SCIENCE CONGRESS

പേടിക്കേണ്ട, അടുത്തൊന്നും ലോകം അവസാനിക്കില്ല

Posted on: 05 Jan 2010


പ്രപഞ്ചം അതിവേഗം വികസിക്കുകയാണ്. 1400 കോടി വര്‍ഷം മുമ്പാണ് അതുണ്ടായത്. എന്നാല്‍ പ്രപഞ്ചം വികസിക്കുന്നതിന്റെ നിരക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല. കോബ് പദ്ധതിയുടെ അടുത്ത ലക്ഷ്യം അതാണ് - ജോണ്‍ സി. മാത്തര്‍


തിരുവനന്തപുരം: വമ്പന്‍ സുനാമി ആഞ്ഞടിച്ച് 2012ല്‍ ലോകം അവസാനിക്കുമെന്ന പ്രമേയം ചര്‍ച്ച ചെയ്യുന്ന കിടിലന്‍ ഹോളിവുഡ് ഫാന്റസി സിനിമ താന്‍ കണ്ടിട്ടില്ലെന്ന് ഡോ. ജോണ്‍ സി. മാത്തര്‍. കണ്ടാലും അദ്ദേഹം അതൊന്നും വിശ്വസിക്കുകയുമില്ല. പ്രപഞ്ചത്തിന്റെ അജ്ഞേയ മേഖലകളില്‍നിന്ന് യാത്രചെയ്തുവരുന്ന കോസ്മിക് കിരണങ്ങള്‍ പഠിക്കുമ്പോള്‍ തന്റെ മുമ്പില്‍ തെളിയുന്നത് ശുഭലക്ഷണങ്ങള്‍ തന്നെയാണെന്നാണ് മാത്തര്‍ പറയുന്നത്. ഇനി മാത്തര്‍ ആരെന്ന് പറയാം. അദ്ദേഹം സയന്‍സ് നോബല്‍ സമ്മാനജേതാവാണ്. പ്രപഞ്ചശാസ്ത്രജ്ഞനാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കുവേണ്ടി പുത്തന്‍ ബഹിരാകാശ ടെലിസ്‌കോപ് ഉണ്ടാക്കുന്ന വന്‍പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന പ്രതിഭാശാലിയാണ്.

സയന്‍സ് കോണ്‍ഗ്രസ്സിന്റെ സ്‌പേസ് സമ്മിറ്റില്‍ പ്രഭാഷണം നടത്താനെത്തിയ ജോണ്‍ സി. മാത്തര്‍ തന്റെ ദൗത്യത്തെക്കുറിച്ച് പറയുന്നു: ''തൊഴില്‍പരമായി ഞാനൊരു കോസ്‌മോളജിസ്റ്റാണ്. നാസയുടെ കോബ് സാറ്റലൈറ്റ് ഗവേഷണപദ്ധതിയുമായി ബന്ധപ്പെട്ടാണ് എനിക്ക് 2006-ലെ നോബല്‍സമ്മാനം ലഭിച്ചത്. പ്രപഞ്ചശാസ്ത്രം ഒരു നിഗമനശാസ്ത്രം എന്ന രീതി മാറ്റി കൃത്യമായ അളവിന്റെ ശാസ്ത്രമാണെന്ന് അരക്കിട്ടുറപ്പിച്ചത് കോബ് പദ്ധതിയാണ്. കോബ് എന്നാല്‍ കോസ്മിക് ബാക്ക്ഗ്രൗണ്ട് എക്‌സ്‌പ്ലോറര്‍. പ്രപഞ്ചോല്പത്തി സമയത്തുണ്ടായ കോസ്മിക് കിരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രപഞ്ചം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. 1400 കോടി വര്‍ഷം മുമ്പാണ് അതുണ്ടായതെന്നാണ് കോബ് പദ്ധതിയുടെ നിഗമനം. എന്നാല്‍ പ്രപഞ്ചം വികസിക്കുന്നതിന്റെ നിരക്ക് ഇതുവരെ കണ്ടെത്തിട്ടിയിട്ടില്ല. കോബ് പദ്ധതിയുടെ അടുത്ത ലക്ഷ്യം അതാണ്'' - മാത്തര്‍ പറയുന്നു.

കോബ് പദ്ധതിയുടെ ഒന്നാംഘട്ടത്തിനുശേഷം ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ് ഉണ്ടാക്കുന്ന പദ്ധതിയിലാണ് ഇപ്പോള്‍ മാത്തര്‍ പ്രവര്‍ത്തിക്കുന്നത്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നതിന് വ്യക്തമായ തെളിവുതന്ന ഹബ്ബിള്‍ ടെലിസ്‌കോപ്പ് പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ പകരം ഉപയോഗിക്കാനാണ് നാസ, ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ഉണ്ടാക്കുന്നത്. ''2014ല്‍ ഈ ടെലിസ്‌കോപ്പ് ഉപയോഗിക്കാനാവും. പ്രപഞ്ചത്തില്‍ ഇപ്പോഴും ദുര്‍ഗ്രഹമായ പലതിന്റെയും ഹേതുവായ തമോഊര്‍ജത്തെ (ഡാര്‍ക് എനര്‍ജി)ക്കുറിച്ച് പഠിക്കുകയാണ് ഈ പടുകൂറ്റന്‍ ബഹിരാകാശ ടെലിസ്‌കോപ്പിന്റെ ലക്ഷ്യം. അന്യഗ്രഹ ജീവികളുടെ സാന്നിധ്യമുണ്ടോ തുടങ്ങിയ സാങ്കല്പിക പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല'' - മാത്തര്‍ പറയുന്നു. 2012 എന്ന സിനിമയനുസരിച്ച് ലോകം അവസാനിക്കുകയാണെങ്കില്‍ താന്‍ ഉടന്‍ തന്നെ ഇന്‍ഷുറന്‍സ് പോളിസി തുകയ്ക്കുവേണ്ടി അപേക്ഷ നല്‍കിക്കഴിഞ്ഞേനെയെന്നും ഭാഗ്യവശാല്‍ അത്തരം പ്രശ്‌നങ്ങളൊന്നും ശാസ്ത്രകാരന്‍മാര്‍ ഇപ്പോള്‍ ഗൗരവത്തോടെയെടുക്കുന്നില്ലെന്നും മാത്തര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ചാന്ദ്രയാന്‍ പദ്ധതിയുമായി നാസ നല്‍കുന്ന സഹകരണം തുടരുമെന്നും കാനഡയിലേയും യൂറോപ്പിലേയും ബഹിരാകാശ ഏജന്‍സികള്‍ക്ക് നാസ ഇപ്രകാരം സഹായം നല്‍കുന്നുണ്ടെന്നും മാത്തര്‍ അറിയിച്ചു. പ്രശസ്ത പ്രപഞ്ചശാസ്ത്രകാരന്മാരായ സ്റ്റീഫന്‍ ഹോക്കിങ്ങിനും കാള്‍ സാഗനും ശേഷം, ആധുനികകാലത്ത് മഹാവിസ്‌ഫോടനസിദ്ധാന്തത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ ജോണ്‍ സി. മാത്തറെ ലോകത്തിലെ ഏറ്റവും സ്വാധീനശാലികളായ 100 വ്യക്തികളില്‍ ഒരാളായി 2007ല്‍'ടൈം' മാഗസിന്‍ തിരഞ്ഞെടുത്തിരുന്നു.





MathrubhumiMatrimonial