള്ള മുഗു ഗ്രാമത്തിലെ പഴയകാല ജന്മി കുടുംബാംഗമാണ് ഗോപാലകൃഷ്ണഭട്ട്. 27 ഏക്കറിലുള്ള കൃഷിയില്‍നിന്നുള്ള വരുമാനത്തിന്റെ ഭാഗമാണ് ഭട്ട് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ചിലവഴിക്കുന്നത്.
