SCIENCE CONGRESS

ഭക്ഷ്യസുരക്ഷയ്ക്ക് ഭക്ഷ്യക്കലവറകളുടെ ദേശീയ ശൃംഖലവേണം - സ്വാമിനാഥന്‍

Posted on: 04 Jan 2010


തിരുവനന്തപുരം: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യക്കലവറകളുടെ ദേശീയ ശൃംഖല വേണമെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥന്‍. പത്തുലക്ഷം ടണ്‍ സംഭരണശേഷിയുള്ള 50 കലവറകള്‍ രാജ്യത്തുടനീളം സ്ഥാപിക്കണമെന്നാണ് സ്വാമിനാഥന്റെ നിര്‍ദ്ദേശങ്ങളിലൊന്ന്. കാലാവസ്ഥാവ്യതിയാനം ഇന്ത്യയിലെ ഭക്ഷ്യ - ജല സുരക്ഷ അപകടത്തിലാക്കും. തോക്കുകള്‍ കൈയിലുള്ള രാഷ്ട്രങ്ങള്‍ക്കല്ല, ധാന്യങ്ങള്‍ കൈയിലുള്ള രാഷ്ട്രങ്ങള്‍ക്കാണ് ഭാവി - അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ മുഖ്യവിഷയമായ 21-ാം നൂറ്റാണ്ടിലെ ശാസ്ത്രസാങ്കേതിക വെല്ലുവിളികളെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യസുരക്ഷയുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് ആസൂത്രണകമ്മീഷന്‍ അംഗം ഡോ. കസ്തൂരിരംഗനും അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ആദ്യദിനചര്‍ച്ചകളില്‍ മുന്നിട്ടുനിന്നത് കാലാവസ്ഥാ വ്യതിയാനത്തെയും ഭക്ഷ്യസുരക്ഷയെയും സംബന്ധിച്ച ആശങ്കകളായിരുന്നു.

അഭികാമ്യമായ താപനിലയില്‍ ഒരു ഡിഗ്രി കൂടിയാല്‍ ഇന്ത്യയിലെ ഗോതമ്പുത്പാദനത്തില്‍ വര്‍ഷം 60 ലക്ഷം ടണിന്റെ കുറവുണ്ടാവും. ഇപ്പോഴത്തെ വിലയനുസരിച്ച് ഇതുണ്ടാക്കുന്ന നഷ്ടം 130 കോടിയാണ്. ധാരാളം മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. ഒരു കൃഷിയിടത്തില്‍ ഒരു കുളവും ബയോഗ്യാസ് പ്ലാന്റും വേണം. സമഗ്രമായ ജീന്‍ പരിപാലന നയം രൂപപ്പെടുത്തണം. 20-ാം നൂറ്റാണ്ടില്‍ ഫോസില്‍ ഇന്ധനങ്ങളാണ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ 21-ാം നൂറ്റാണ്ടില്‍ പാരിസ്ഥിതിക സാങ്കേതിക വിദ്യയിലൂടെ ഭക്ഷ്യ - ജല സുരക്ഷയുണ്ടാക്കുന്ന രാഷ്ട്രങ്ങളാണ് സാമ്പത്തികമായി മുന്നേറാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും ആഗോള സാമ്പത്തിക മാന്ദ്യവും അവസരങ്ങളായി കണ്ട് ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയാണ് വേണ്ടതെന്ന് ഡോ. കസ്തൂരിരംഗന്‍ പറഞ്ഞു. സൗരോര്‍ജം പോലെ തിരഞ്ഞെടുത്ത മേഖലകളില്‍ കൂടുതല്‍ ശ്രദ്ധവേണം. ഇതിന് പൊതു - സ്വകാര്യ മേഖലകള്‍ കൂട്ടായി യത്‌നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. ജി. മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. എസ്. ഹെഗ്‌ഡേ, ആണവോര്‍ജവകുപ്പ് സെക്രട്ടറി ഡോ. എസ്. ബാനര്‍ജി എന്നിവര്‍ സംസാരിച്ചു.




MathrubhumiMatrimonial