
സെന്‍സര്‍വാഴും സ്മാര്‍ട്ട് ഹോം
Posted on: 05 Jan 2010

ന്യൂസീലന്‍ഡിലെ മാസി സര്‍വകലാശാലയിലെ അദ്ധ്യാപകനാണ് സുഭാസ്. ന്യൂസീലന്‍ഡിലെ ജനങ്ങളില്‍ 35 ശതമാനത്തിലേറെ ഇപ്പോള്‍ത്തന്നെ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. 2020 ആകുമ്പോള്‍ അവരില്‍ പകുതിയുടെയും പ്രായം 65നു മുകളിലാവും. ഇത് അവരില്‍ ഉണര്‍ത്തിയിരുന്ന ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്ന ചില സംഭവങ്ങള്‍ അടുത്തിടെയുണ്ടായി -ഒരു വൃദ്ധ ദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ 13 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തി. മറ്റൊരു സംഭവത്തില്‍ വീട്ടിലെ വൃദ്ധനായ വാടകക്കാരന്‍ മരിച്ച വിവരം ഉടമ അറിഞ്ഞത് 10 ദിവസങ്ങള്‍ക്കു ശേഷമായിരുന്നു. ഇത്തരം പ്രതിസന്ധികള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാമെന്ന് സുഭാസ് ചിന്തിച്ചു. അതില്‍ നിന്ന് ഉടലെടുത്തതാണ് സെന്‍സറുകളിലൂടെ വീട്ടിനുള്ളിലെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഹോം എന്ന സങ്കേതം. ശരിക്കും 'സ്മാര്‍ട്ടായ' ഒരു വീട്.
സാധാരണഗതിയില്‍ വീട്ടിനുള്ളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ക്യാമറകളും ഇന്‍ഫ്രാറെഡ് സങ്കേതങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, സ്വകാര്യതയ്ക്കു മേലുള്ള കൈയേറ്റമെന്ന പേരില്‍ പലരും ഇത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. മാത്രമല്ല ഈ സംവിധാനത്തിന് ചെലവും കൂടുതലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാമറയില്ലാത്ത ചെലവു കുറഞ്ഞ സംവിധാനവുമായി സുഭാസ് വന്നത്. മികച്ച ഡിജിറ്റല്‍ സിഗ്‌നല്‍ പ്രൊസസ്സിങ് ക്രിയേറ്റീവ് ഡിസൈനിനുള്ള ആഗോള പുരസ്‌കാരം ഇതു സ്വന്തമാക്കുകയും ചെയ്തു.
ദൈനംദിന ജീവിതത്തിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് അടുപ്പ്, ടെലിവിഷന്‍, കുളിമുറിയിലെ ഷവര്‍, കിടക്ക തുടങ്ങിയവയില്‍ ചെറിയ സെന്‍സറുകള്‍ ഘടിപ്പിക്കുകയാണ് സുഭാസ് ചെയ്തത്. ഒരു വീട്ടിലെ സ്വീകരണമുറി, കിടപ്പുമുറി, അടുക്കള, കുളിമുറി എന്നിവയിലെല്ലാം പ്രത്യേകം രൂപപ്പെടുത്തിയ സെന്‍സറുകള്‍ ഉണ്ടാവും. വൈദ്യുതോപകരണങ്ങളില്‍ കറന്റ് സെന്‍സര്‍, ഷവറില്‍ വാട്ടര്‍ ഫ്‌ളോ സെന്‍സര്‍, കിടക്കയില്‍ ഫ്‌ളെക്‌സി ഫോഴ്‌സ് സെന്‍സര്‍ എന്നിവയാണ് ഘടിപ്പിക്കുക. കിടക്കയില്‍ തന്നെ ഒരു വ്യക്തി ഏതു രീതിയിലാണ് കിടക്കുന്നത് എന്നു നിരീക്ഷിക്കാനും ഈ സെന്‍സറിനു സാധിച്ചിരുന്നു. ആരോഗ്യവാനായ ഒരാളുംരോഗിയും കിടക്ക ഉപയോഗിക്കുന്ന രീതിയിലുള്ള വ്യത്യാസമായിരുന്നു ഈ സെന്‍സറിന്റെ പ്രവര്‍ത്തനത്തിന് ആധാരം.
സെന്‍സറുകള്‍ക്കു പുറമെ പവര്‍ സപ്ലൈ, റേഡിയോ ഫ്രീക്വന്‍സി മോഡ്യൂള്‍, മൈക്രോ പ്രൊസസര്‍, കറന്റ് ട്രാന്‍സ്‌ഫോമര്‍, സര്‍ക്യൂട്രി, ജി.എസ്.എം. സെല്ലുലാര്‍ മോഡം എന്നിവയടങ്ങുന്നതാണ് സ്മാര്‍ട്ട് ഹോം. നിരീക്ഷിക്കപ്പെടുന്ന വ്യക്തിയുടെ സ്വഭാവത്തിന്റെ സവിശേഷതകളും അതനുസരിച്ചുള്ള ചോദ്യങ്ങളും മൈക്രോപ്രോസസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. സെന്‍സറില്‍ നിന്നു ലഭിക്കുന്ന വിവരം ഉത്തരങ്ങളുമായി യോജിക്കുന്നില്ലെങ്കില്‍ സ്മാര്‍ട്ട് ഹോമിലെ ജി.എസ്.എം. സെല്ലുലാര്‍ മോഡം നിരീക്ഷിക്കപ്പെടുന്ന വ്യക്തിയുടെ ഉറ്റവരുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്. സന്ദേശമയയ്ക്കും. ആ സന്ദേശം ലഭിക്കുന്നയാള്‍ക്ക് ഓടിയെത്താനും സഹായം ലഭ്യമാക്കാനും സാധിക്കും. നിലവില്‍ സെന്‍സറുകളെയും മറ്റുപകരണങ്ങളെയും വയര്‍ മുഖേന ബന്ധിപ്പിക്കുന്ന രീതിയാണ് സുഭാസ് അവലംബിച്ചിട്ടുള്ളത്. സിഗ്ബീ, ബ്ലൂടൂത്ത്, വൈ ഫൈ, വൈ മാക്‌സ് തുടങ്ങിയ വയര്‍ലെസ് സങ്കേതങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
