goodnews head

സേവനരംഗത്ത് മാതൃകയായി സെന്റ് ആല്‍ബര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍

Posted on: 01 Apr 2008


കൊച്ചി: സേവനരംഗത്ത് മാര്‍ഗദീപം തെളിക്കുകയാണ് സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ 'സെന്റ്റിനല്‍' സംഘടന. നിര്‍ധനരായവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്കുക എന്ന ദൗത്യവുമായാണ് സംഘടന രംഗത്ത് വന്നിട്ടുള്ളത്.

കോളേജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഘടനയാണ് 'സെന്റിനല്‍'. എല്ലാ ആഴ്ചയും നിര്‍ധനരായ ഒരാള്‍ക്ക് അരിയും സാധനങ്ങളും ശേഖരിച്ച് നല്കുന്ന 'ധാന്യവര്‍ഷി' എന്ന പദ്ധതിയും പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ നല്കുന്ന 'ക്ലോത്തേ ഹിസ് ചോസന്‍' എന്ന പദ്ധതിക്കുമാണ് സംഘടന പുതുതായി രൂപം നല്‍കിയിരിക്കുന്നത്. 'ധാന്യവര്‍ഷി' പദ്ധതിപ്രകാരം എല്ലാ ആഴ്ചയിലും ഒരു ദിവസം നിര്‍ധനരായ ഒരാളുടെ കുടുംബത്തിന് 50 കിലോ അരി, രണ്ട് കിലോ പരിപ്പ്, രണ്ട് കിലോ പയര്‍, സവാള തുടങ്ങിയവയാണ് നല്കുന്നത്. കോളേജിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കും ചിലപ്പോള്‍ ഈ സേവനം നല്കാറുണ്ട്.

ഇതുകൂടാതെ പാലാരിവട്ടം 'ലവ് ആന്‍ഡ് കെയര്‍' ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്ക് എല്ലാ തിങ്കളാഴ്ചയും പദ്ധതിയുടെ ഭാഗമായി അന്നദാനവും നടത്തുന്നുണ്ട്. 'ക്ലോത്തേ ഹിസ് ചോസന്‍' എന്ന വാക്കിന് അര്‍ഥം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരെ വസ്ത്രം ധരിപ്പിക്കൂക എന്നതാണെന്ന് സംഘടനയുടെ സ്ഥാപകനായ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനായ പി.വി. റാഫേല്‍ പറയുന്നു.

അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ശേഖരിക്കുന്ന വസ്ത്രങ്ങള്‍ പാവപ്പെട്ടവര്‍ക്ക് കൈമാറുന്ന പദ്ധതിയാണിത്. വര്‍ഷത്തില്‍ നാല് തവണ ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്ത്രം നല്കാനാണ് ഉദ്ദേശിക്കുന്നതെന്നും പി.വി. റാഫേല്‍ പറഞ്ഞു. രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടന ഒട്ടേറെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാ രണ്ടാമത്തേയും നാലാമത്തേയും ചൊവ്വാഴ്ച കോളേജില്‍ വിദ്യാര്‍ഥികള്‍ക്കും പുറത്തുള്ളവര്‍ക്കുമായി സൗജന്യ ഹോമിയോ ക്ലിനിക്ക് നടത്തുന്നുണ്ട്.

ഇതു കൂടാതെ 300ഓളം അംഗങ്ങളുള്ള ബ്ലഡ്ബാങ്കും സംഘടനയ്ക്ക് സ്വന്തമായുണ്ട്. എല്ലാ ബുധനാഴ്ചയും സംഘടനയുടെ ആഭിമുഖ്യത്തില്‍ സൗജന്യ സ്റ്റുഡന്റ്‌സ് കൗണ്‍സലിങ് സെന്ററും നടത്തിവരുന്നുണ്ട്. കോളേജിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഭാവി പദ്ധതിയെന്നും പി.വി. റാഫേല്‍ പറഞ്ഞു.

കോളേജ് മാനേജര്‍ ഫാദര്‍ ക്ലമന്റ് വള്ളുവശ്ശേരി, ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. ലെസ്ലി പള്ളത്ത്, പ്രിന്‍സിപ്പല്‍ പ്രൊഫ. റോബര്‍ട്ട് സ്റ്റാന്‍ലി, വൈസ്​പ്രിന്‍സിപ്പല്‍ ഡോ. ടൈറ്റസ് കൊറിയ, കൊമേഴ്‌സ് വിഭാഗം തലവന്‍ ഡോ. രാജഗോപാലന്‍ നായര്‍ എന്നിവരാണ് സംഘടനയ്ക്ക് മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നത്.

ശ്രീരാജ് ഓണക്കൂര്‍

 

 




MathrubhumiMatrimonial