
കാര്‍ട്ടോസാറ്റ്- 2ബി വിക്ഷേപണം മാര്‍ച്ചില്‍ - ഡോ. രാധാകൃഷ്ണന്‍
Posted on: 06 Jan 2010

തിരുവനന്തപുരം: റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ബി. മാര്‍ച്ചില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്‌നന്‍ അറിയിച്ചു. ചന്ദ്രയാന്‍ ദൗത്യത്തിനുശേഷം ചന്ദ്രയാന്‍-2, ചൊവ്വ പര്യവേക്ഷണം എന്നിവയിലാണ് ഐ.എസ്.ആര്‍.ഒ. ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ബഹിരാകാശ ശാസ്ത്രപഠന ക്യാമ്പ് 'ബിയോണ്ട് ദി സൈ്ക' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2030-ഓടെ ചൊവ്വയില്‍ മനുഷ്യവാസമുറപ്പിക്കുന്നതിലാണ് ലോകം ഇന്ന് ഉറ്റുനോക്കുന്നത്. ഇതിനായുള്ള ശ്രമം ഇന്ത്യയും തുടങ്ങിക്കഴിഞ്ഞു. മനുഷ്യനെ ചൊവ്വയിലേക്കയയ്ക്കുന്നതിന് മുന്നോടിയായി ബഹിരാകാശത്ത് ഭൂമിയുടെ ഭ്രമണപഥത്തില്‍ മനുഷ്യനെ എത്തിക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇരുപതോളം ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. നിര്‍മിക്കുന്നുണ്ട്- അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശത്തെ അത്ഭുതങ്ങളെക്കുറിച്ച് എല്‍.പി.എസ്.സി. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി. രാധാകൃഷ്‌നന്‍ കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. ഐ.ഐ.എസ്.ടി. ഡയറക്ടര്‍ ഡോ.ബി.എന്‍. സുരേഷ്, രജിസ്ട്രാര്‍ എന്‍. വാസുദേവന്‍, വി.എസ്.എസ്.സി. ഡയറക്ടര്‍ വി.എസ്. വീരരാഘവന്‍, കണ്‍ട്രോളര്‍ കെ.എം.നായര്‍, പ്രൊഫ. കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍നിന്നായി നൂറുകുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
