goodnews head

സ്‌കൂള്‍തൊടിയിലെ ഇത്തിരിവട്ടത്ത് വിളവ് നൂറുമേനി

Posted on: 27 Nov 2007


എലപ്പുള്ളി: ക്ലാസ്മുറികള്‍ക്ക് പിന്നിലെ ഇത്തിരിമുറ്റത്ത് വിളഞ്ഞ 35 കിലോ പടവലവും 30 കിലോ പാവയ്ക്കയും വരാന്തയിലേക്ക് കൂട്ടിവെച്ചപ്പോള്‍ സ്‌കൂള്‍ യൂണിഫോമിലെത്തിയ 'കര്‍ഷകര്‍ക്ക്' സന്തോഷമടക്കാനായില്ല.സുനിലും സാജുവും യാസ്മിനുമൊക്കെ പടവലത്തിനും കയ്പയ്ക്കും വിലയിട്ടു.

എലപ്പുള്ളി ഗവ. എ.പി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിലെയും നാഷണല്‍ ഗ്രീന്‍ കോര്‍പ്‌സിലെയും അംഗങ്ങളായ കുട്ടികളാണ് സ്‌കൂളിന് പിന്നില്‍ കാടുപിടിച്ച് കിടന്ന സ്ഥലത്ത് പച്ചക്കറികൃഷി നടത്തിയത്. പരീക്ഷണമെന്നോണം ചീര വിത്തിടുകയായിരുന്നു. ഒരുതരി വളം ചേര്‍ക്കാതെ വളര്‍ന്നുപൊങ്ങിയ ചീര അധ്യാപകര്‍ മത്സരിച്ചാണ് വാങ്ങിക്കൊണ്ടുപോയത്. ഇതില്‍നിന്നുള്ള വരുമാനം ജൈവകൃഷിക്കുള്ള മുടക്കുമുതലായി. മൂന്നുമാസം മുമ്പാണ് കൃഷി തുടങ്ങിയത്.

ആണ്‍കുട്ടികള്‍ നിലംകിളച്ച് തടമെടുത്തു. പെണ്‍കുട്ടികള്‍ കളപറിക്കലും മറ്റുപണികളും ചെയ്തു. 'കീടബാധയ്ക്ക് പുകയിലക്കഷായം, പിന്നെ വേപ്പിലക്കഷായം...ജൈവകൃഷി വിദഗ്ദ്ധരെപ്പോലെ ദിവ്യശ്രീയും അഞ്ജലിയും നീതുവും ശ്രുതിയും ഇന്ദുവുമടങ്ങുന്ന സംഘം വിവരണം നടത്തി. നാട്ടില്‍ ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ തങ്ങള്‍ പുകയില ക്കഷായവും വേപ്പിലക്കഷായവുമൊക്കെ ഉണ്ടാക്കി ക്കൊടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാര്‍ഥികളായ സജീവും നിയാസുമെല്ലാം. കുട്ടികള്‍ക്ക് കൃഷിയോട് ആഭിമുഖ്യം വളര്‍ത്താനായതുതന്നെയാണ് ഇതിന്റെ നേട്ടമെന്ന് അധ്യാപകനായ എം.ജി.പ്രസാദ് പറഞ്ഞു.

രാവിലെ ഒമ്പതരവരെയും വൈകുന്നേരം സ്‌കൂള്‍ വിട്ടശേഷം സന്ധ്യമയങ്ങുംവരെയും കുട്ടികള്‍ ചെടിനനയ്ക്കലും തടമെടുക്കലുമായി സജീവമായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഷൈലാറാം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി രാത്രി കാവലിനും കുട്ടികളെത്തി. പാവലിന്റെയും പടവലത്തിന്റെയും പന്തലിനുകീഴില്‍ പഠനവും നടന്നു. സ്‌കൂളിന് മുന്‍വശത്തുള്ള കുളത്തില്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ 3000 മീന്‍കുട്ടികളെയും ജൈവരീതിയില്‍ വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.

 

 




MathrubhumiMatrimonial