SCIENCE CONGRESS

പായലും മൊബൈലും ഉയര്‍ത്തുന്ന വെല്ലുവിളികള്‍

Posted on: 05 Jan 2010


തിരുവനന്തപുരം: ദേശീയ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഭാഗമായ ചില്‍ഡ്രന്‍സ് കോണ്‍ഗ്രസ്സിന്റെ പ്രദര്‍ശനത്തില്‍ കണ്ടെത്തലുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച കേരളത്തിന്റെ കുട്ടികള്‍ ശ്രദ്ധേയരാവുന്നു. സീനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിലെ സ്‌നേഹ ജോണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘത്തിനും ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ പട്ടാനൂര്‍ കെ.പി.സി ഹൈസ്‌കൂളിലെ ശ്രീദേവി ടി.ഇ യുടെ സംഘത്തിനുമാണ് ചില്‍ഡ്രന്‍സ് കോണ്‍ഗ്രസ്സില്‍ തങ്ങളുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.

ആക്കുളം, വെള്ളായണി കായലുകളിലെ സസ്യവൈവിധ്യത്തെ ആഫ്രിക്കന്‍ പായല്‍ പോലുള്ള തുരപ്പന്‍മാര്‍ ഇല്ലായ്മ ചെയ്തതെങ്ങനെയെന്ന പഠനമാണ് സ്‌നേഹ ജോണ്‍സും സംഘവും നടത്തിയത്. വയോവൃദ്ധരായ നിരവധി കര്‍ഷകരുമായും സസ്യശാസ്ത്രജ്ഞരുമായും സംവാദം നടത്തുകയും ഈ മേഖലകളില്‍ നേരത്തേയുണ്ടായിരുന്ന സസ്യവൈവിധ്യത്തിന്റെ ഏകദേശ കണക്കെടുക്കുകയും ചെയ്ത സംഘം പിന്നീട് ഓരോയിടത്തും സൂക്ഷ്മതലത്തില്‍ പഠനം നടത്തി. ആക്കുളത്തുനിന്ന് 19 ഉം വെള്ളായണിക്കായലില്‍ നിന്ന് 11 ഉം സസ്യങ്ങള്‍ അപ്രത്യക്ഷമായതായി സംഘം കണ്ടെത്തി. പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇവര്‍ നേരത്തേ വിദ്യാഭ്യാസ മന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്നു. കൊല്ലത്തു നടന്ന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ലഭിച്ച പ്രോജക്ടായിരുന്നു ഇവരുടേത്.

മൊബൈല്‍ ഫോണില്‍ നിന്നുള്ള വികിരണങ്ങള്‍ എത്രത്തോളം അപകടകരമാണെന്നാണ് ശ്രീദേവിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ സംഘം പഠനം നടത്തിയത്. മുട്ടയുടെ വെള്ള ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചുണ്ടാക്കിയ ദ്രാവകമായിരുന്നു വികിരണ സ്വാധീനം പഠിക്കാന്‍ ഇവര്‍ ആദ്യം തിരഞ്ഞെടുത്തത്. മൊബൈല്‍ ഫോണിന്റെ തൊട്ടടുത്തിരിക്കുന്ന 'മുട്ടവെള്ള'ത്തിന്റെ മാംസ്യ, വിസ്‌കസ് നിലകളില്‍ കാര്യമായ മാറ്റമുണ്ടാകുന്നുണ്ടെന്ന് ഇവര്‍ കണ്ടെത്തി. തെര്‍മോക്കോള്‍, ബ്ലഡ് ബാഗ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്ക്‌വികിരണത്തെ ചെറുക്കാന്‍ കഴിയുമെന്നും ശ്രീദേവി പറയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലാകുമ്പോള്‍ വികിരണതോത് താരതമ്യേന കുറവാണ്, ഇയര്‍ ഫോണ്‍, സ്​പീക്കര്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെ വികിരണദോഷം കുറയ്ക്കാം തുടങ്ങിയ അനുമാനങ്ങള്‍ രൂപപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ബാംഗ്ലൂര്‍ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിന്റെ മെട്രോ റെയില്‍ പദ്ധതി, ആന്ധ്രയിലെ വാറംഗല്‍ ശ്രീനിവാസ രാമാനുജം കണ്‍സെപ്റ്റ് സ്‌കൂള്‍ അവതരിപ്പിച്ച ബഹിരാകാശ കോളനി തുടങ്ങിയവയും കുട്ടികളുടെ ശാസ്ത്ര പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി.








MathrubhumiMatrimonial