goodnews head

സ്‌നേഹത്തിന്റെ കരുതലില്‍ ഒരു വിവാഹവേള

Posted on: 27 Nov 2007


പാലക്കാട്: പണക്കൊഴുപ്പും ധാരാളിത്തവും പ്രദര്‍ശിപ്പിക്കാനുള്ള വേദികളായി വിവാഹാവസരങ്ങള്‍ മാറുമ്പോള്‍ ജീവിതത്തിന്റെ മറുപുറത്തുള്ള കഷ്ടപ്പാടും കരുണയും ഓര്‍മപ്പെടുത്തുകയാണ് ഗിരീഷ് കടുന്തിരുത്തി. ഗിരീഷിന്റെ വിവാഹക്ഷണക്കത്ത് ആരംഭിക്കുന്നതുതന്നെ'പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കുക' എന്ന കുറിപ്പോടെയാണ്. നവംബര്‍ 21ന് ഗിരീഷ് വിവാഹിതനായി. എലപ്പുള്ളിയില്‍ ഗിരീഷ് ഏഴുവര്‍ഷം മുമ്പ് സ്ഥാപിച്ച 'അക്ഷരം' (ഇപ്പോള്‍ സ്‌നേഹതീരം) പാരലല്‍ കോളേജ് പ്രവര്‍ത്തിക്കുന്ന ഓലഷെഡ്ഡിലായിരുന്നു ചായസല്‍ക്കാരം. ഗിരീഷും ഭാര്യ ടിന്റുവും ഇരുന്ന കസേരകള്‍ക്കുപിന്നില്‍ ഒരൊറ്റ ബാനര്‍-സഹജീവികളെ സ്‌നേഹിക്കുക.

ഉപഹാരങ്ങള്‍ വേണ്ടെന്ന് മുന്‍കൂട്ടി അറിയിച്ചു. കല്യാണം പ്രമാണിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്താണ് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയായത്. കല്പാത്തിയിലുള്ള ജില്ലാ ഹോമിയോ ഹോസ്​പിറ്റലിലെ പ്രായമായവരും അശരണരുമായ 20 രോഗികള്‍ക്ക് വസ്ത്രദാനം. മുറിവേറ്റവരെയും അനാഥരെയും ശുശ്രൂഷിക്കുന്ന കൊട്ടേക്കാട്ടെ 'സ്‌നേഹജ്വാല' യ്ക്ക് ശുശ്രൂഷാകിറ്റുകള്‍. അലഞ്ഞുതിരിയുന്നവരെ സംരക്ഷിക്കുന്ന കരിങ്കരപ്പുള്ളിയിലെ 'ചിറകുകള്‍' ക്ക് ധനസഹായം.

വധൂവരന്മാരെ ആശിര്‍വദിക്കാനെത്തിയവര്‍ ഈ സല്‍ക്കര്‍മങ്ങളിലും പങ്കാളികളായി. രോഗികള്‍ക്കുള്ള പുതുവസ്ത്രങ്ങള്‍ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ഹരിദാസ് സാമൂഹിക പ്രവര്‍ത്തകനായ ഡോ.പി.എസ്. പണിക്കര്‍ക്ക് കൈമാറി. പാലക്കാട് നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ പി.എ. രമണീബായി 'സ്‌നേഹജ്വാല' സ്ഥാപകന്‍ തങ്കച്ചന് ശുശ്രൂഷാകിറ്റ് നല്‍കി. ചിറകുകള്‍ക്കുള്ള ധനസഹായം പ്രസിഡന്റ് ഡോ. ഗിരിജാ രാംകുമാര്‍ ഏറ്റുവാങ്ങി.

ജീവിതത്തിലെ പ്രത്യേക മുഹൂര്‍ത്തങ്ങള്‍ സഹജീവികള്‍ക്ക് ഉപകാരപ്രദമായ രീതിയിലും കൂടിയാണ് കൊണ്ടാടേണ്ടതെന്ന സന്ദേശം നല്‍കാന്‍ മാത്രമാണ് ഇതെല്ലാം ചെയ്തതെന്ന് ഗിരീഷ് പറയുന്നു. കണ്ണാടിയിലും എലപ്പുള്ളിയിലുമായി 15 വര്‍ഷത്തോളം ഗിരീഷ് പാല്‍ബൂത്തും ചായക്കടയും നടത്തിയതാണ്. ഇതിനിടെ പ്രൈവറ്റായി എം.എ. മലയാളവും ജേണലിസവും പാസായി.

 

 




MathrubhumiMatrimonial