SCIENCE CONGRESS

ഇന്റര്‍നെറ്റ് അധികം വേണ്ട, വിഷാദരോഗം വരാം

Posted on: 05 Jan 2010


തിരുവനന്തപുരം: ദിവസവും ആറുമണിക്കൂറിലേറെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വിഷാദരോഗമുള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധ പഠനം. കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയിലെ മനഃശ്ശാസ്ത്രവിഭാഗം അധ്യാപകന്‍ ജോണ്‍ മൈക്കേല്‍ രാജിന്റെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് നടത്തിയ പഠനം ചൊവ്വാഴ്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലെ നരവംശ ശാസ്ത്ര ചര്‍ച്ചാവിഭാഗത്തില്‍ അവതരിപ്പിച്ചു.

124 ഇന്റര്‍നെറ്റ് ഉപയോക്താക്കളെയാണ് സംഘം വിശദമായ പഠനത്തിന് വിധേയമാക്കിയത്. ദിവസവും ആറുമണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെ പ്രത്യേകം തരംതിരിച്ചുകൊണ്ടായിരുന്നു പഠനം. ഈ വിഭാഗത്തിന് മറ്റ് വിഭാഗത്തേക്കാള്‍ കാര്യമായ പെരുമാറ്റ വൈകല്യങ്ങളുണ്ടെന്ന് ഇവര്‍ കണ്ടെത്തി. ''ഇത്തരക്കാര്‍ ഇന്റര്‍നെറ്റിലേയ്ക്ക് ബന്ധം സ്ഥാപിക്കുമ്പോള്‍ സാധാരണജീവിതവുമായുള്ള ബന്ധം മുറിയ്ക്കുകയാണ്. അവര്‍ അവര്‍ക്കുവേണ്ടി സമാന്തരമായൊരു ലോകം സ്ഥാപിക്കുന്നു. ക്രമേണ ഏകാന്തത ഇഷ്ടപ്പെടുന്നവരായി അവര്‍ മാറുന്നു. ഈ ഇഷ്ടം പിന്നീട് വിഷാദരോഗത്തിലേയ്ക്ക് അവരെ വഴുതിയിറക്കുന്നു. അവര്‍ അവരുടെ സ്വത്വത്തിനെ പൊതുസമൂഹത്തില്‍ നിന്ന് മറച്ചുവയ്ക്കാനുള്ള മുഖംമൂടിയായി ഇന്റര്‍നെറ്റിനെ ഉപയോഗിക്കുകയാണ്'' -ജോണ്‍ മൈക്കേല്‍ രാജ് പറയുന്നു. ഇന്റര്‍നെറ്റ്, മനസ്സിനെ എപ്രകാരം സ്വാധീനിക്കുന്നതെന്ന് പഠിക്കുന്ന സൈബര്‍സൈക്കോളജി എന്ന വിഷയം ഇപ്പോള്‍ ഏറെ പ്രാധാന്യം നേടിവരുന്നതായും ജോണ്‍ മൈക്കേല്‍ രാജ് അറിയിച്ചു. ഓണ്‍ലൈന്‍ സ്വത്വം, ഓണ്‍ലൈന്‍ ബന്ധങ്ങള്‍, മനുഷ്യ-കമ്പ്യൂട്ടര്‍ ഇടപെടലുകള്‍ തുടങ്ങിയ പ്രമേയങ്ങള്‍ സൈബര്‍സൈക്കോളജി ചര്‍ച്ചചെയ്യുന്നുണ്ടെന്നും ജോണ്‍ മൈക്കേല്‍ രാജ് കൂട്ടിച്ചേര്‍ത്തു.



MathrubhumiMatrimonial