SCIENCE CONGRESS

ശാസ്ത്രപുരോഗതിക്ക് ചുവപ്പുനാട തടസ്സം-പ്രധാനമന്ത്രി

Posted on: 04 Jan 2010



More Photos
തിരുവനന്തപുരം: ചുവപ്പു നാടയും രാഷ്ട്രീയ ഇടപെടലും രാജ്യത്തെ ശാസ്ത്രപുരോഗതിയെ പിന്നോട്ടടിച്ചതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. 97-ാമത് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗവേഷണ, വികസന മേഖലകളില്‍ സ്വകാര്യ നിക്ഷേപം കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി. വി. രാമന്‍, മേഘനാഥ സാഹാ, ജെ. സി. ബോസ്, ഹോമി ബാബ, വിക്രം സാരാഭായ്, സതീഷ് ധവാന്‍ തുടങ്ങിയ ശാസ്ത്രജ്ഞരുടെ കാലഘട്ടം മുതല്‍ രാഷ്ട്രീയ ഇടപെടല്‍ ശാസ്ത്ര രംഗത്തുണ്ടെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നോബല്‍ സമ്മാന ജേതാവ് ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രീയ ഇടപെടലിലേക്ക് ശ്രദ്ധതിരിച്ചത്. പ്രാദേശിക രാഷ്ട്രീയ ഇടപെടലില്‍ നിന്നും ചുവപ്പുനാടയില്‍ നിന്നും കൂടുതല്‍ സ്വയംഭരണം ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമാണെന്നാണ് ഡോ. വെങ്കിട്ടരാമന്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ ശാസ്ത്രലോകത്തെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ നിന്നും സ്വജനപക്ഷപാതത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. എന്നാല്‍ മാത്രമേ, ശാസ്ത്രജ്ഞന്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും കഴിവുകള്‍ കെട്ടഴിച്ചു വിടാന്‍ പറ്റൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ജലവിഭവ മാനേജ്‌മെന്റ് മെച്ചപ്പെടുത്തേണ്ടതും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടതും ശാസ്ത്രസമൂഹം ശ്രദ്ധകേന്ദ്രീകരിക്കേണ്ട പ്രധാനപ്പെട്ട മേഖലകളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ടതും കൈയിലൊതുങ്ങുന്നതുമായ ആരോഗ്യസംരക്ഷണമാണ് 21-ാം നൂറ്റാണ്ട് നേരിടുന്ന വെല്ലുവിളി. മഹാമാരികളെ നേരിടാന്‍ നമ്മുടെ ശാസ്ത്ര കഴിവുകള്‍ ശക്തിപ്പെടുത്തണം. 20,000 മെഗാവാട്ട് സൗരോര്‍ജം 2020 -ഓടെ ഉത്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ജവാഹര്‍ലാല്‍ നെഹ്രു ദേശീയ സൗരോര്‍ജ മിഷന്‍ രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എല്ലാ ഐ.ഐ.ടികളെയും ഉള്‍പ്പെടുത്തി സൗരോര്‍ജ ഗവേഷണത്തിന് ഒരു പദ്ധതി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോപന്‍ഹേഗന്‍ കാലാവസ്ഥ ഉച്ചകോടിയുടെ അനന്തരഫലത്തില്‍ ആരും തൃപ്തരല്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 'ഇന്‍സ്​പയര്‍' പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ സ്‌കൂളില്‍ നിന്നും 10-നും 15-നുമിടയ്ക്ക് പ്രായമുള്ള ഒരു വിദ്യാര്‍ഥിക്ക് സയന്‍സ് അവാര്‍ഡ് നല്‍കും. ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകളുടെ മുല്യം ഉയര്‍ത്തുന്നതിനൊപ്പം, എല്ലാ ഗവേഷകര്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഒരു പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ 13 ശാസ്ത്രജ്ഞന്‍മാര്‍ക്ക് പ്രധാനമന്ത്രി വിതരണം ചെയ്തു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ പ്ലീനറി സമ്മേളനത്തിന്റെ രേഖകള്‍ അദ്ദേഹം പ്രകാശനം ചെയ്തു.
അടിസ്ഥാന ശാസ്ത്രപഠനത്തെ അവഗണിച്ച് ഐ. ടി. മേഖലയിലേക്ക് ചെറുപ്പക്കാര്‍ തിരിയുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാരുകള്‍ നിര്‍ണായകമായ പങ്കു വഹിക്കണം. ശാസ്ത്രഗവേഷണവും പഠനവും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണം -അദ്ദേഹം നിര്‍ദേശിച്ചു.

21-ാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച ശാസ്ത്ര-സാങ്കേതിക സഹമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

ഗവര്‍ണര്‍ ആര്‍. എസ്. ഗവായ്, കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനും ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ പ്രസിഡന്റുമായ ഡോ. ജി. മാധവന്‍ നായര്‍ സ്വാഗതവും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.






MathrubhumiMatrimonial