
കലാശാലകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണം -പ്രധാനമന്ത്രി
Posted on: 04 Jan 2010

തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്ക് പരമാവധി അക്കാദമിക് സ്വാതന്ത്ര്യവും വഴക്കവും അനുവദിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശങ്ങളിലെ ഉന്നത സര്‍വകലാശാലകളില്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്നവരടക്കമുള്ള മികച്ച അധ്യാപകരെ ഇവിടേയ്ക്ക് കൊണ്ടുവരാനും നമ്മുടെ സര്‍വകലാശാലകള്‍ക്ക് കഴിയേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കാനുള്ള കഠിന ശ്രമത്തിലാണ് നമ്മള്‍. നളന്ദ സര്‍വകലാശാല സ്ഥാപിക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ വളരെ മുമ്പുകാലത്ത് പൂര്‍വേഷ്യയുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന വൈജ്ഞാനിക അക്കാദമിക് ബന്ധങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സഹായകമാകും.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സ്‌കോളര്‍ഷിപ്പുകള്‍ അടിസ്ഥാന വിഷയങ്ങളുടെ പഠനത്തിനും ഗവേഷണത്തിനുമാണ് നല്‍കുന്നതെന്നത് സന്തോഷകരമാണ്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളുടെ പഠനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യം കുറഞ്ഞുവരുന്ന പ്രവണതയില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ട്. 'ഇന്‍സ്‌പെയര്‍' പോലെയുള്ള നൂതന പദ്ധതികളിലൂടെ ഈ പ്രവണത തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. സയന്‍സില്‍ പ്രാഗത്ഭ്യം കാട്ടുന്ന 10-15 വയസ് പ്രായത്തിലുള്ള ഒരു ദശലക്ഷം വിദ്യാര്‍ഥികള്‍ക്ക് 5000 രൂപവീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ്. കേരള സര്‍ക്കാര്‍ ഇന്ന് ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതിയും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് അനുപൂരകമായ പദ്ധതിയാണ്.
'ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനവും പലപ്രമുഖരുടേയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇതിനായി ഒരു നിധി സ്വരൂപിക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. 'എന്റെ കോളേജ് വിദ്യാഭ്യാസ കാലത്തും സര്‍വകലാശാലാ വിദ്യാഭ്യാസ കാലത്തും ഇത്തരം സ്‌കോളര്‍ഷിപ്പുകളുടെ ഒരു ഗുണഭോക്താവായിരുന്നു ഞാന്‍'-പ്രധാനമന്ത്രി പറഞ്ഞു. ആറ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചത്.
