
2050ല്‍ മനുഷ്യര്‍ ചൊവ്വയിലും ചന്ദ്രനിലും താമസമാക്കും - കലാം
Posted on: 05 Jan 2010

തിരുവനന്തപുരം: 2050 ആകുമ്പോഴേക്കും മനുഷ്യര്‍ ചൊവ്വയിലും ചന്ദ്രനിലും താമസമുറപ്പിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് 'നമുക്കത് ചെയ്യാനാവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2020 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തെ എണ്ണംപറഞ്ഞ സാമ്പത്തികശക്തികളിലൊന്നായി മാറും. എന്നാല്‍, നമ്മുടെ അയല്‍ക്കാര്‍ക്ക് വികസനമില്ലാത്തതിനാല്‍ ഇന്ത്യക്ക് സമാധാനമുണ്ടാവില്ല. ഈ സാഹചര്യത്തില്‍ വികസനം സംബന്ധിച്ച ആഗോള കാഴ്ചപ്പാട് ആവശ്യമാണ്. 2050ല്‍ ഇന്ത്യയുടെ ജനസംഖ്യ ലോകത്തിന്റെ അഞ്ചിലൊന്നാവും. അതിനാല്‍ത്തന്നെ ലോകം എന്തു ചെയ്യണമെന്ന കാര്യം നിര്‍ണ്ണയിക്കാന്‍ നമുക്കാവും. ഈ സാഹചര്യത്തില്‍ വികസനം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഇന്ത്യക്കുണ്ടാവേണ്ടത് ആവശ്യമാണ്.
2050ല്‍ മനുഷ്യന്റെ അധിവാസകേന്ദ്രം വളര്‍ച്ച പ്രാപിക്കുന്നതിന്റെ ഭാഗമായാണ് ഭൂമിയും ചൊവ്വയും ചന്ദ്രനും ഉള്‍പ്പെടുന്ന പാര്‍പ്പിടസമുച്ചയം പരിഗണനയില്‍ വരുന്നത്. അപ്പോള്‍ എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വെള്ളം ലഭ്യമായിട്ടുണ്ടാവും. മണ്ണിനെ അനുദിനം സമ്പുഷ്ടമാക്കുന്ന കൃഷിരീതികളായിരിക്കും അവലംബിക്കുക. ഊര്‍ജ്ജം പൂര്‍ണ്ണമായും പാരമ്പര്യേതര പുനരുപയോഗ മാര്‍ഗ്ഗങ്ങളില്‍ നിന്നാവും. ജനങ്ങളുടെ ജീവിതം കാര്യമായി മെച്ചപ്പെടുത്തുന്ന വിധത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ വളര്‍ച്ച പ്രാപിക്കും. ആയുര്‍ദൈര്‍ഘ്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ പ്രതിരോധ ചികിത്സാ സംവിധാനം വന്‍വളര്‍ച്ച നേടും. ഹരിതഗേഹവാതകങ്ങളുടെ സന്തുലിതാവസ്ഥ കൈവരിക്കാനാവുകയും അതുവഴി കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഭീതി ഉന്മൂലനം ചെയ്യപ്പെടുമെന്നും കലാം പറഞ്ഞു.
ശാസ്ത്രരംഗത്തെ അനുഭവങ്ങള്‍, നല്ലതായാലും ചീത്തയായാലും പ്രയോജനപ്പെടുത്തി മുന്നേറാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്കു സാധിക്കണം. നിലവില്‍ ശാസ്ത്ര വികസനത്തില്‍ ലോകത്തെ ആറു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നാണു പറയുന്നത്. ഈ 'ആറാം രാജ്യ സിന്‍ഡ്രോം' പൊട്ടിച്ചെറിഞ്ഞ് മൂന്നാമതോ രണ്ടാമതോ ആയി ഉയരാന്‍ കഴിയണം. ഇന്ത്യന്‍ ശാസ്ത്രത്തില്‍ നിന്ന് ഉടലെടുത്ത സാങ്കേതികവിദ്യകളില്‍ കേന്ദ്രീകരിച്ചു നിന്നുള്ള ഗവേഷണത്തിലൂടെ ഇതു സാധിക്കും. ശാസ്ത്രത്തിന് അതിരുകളില്ല. അതിനാല്‍ത്തന്നെ സാമൂഹിക പുരോഗതിക്ക് സഹായിക്കുന്ന രീതിയില്‍ അടിസ്ഥാനശാസ്ത്ര ഗവേഷണം ശക്തിപ്പെടുത്തണം.
ശാസ്ത്ര കോണ്‍ഗ്രസ്സിന് പ്രത്യേക കര്‍മ്മപദ്ധതി ആവശ്യമാണെന്നും മുന്‍ രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. ഇവിടെയുണ്ടാവുന്ന ഗവേഷണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കുകയും അതിനുമേല്‍ തുടര്‍ ഗവേഷണങ്ങള്‍ നടത്തുകയും വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സി.എസ്.ഐ.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ.സമീര്‍ കെ.ബ്രഹ്മചാരി അദ്ധ്യക്ഷനായിരുന്നു. വി.എസ്.എസ്.സി. അസോസിയേറ്റ് ഡയറക്ടര്‍ ഡോ.വി.ആദിമൂര്‍ത്തി സംബന്ധിച്ചു.
